സ്കൂൾമുറ്റം കണ്ണീർക്കടലായി; ഫയാസിന് യാത്രാമൊഴിയേകി ആയിരങ്ങൾ
text_fieldsആലപ്പുഴ: മതിലിടിഞ്ഞ് വീണ് മരിച്ച ലജ്നത്തുൽ മുഹമ്മദിയ ഒമ്പതാംക്ലാസ് വിദ്യാർഥിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ആലപ്പുഴ ആറാട്ടുവഴി അന്തേക്ക്പറമ്പിൽ വീട്ടിൽ അലി അക്ബർ-ഹസീന ദമ്പതികളുടെ ഏകമകൻ അൽഫയാസാണ് (13) നാടിന്റെ നൊമ്പരമായി മാറിയത്. ബുധനാഴ്ച രാത്രി 7.30ന് ആറാട്ടുവഴിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ അയൽവാസിയുടെ അഞ്ചരയടി ഉയരമുള്ള അപകടാവസ്ഥയിലുള്ള സിമന്റ് നിർമിത മതിൽ അൽഫയാസിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് നോർത്ത് പൊലീസ് കേസെടുത്തു.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഫയാസിന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയാണ് സ്കൂൾ മുറ്റത്തേക്ക് കൊണ്ടുവന്നത്. ലജ്നത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്ന ആയിരങ്ങളുടെ ഇടയിലേക്ക് ചേതനയറ്റ അവൻ വീണ്ടുമെത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതുവരെ ദുഃഖം അടക്കിപ്പിടിച്ച സഹപാഠികളും കൂട്ടുകാരും നിയന്ത്രണംവിട്ട് കരഞ്ഞു.
സല്യൂട്ടിനായി യൂനിഫോമിൽ നിലയുറപ്പിച്ച കൂട്ടുകാരായ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും വിങ്ങിപ്പൊട്ടി. ഫയാസിന്റെ ഓർമകൾക്ക് മുന്നിൽ അധ്യാപകരുടെ വിതുമ്പലും ഹൃദയഭേദകമായി. മഴക്കെടുതിയിൽ ജില്ലയിൽ സ്കൂളുകൾക്ക് അവധിയായിട്ടും വിദ്യാലയമുറ്റത്തും പരിസരത്തും വൻജനാവലിയാണ് എത്തിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മയ്യിത് നമസ്കാരത്തിന് സ്കൂൾ മാനേജർ എ.എം. നസീർ നേതൃത്വം നൽകി. പിന്നാലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ സല്യൂട്ട് നൽകി അന്തിമോപചാരം അർപ്പിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, കലക്ടർ അലക്സ് വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ ടി.എ. അഷ്റഫ് കുഞ്ഞ് ആശാൻ, ഹെസ്മിസ്ട്രസ് ഇ. സീന, പി.ടി.എ പ്രസിഡന്റ് ഷാജി ജമാൽ എന്നിവരടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
ക്ലാസ് ടീച്ചർ സനൂജ അടക്കമുള്ള അധ്യാപകരെയും സഹപാഠികളെയും ആശ്വസിപ്പിക്കാൻ കൂടെയുള്ളവർ ഏറെ പാടുപെട്ടു. അരമണിക്കൂറിലേറെ നീണ്ട പൊതുദർശനശേഷം പ്രാർഥനനിർഭരമായി മൃതദേഹം ഹാളിൽനിന്ന് പുറത്തേക്ക് എടുത്തപ്പോൾ കണ്ണീർ പെരുമഴയായി. വീടിന് സമീപത്തെ ആറാട്ടുവഴി സെന്റ് ജോസഫ്സ് ചർച്ച് പാരിഷ് ഹാളിലും പൊതുദർശനമുണ്ടായിരുന്നു.
സംഭവമറിഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അർബുദരോഗിയായ മാതാവ് ഹസീന. മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു.
മൂവർസംഘത്തിലെ ‘ചങ്ക്’ ഫയാസ് ഇനി ഓർമ
ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയ സ്കൂളിലെ ഒമ്പതാംക്ലാസിലെ മൂവർസംഘത്തിന്റെ ‘ചങ്ക്’ ഫയാസായിരുന്നു. ബി ഡിവിഷനിലെ ഒരേ ബെഞ്ചിലിരുന്നാണ് അൽഫയാസ്, ഇഹ്ലാസ്, റിസ്വാൻ എന്നിവർ പഠിച്ചിരുന്നത്. എപ്പോഴും ഒന്നിച്ചാണ് ഇവരുടെ നടത്തവും പഠനവുമെല്ലാം. സ്കൂൾ വിട്ടാലും അതുണ്ടാകും. ട്യൂഷൻ കഴിഞ്ഞ് തിരികെ വീട്ടിൽ കൊണ്ടാക്കിയത് റിസ്വാനായിരുന്നു.
