വനിത ഇൻസ്പെക്ടറെ ആക്രമിച്ച പ്രതികൾക്ക് ഏഴുവർഷം തടവ്
text_fieldsചാരുംമൂട്: ആഭിചാരക്രിയകളും രാത്രി പൊതുശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത പൊലീസ് ഇൻസ്പെക്ടറെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. നൂറനാട് പാലമേൽ ഉളവുക്കാട് വൻമേലിത്തറയിൽ ആതിര (26), മാതാവ് ശോഭന (50), ശോഭനയുടെ സഹോദരി രോഹിണി (48) എന്നിവരെയാണ് മാവേലിക്കര അഡീഷനൽ ജില്ല സെഷൻസ് കോടതി മൂന്ന് ജഡ്ജി എസ്.എസ്. വീണ ശിക്ഷിച്ചത്. 2016 ഏപ്രിൽ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം.
പാലമേൽ ഉളവുക്കാട് ഭാഗത്ത് വൻമേലിത്തറ വീട്ടിൽ ആഭിചാരക്രിയകളും രാത്രി പൊതുശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നതായി നാട്ടുകാർ കലക്ടർക്ക് പരാതി നൽകിയിരുന്നു. കലക്ടറുടെ നിർദേശപ്രകാരം അന്വേഷണത്തിനെത്തിയ ആലപ്പുഴ വനിത സെൽ ഇൻസ്പെക്ടർ മീനാകുമാരിയെയും വനിത പൊലീസ് ഉദ്യോഗസ്ഥ ലേഖയെയും ആതിരയും ശോഭനയും രോഹിണിയും ചേർന്ന് കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇൻസ്പെക്ടറുടെ വലതു കൈവിരൽ ഒടിഞ്ഞു. പരിക്കേറ്റ ഇരുവരെയും നൂറനാട് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി ആതിരയെ സംഭവ ദിവസംതന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി. ശ്രീകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. സന്തോഷ്, ഇ. നാസറുദ്ദീൻ, കെ. സജികുമാർ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.