ജി. സുധാകരനെതിരെ സമ്മേളനകാലത്ത് നടപടി പാർട്ടിയിൽ അമർഷം
text_fieldsആലപ്പുഴ: പതിവിനു വിപരീതമായി സി.പി.എം സമ്മേളനകാലയളവിൽ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ നടപടിയെടുത്തതിൽ ഒരുവിഭാഗത്തിന് കടുത്ത അമർഷം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരിൽ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് പാർട്ടിക്കുള്ളിൽ ഒതുങ്ങുന്ന ശാസനയാകുമെന്നാണ് ഒപ്പമുണ്ടായിരുന്നവർ കരുതിയിരുന്നത്. അതിനിടെ, അമ്പലപ്പുഴ ഒഴികെ മറ്റ് മണ്ഡലങ്ങളിൽ സമ്മേളനങ്ങളിലും സജീവമായി പങ്കെടുത്തു. തണ്ണീർമുക്കം, കായംകുളം, മങ്കൊമ്പ്, മാന്നാർ അടക്കം സ്ഥലങ്ങളിൽ ഉദ്ഘാടകനായിട്ടാണ് സുധാകരൻ പങ്കെടുത്തത്. ഈഘട്ടത്തിൽ സുധാകരനെതിരെ പരസ്യശാസന നടപടിയെടുത്തത് ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
പരാതി നൽകിയ എച്ച്. സലാം അടക്കം ഔദ്യോഗികപക്ഷ നേതാക്കൾ സമ്മേളനത്തിൽ ഈ വിഷയം ചർച്ചയാകില്ലെന്നും വിഭാഗീയതയുണ്ടാകില്ലെന്നുമാണ് വിലയിരുത്തുന്നത്. എന്നാൽ, വിഷയം ചർച്ചയാക്കാനാണ് സുധാകരപക്ഷത്തിെൻറ തീരുമാനം.
മറ്റ് ജില്ലകളിലെ നടപടി വെച്ചുനോക്കുേമ്പാൾ പരസ്യശാസന വലിയ നടപടിയല്ലെങ്കിലും രണ്ടുപതിറ്റാണ്ടിലേറെയായി ആലപ്പുഴയിൽ നിറസാന്നിധ്യമായിരുന്ന സുധാകരെൻറ പ്രവർത്തനത്തെ ഇത് ബാധിക്കും.
ഒരുകാലത്ത് ജി. സുധാകരൻ എടുക്കുന്ന നിലപാടുകൾക്കൊപ്പമായിരുന്നു പാർട്ടി നിലകൊണ്ടത്. മന്ത്രിയായിരുന്ന കാലത്ത് ഐസക്-സുധാകരൻ പക്ഷങ്ങൾ തമ്മിൽ പോർവിളിയുണ്ടായപ്പോഴും സി.പി.എം സുധാകരനൊപ്പമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് അപ്രമാദിത്വം കൈവിട്ടുപോയത്. അച്ചടക്ക നടപടിക്ക് വിധേയമായശേഷം അത് എങ്ങനെ പ്രതിഫലിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാന നേതൃത്വത്തിെൻറ പിന്തുണതോടെ ജി. സുധാകരൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി നിലകൊള്ളുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സി.പി.എം ലോക്കൽ സമ്മേളനം പുരോഗമിക്കുന്ന ഘട്ടത്തിൽ ജി. സുധാകരെൻറ ഭാഗത്തുനിന്ന് വിമർശനമുണ്ടായാൽ ബ്രാഞ്ച് മുതൽ ജില്ല കമ്മിറ്റിവരെ ഘടകങ്ങളിൽ വലിയ ചർച്ചയാകും. അത് വ്യക്തിപരമായി തന്നെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് സുധാകരെൻറ ഇപ്പോഴത്തെ നീക്കമെന്നും പറയപ്പെടുന്നു.
അമ്പലപ്പുഴയിൽ ഇടതുസ്ഥാനാർഥി എച്ച്. സലാമിനെ തോൽപിക്കാൻ ശ്രമിച്ചെങ്കിലും വിജയത്തിനുവേണ്ടി നേതാവ് എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെന്നതടക്കം സുധാകരനെതിരെ 22 ആക്ഷേപങ്ങളാണ് അന്വേഷണ കമീഷൻ കണ്ടെത്തിയത്. രണ്ടാം തവണയാണ് ജി. സുധാകരൻ അച്ചടക്കനടപടിക്ക് വിധേയനാകുന്നത്.
ആലപ്പുഴ ജില്ലയിലെ രൂക്ഷമായ വിഭാഗീയതയുടെ പേരിൽ 2002ൽ ജില്ല സെക്രട്ടറി പദവിയിൽ ഇരുന്നപ്പോഴാണ് ആദ്യനടപടി. അന്ന് എം.എ. ബേബിക്കാണ് ജില്ല സെക്രട്ടറിയുടെ ചുമതല നൽകിയത്. ആലപ്പുഴ ജില്ല സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നുവെന്ന വിലയിരുത്തലിൽ നേതാക്കൾക്കെതിരെ കൂട്ടനടപടിയുണ്ടായി. ജി. സുധാകരനെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് തരം താഴ്ത്തി. 2005ൽ മലപ്പുറം സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.