സൈക്കിളിൽ വീട്ടിനടുത്തുള്ള വഴിയിൽ ഇറക്കിയശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ഞെട്ടിപ്പിച്ച അപകടമുണ്ടായത്. ഭീതി വിട്ടുമാറിയില്ലെങ്കിലും അവസാനമായി സുഹൃത്തിനെ കാണാൻ ഇഹ്ലാസും റിസ്വാനും സ്കൂളിലെത്തി.
സ്റ്റുഡന്റ് പൊലീസ് കാഡറ്റായ അൽഫയാസ് ബുധനാഴ്ച നടന്ന ലഹരിവിരുദ്ധ സൈക്കിൾ റാലിയിലും പങ്കെടുത്തിരുന്നു. പൊലീസ് ക്ലബിൽ നടന്ന പരിപാടിക്കുശേഷം സ്കൂളിലെത്തി ഏറെ സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.
കനത്ത മഴയായതിനാൽ മഴക്കോട്ടും കുടയുമായിട്ടാണ് ട്യൂഷൻ സെന്ററിലേക്ക് പോയത്. അത് അവസാന യാത്രയാകുമെന്ന് ആരും കരുതിയില്ല.
അപകടകരമായി നിൽക്കുന്ന മരങ്ങളും നിർമിതികളും നീക്കും -എം.എൽ.എ
ലോക്കൽലീഡിനൊപ്പം ചേർക്കാൻ താൽപര്യം
ആലപ്പുഴ: മണ്ഡലത്തിലെ അപകടകരമായി നിൽക്കുന്ന മരങ്ങളും നിർമിതികളും നീക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പാതിരപ്പള്ളിയിലും ആറാട്ടുവഴിയിലും നടന്ന അപകട മരണങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതിലിടിഞ്ഞ് വീണ് മരിച്ച അൽഫയാസ്, മഴയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച കേബിൾ ടി.വി ഓപ്പറേറ്റർ പി. പ്രതീഷ് എന്നിവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്.ൽ നിന്ന് നാലുലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ പ്രത്യേക ധനസഹായവും ലഭ്യമാക്കും. ശവക്കോട്ടപ്പാലം മുതൽ ബാപ്പുവൈദ്യർ ജങ്ഷൻ വരെ അപകടകരമായി നിൽക്കുന്ന മരങ്ങളും വൈദ്യുതിപോസ്റ്റുകളും കേബിളുകളും നീക്കും.
യോഗത്തിൽ കലക്ടർ അലക്സ് വർഗീസ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പി. സാജൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.സി. സജീവ് കുമാർ, ജില്ല ഫയർ ഓഫിസർ എൻ. രാമകുമാർ, ജില്ല ഫോറസ്റ്റ് ഓഫിസർ ഫെൻ ആന്റണി, അമ്പലപ്പുഴ തഹസിൽദാർ ജി. സന്തോഷ്, മുനിസിപ്പൽ സെക്രട്ടറി മുംതാസ്, കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എൻജിനീയർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപകടമതിലിനെതിരെ നേരത്തെയും പരാതി; കണ്ണടച്ച് അധികൃതർ
ജീവനെടുത്ത മതിൽ ഇന്ന് പൊളിക്കും
ആലപ്പുഴ: ജീവന് ഭീഷണിയായി ഒരുവശത്തേക്ക് ചെരിഞ്ഞുനിന്ന അപകടമതിലിനെതിരെ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് പരാതി. വിദ്യാർഥിയുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ നാട്ടുകാർ സംഘടിച്ചെത്തിയത് നേരിയ സംഘർഷത്തിന് കാരണമായി.
അൽഫയാസിന്റെ മരണത്തിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധമുയർന്നു. രാത്രിയിൽ സംഘടിച്ചെത്തിയ നാട്ടുകാർ രണ്ട് സ്ത്രീകൾ താമസിക്കുന്ന അയൽവീട്ടിലേക്ക് എത്തിയെങ്കിലും അവർ അവിടെനിന്ന് മാറിയിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. അഞ്ചടി പൊക്കത്തിൽ നിർമിച്ച കോൺക്രീറ്റ് മതിൽ നടപ്പാതയുടെ ഒരുവശത്തേക്ക് ചരിഞ്ഞപ്പോൾ മുതൽ നാട്ടുകാർ പരാതിയുമായി എത്തിയിരുന്നു.
മൂന്നുവർഷം മുമ്പാണ് പരാതി നൽകിയത്. വാർഡ് കൗൺസിലർ, നഗരസഭാധ്യക്ഷ, നഗരസഭ സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. തുടർന്ന് മതിൽ പൊളിക്കാൻ വീട്ടുടമക്ക് നഗരസഭ നോട്ടീസും നൽകിയിരുന്നു. എന്നിട്ടും തുടർനടപടിയുണ്ടായില്ല. പിന്നീട് പ്രദേശവാസികൾ ഭീമഹരജി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് അയൽവാസികൾ പറഞ്ഞു. പ്രതിഷേധം വ്യാപകമായതോടെ പൊലീസ് കാവലിൽ വെള്ളിയാഴ്ച മതിൽ പൊളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.