ഓടിക്കൊണ്ടിരുന്ന ടാങ്കറിൽനിന്ന് ആസിഡ് ചോർന്നു
text_fieldsഅരൂർ: ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽനിന്ന് ആസിഡ് ചോർന്നത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാവിലെ ദേശീയപാതയിൽ ചന്തിരൂർ പാലത്തിന് സമീപമായിരുന്നു സംഭവം. റോഡിൽ ആസിഡ് ഒഴുകിപ്പരന്നു.
ലോറി ഡ്രൈവറുടെയും പൊലീസിന്റെയും അഗ്നിരക്ഷ സേനയുടെയും സമയോചിത ഇടപെടലിലൂടെ ആസിഡ് നിർവീര്യമാക്കിയതുമൂലം വൻ അത്യാഹിതമൊഴിവായി. കൊച്ചിയിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽനിന്ന് കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കറിൽ നിന്നാണ് ആസിഡ് ചോർന്നത്. ചന്തിരൂർ പാലമിറങ്ങുമ്പോൾ ലോറിയുടെ അടിഭാഗം തട്ടി ടാങ്കിന്റെ വാൽവു പൊട്ടിയതാണ് ആസിഡ് ചോരാൻ കാരണമായത്. ആസിഡ് റോഡിൽ വീണ് പുക ഉയരാൻ തുടങ്ങിയതോടെ ഭയന്ന ആളുകൾ ഓടി രക്ഷപ്പെടുകയും കടകൾ അടക്കുകയും ചെയ്തു.
ടാങ്കിൽ 30 ശതമാനംമാത്രമേ ആസിഡുണ്ടായിരുന്നുള്ളു. ചോർച്ച കണ്ടയുടൻ ഡ്രൈവർ അടുത്തുള്ള ശാന്തിഗിരിയുടെ സ്ഥാപനത്തിലുള്ള വെള്ളമുപയോഗിച്ച് ആസിഡ് നിർവീര്യമാക്കുകയും വാൽവ് പൂട്ടുകയും ചെയ്തു. തുടർന്ന് ദേശീയപാതയിൽനിന്ന് ഒഴിഞ്ഞ പറമ്പിലേക്ക് ടാങ്കർ ഓടിച്ചു മാറ്റി.
ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതസ്തംഭനം ഉണ്ടായി. അരൂർ എസ്.ഐ ഹാരോൾഡ് ജോർജ്, എ.എസ്.ഐ ബഷീർ എന്നിവർ രക്ഷാപ്രവർത്തനത്തിനും ഗതാഗത നിയന്ത്രണത്തിനും നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.