ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കൽ: നഷ്ടപരിഹാര വിതരണം നിലച്ചിട്ട് ഒരുമാസം
text_fieldsഹരിപ്പാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കാനുള്ള നഷ്ടപരിഹാര വിതരണം ജില്ലയിൽ തടസ്സപ്പെട്ടിട്ട് ഒരുമാസം. ഏപ്രിലിൽ ഒരു രൂപപോലും വിതരണം ചെയ്യാനായിട്ടില്ല. 2862 ഭൂവുടമകൾക്ക് ലഭിക്കേണ്ട 1000 കോടി രൂപ ട്രഷറിയിലെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി മാർച്ച് 31ന് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഉത്തരവിട്ടു. ഈ തുക ഭൂവുടമകൾക്ക് ലഭിക്കണമെങ്കിൽ പ്രത്യേകം ഉത്തരവിറക്കണം. ഇതിന് കാലതാമസം നേരിടുന്നതാണ് വിതരണം വൈകാൻ കാരണം.
ഉടമകൾ സമർപ്പിച്ച രേഖകൾ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പണം ട്രഷറിയിലേക്ക് മൊത്തമായി മാറ്റിയത്. ഇനി ഓരോ ഭൂവുടമക്കും ലഭിക്കേണ്ട നഷ്ടപരിഹാരത്തുക മാറ്റുന്നതായി പ്രത്യേകം ഉത്തരവ് ഇറക്കണം. ഏപ്രിൽ ഒന്നിനുശേഷം ഭൂമിയേറ്റെടുക്കൽ വിഭാഗം ഓഫിസുകളിൽ ഇതിന് ജോലി നടക്കുകയാണ്. തുക മാറ്റിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചശേഷം ഉടമക്ക് തുക കൈമാറാനായി വീണ്ടും ഉത്തരവിറക്കേണ്ടിവരും. ഇതിനും കാലതാമസമുണ്ടാകുന്നതാണ് നഷ്ടപരിഹാര വിതരണം വൈകാൻ കാരണം. മാർച്ച് 31ന് മുമ്പ് നഷ്ടപരിഹാരവിതരണം പൂർത്തിയാക്കാൻ കലക്ടറേറ്റ് കേന്ദ്രീകരിച്ച് ദ്രുതകർമസേന രൂപവത്കരിച്ചിരുന്നു.
മാർച്ച് അവസാനം 3498 പേർക്ക് 1,476 കോടിരൂപ കൈമാറാനായിരുന്നു ശ്രമം. എന്നാൽ, 636 ഭൂവുടമകൾക്കായി 255 കോടി രൂപ കൈമാറാനേ കഴിഞ്ഞുള്ളൂ. ദേശീയപാതക്ക് ഭൂമിയും കെട്ടിടങ്ങളും വിട്ടുകൊടുക്കേണ്ടിവരുന്നവരിൽ ഒരുവിഭാഗം നഷ്ടപരിഹാരത്തിന് വർഷങ്ങളായി കാത്തിരിക്കുകയാണ്. കിടപ്പാടം നഷ്ടമാകുന്നവർ മറ്റിടങ്ങളിൽ സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകി കരാറെഴുതിയിട്ടുണ്ട്. പലരുടെയും കരാർ കാലാവധി കഴിഞ്ഞിട്ടും പണം കൊടുക്കാനായിട്ടില്ല. ജില്ലയിലെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ 3056 കോടി രൂപ ദേശീയപാത അതോറിറ്റി കൈമാറിയിട്ടുണ്ട്. 7633 പേരിൽനിന്നാണ് ഭൂമിയേറ്റെടുക്കുന്നത്. ഇത്രയും പേർക്ക് നഷ്ടപരിഹാരം നൽകാൻ 3000 കോടി രൂപ മതിയാകും. സ്ഥലം ഏറ്റെടുക്കലിന് ആദ്യ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മുതൽ നഷ്ടപരിഹാരത്തുക പാസാകുന്നതുവരെ ഭൂമിയുടെ അടിസ്ഥാന വിലയിൽ 12 ശതമാനം പലിശ ലഭിക്കേണ്ടതാണ്. എന്നാൽ, തുക മാറ്റിവെക്കാൻ മാർച്ച് 31ന് ഉത്തരവിറക്കിയതിനാൽ ഇനി പലിശ ലഭിക്കില്ലെന്ന നഷ്ടവുമുണ്ട് ഭൂമി നൽകാൻ കാത്തിരിക്കുന്നവർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.