എ.ഡി.എമ്മിന്റെ മരണം;കൂട്ട അവധിയെടുത്ത് ജീവനക്കാർ
text_fieldsആലപ്പുഴ: കണ്ണൂരിലെ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ റവന്യൂ വകുപ്പിന് കീഴിലുള്ള മുഴുവൻ ഓഫിസുകളിലെയും ജീവനക്കാർ കൂട്ടഅവധിയെടുത്ത് നടത്തിയ സമരത്തിൽ വൻ പ്രതിഷേധമിരമ്പി.
നൂറിലേറെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. കലക്ടറേറ്റ്, ജില്ലയിലെ വില്ലേജ്-താലൂക്ക് ഓഫിസുകൾ, ആർ.ഡി.ഒ, എൽ.എ എൻ.എച്ച്, കിഫ്ബി, സർവേ ഓഫിസുകൾ എന്നിവിടങ്ങളിലെ 800ലധികം ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധത്തിൽ അണിനിരന്നു. കലക്ടറേറ്റ്, ആലപ്പുഴ ടൗൺ, ചേർത്തല, കുട്ടനാട്, ചെങ്ങന്നൂർ, കായംകുളം, ഹരിപ്പാട്, മാവേലിക്കര തുടങ്ങിയ മേഖലകളിലും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
കലക്ടറേറ്റിൽ കേരള റവന്യൂ ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ജില്ല കമ്മിറ്റി നേതൃത്വത്തിൽ നൂറുകണക്കിന് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ചേർന്ന സമ്മേളനം സംസ്ഥാന ട്രഷറർ ജെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.ജി. ഐബു അധ്യക്ഷത വഹിച്ചു. ജോയന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. സൂരജ്, ജില്ല സെക്രട്ടറി ഷഹീർ ഷെരീഫ്, ജയിൻ രാജ്, എൻ. രബീഷ് കുമാർ, വി.ടി. വിഷ്ണു, ആർ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കവിരാജ്, മനീഷ്, ശശികല, ആശ സന്തോഷ്, സ്മിത ആനന്ദ് എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് ഓഫിസിലേക്കും കലക്ടറേറ്റിലേക്കും മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മഹാദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗം ശ്രീജിത്ത് കരുമാടി, ജില്ല പ്രസിഡന്റ് അജിത്കുമാർ, ജില്ല സെക്രട്ടറി ജിതേഷ് നാഥ്, സുനിൽകുമാർ, കെ.ആർ. രജീഷ് എന്നിവർ നേതൃത്വം നൽകി.
ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിലും കെ.ആർ.ഡി.എസ്.എയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. മേഖല സെക്രട്ടറി വി.ടി. വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു. ജയിൻരാജ്, ശശികല, രബീഷ്കുമാർ എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ, കെ.ജി.ഒ.എ സർവിസ് സംഘടനകളുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസിന് മുന്നിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി.
എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി. ജയകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഡി. സജുദേവ് സംസാരിച്ചു.
ചേർത്തല: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ചേർത്തല മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എം. ഷിജിമോൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി.കെ. പ്രതീഷ്, ജോയന്റ് കൗൺസിൽ ജില്ല ജോയന്റ് സെക്രട്ടറി സി. പ്രസാദ്, ജില്ല ട്രഷറർ വി.ഡി. അബു, മേഖല സെക്രട്ടറി കെ.ജി. മനോജ് ഷേണായ്, മേഖല ട്രഷറർ എം. ശ്രീകുമാർ, അരുൺ കാർത്തിക്, സൂര്യകാന്ത്, ബി. അനീഷ്, ശാന്തി ചന്ദ്രൻ, സിമി എസ്. നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.