ചളിയും വെള്ളക്കെട്ടും നീക്കുന്നില്ല; അപകടങ്ങൾ തുടർക്കഥ
text_fieldsചന്തിരൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ അപകടങ്ങളൊഴിഞ്ഞ ദിവസങ്ങളില്ല. ചന്തിരൂർ സെൻറ് മേരീസ് പള്ളിയുടെ മുന്നിൽ നിന്ന് ആരംഭിക്കുന്ന പഴയ റോഡിലൂടെ എടുക്കാൻ ശ്രമിച്ച നിരവധി വണ്ടികൾ കാനയിൽ വീണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്.
ദീർഘദൂര ബസുകളും വലിയ ലോറികളും ട്രെയിലറുകളും അപകടത്തിൽപ്പെടുന്നു. കുമർത്തുപടി അമ്പലത്തിന്റെ സമീപത്തും യൂനിയൻ ബാങ്കിന്റെ മുന്നിലും നിരവധി വാഹനങ്ങളാണ് റോഡിലെ കുഴികളിൽ വീണ് സഞ്ചാരം അവസാനിപ്പിക്കേണ്ടി വന്നത്. ഇവിടത്തെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ കാന ശുചീകരിച്ചാൽ മതിയാകും.
എന്നാൽ, ഇതിനുള്ള കാന ശുചീകരിച്ച് വെള്ളം റോഡിൽനിന്ന് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ നിർമാണ കമ്പനി നടത്തുന്നില്ല. കുഴിയിൽ പെട്ടുപോകുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് ഉടൻ റോഡിൽ നിന്നും മാറ്റാനുള്ള നടപടിയും കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.
നാട്ടുകാർ ഇടപെട്ട ശേഷമാണ് പലപ്പോഴും ചരക്കു വാഹനങ്ങൾ ചെളിയിൽ നിന്ന് പൊക്കിയെടുക്കാൻ കരാർ കമ്പനി യന്ത്രങ്ങൾ വിട്ടുകൊടുക്കുന്നത്. രണ്ടുമാസം മുമ്പ് അരൂർ ഗ്രാമപഞ്ചായത്തുമായി ഉണ്ടാക്കിയ കരാറിൽ കമ്പനി റോഡിലെ ചെളിയും വെള്ളവും നീക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ വാഹനങ്ങൾക്ക് ദുരിതമാകുന്ന ചെളി നീക്കം ചെയ്യാൻ ഇപ്പോഴും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.