വഴിയോരത്തെ മരങ്ങൾ വിനയായി; തലവടിയിൽ രണ്ട് അപകടം, യുവതിക്ക് പരിക്ക്
text_fieldsഎടത്വ: വഴിയോരത്തെ മരങ്ങൾ യാത്രക്കാർക്ക് വിനയായി. തലവടിയിൽ രണ്ട് വ്യത്യസ്ത അപകടം. ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളിൽ ഓലമടൽ വീണും കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണുമാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തലവടി കൊച്ചമ്മനം കലുങ്കിന് സമീപം സ്കൂട്ടറിന് മുകളിൽ തെങ്ങോല വീണ് ഹെൽമറ്റ് പൊട്ടിയാണ് തലവടി സ്വദേശി ശ്രീലക്ഷ്മിക്ക് പരിക്കേറ്റത്. തലയിൽ ആഴത്തിലുള്ള മുറിവേറ്റതിനെ തുടർന്ന് എടത്വ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ വിഷ്ണുവിനൊപ്പം ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.
മറ്റൊരു അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിലേക്ക് മരത്തിന്റെ ചില്ല അടർന്നുവീണു. തലവടി പഞ്ചായത്ത് ജങ്ഷന് സമീപത്താണ് അപകടം. തിരുവല്ലയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിന് മുന്നിലാണ് ചില്ല വീണത്. തകഴിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി ശിഖരം മുറിച്ചുമാറ്റിയ ശേഷമാണ് സർവിസ് പുനരാരംഭിച്ചത്.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ തണൽമരങ്ങൾ യാത്രക്കാർക്കും സമീപ താമസക്കാർക്കും ഭീഷണിയാണ്. ആഴ്ചകൾക്ക് മുമ്പ് കേളമംഗലം പഴയ ഗ്യാസ് ഏജൻസിക്ക് സമീപം നിന്ന മരങ്ങൾ വീണ് രണ്ട് വീടിന്റെ ഗേറ്റും നെറ്റ് വേലിയും വാഴകൃഷിയും നശിച്ചിരുന്നു. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന ശിഖരങ്ങൾ വെട്ടിമാറ്റിയില്ലെങ്കിൽ വൻഅപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് യാത്രക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.