വർഷങ്ങൾ പലതുകഴിഞ്ഞു കിതക്കുന്നു ഇ.എം.എസ് സ്റ്റേഡിയം
text_fieldsആലപ്പുഴ: നഗരഹൃദയത്തിലെ ഇ.എം.എസ് സ്റ്റേഡിയം നവീകരണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ഡിസംബറിൽ രണ്ടാംഘട്ട നിർമാണോദ്ഘാടനം നടത്തിയെങ്കിലും കാര്യങ്ങൾക്ക് ഇപ്പോഴും വേഗമില്ല.
ഗ്രൗണ്ട് നിരപ്പാക്കുന്ന ജോലി ആരംഭിച്ചുവെന്ന് പറയുമ്പോഴും കാഴ്ചയിൽ ‘പഴയപടി’യിൽനിന്ന് ഒരുമാറ്റവുമില്ല. ഫുട്ബാൾ അടക്കമുള്ള മത്സരങ്ങൾക്കും മറ്റ് കായിക ഇനങ്ങളുടെ ട്രാക്കും ഫീൽഡും ഇനിയും ഒരുക്കിയിട്ടില്ല. ട്രാക്കും ഗാലറി അടക്കമുള്ള ഇരിപ്പിടങ്ങളും പൂർണമായും നശിച്ചു. അനുബന്ധമായ നഗരസഭ കെട്ടിടത്തിലെ മുറികളും പൊട്ടിപ്പൊളിഞ്ഞു.
മഴപെയ്താൽ പല കടമുറികളും ചോർന്നൊലിക്കും. കാടുകയറിയ ഒരുഭാഗത്ത് മാലിന്യം തള്ളലും വ്യാപകമാണ്. കായിക ഇതര ആവശ്യങ്ങൾക്ക് സ്റ്റേഡിയം വിട്ടുകൊടുത്തതോടെയാണ് നാശത്തിനുള്ള വഴിതുറന്നത്.
നിർമാണച്ചുമതല കിറ്റ്കോ ലിമിറ്റഡിനാണ്. രാജ്യാന്തരനിലവാരത്തിൽ എട്ടുവരി ട്രാക്കോടുകൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ടർഫ് ഫുട്ബാൾ മൈതാനം, ഫെൻസിങ്, ഡ്രെയിനേജ്, വൈദ്യുതീകരണം എന്നിവയാണ് പദ്ധതിയിലുള്ളത്. ആദ്യഭാഗത്ത് ചില കടമുറികൾ നവീകരിച്ച് കളിക്കാർക്കുള്ള ഡ്രസിങ് റൂമുകൾ, ശുചിമുറികൾ എന്നിവയും ഓട്ടോമാറ്റിക് സ്പിംഗ്ലർ സിസ്റ്റം വർക്കുകളും നാച്വറൽ ടർഫ് ഫിഫ സ്റ്റാൻഡേഡ് ഫുട്ബാൾ ഗ്രൗണ്ടും നിർമിക്കും. ഇതിന് 4.5 കോടിയാണ് അടങ്കൽ. രണ്ടാംഭാഗത്ത് എട്ട് ലൈനിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കും ലോങ് ജംപ് പിറ്റും ത്രോ ഇവന്റ് നടത്താനുള്ള പിച്ചും നിർമിക്കും. 6.42 കോടിയാണ് അടങ്കൽ. ആകെ 10.92 കോടിയാണ് രണ്ടാംഘട്ട നിർമാണച്ചെലവ്.
കായികതാരങ്ങളെ അത്ലറ്റിക് ട്രാക്കിലും ഫീൽഡിലും പരിശീലനം നൽകാനും മികച്ച ഫുട്ബാൾ താരങ്ങളെയും വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
2006ൽ പി.പി. ചിത്തരഞ്ജൻ ചെയർമാനായിരുന്ന കാലത്ത് 14.5 കോടി മുടക്കിയാണ് ഒന്നാംഘട്ടപ്രവർത്തനം തുടങ്ങിയത്. 2010ൽ ഒന്നാംഘട്ടം പൂർത്തിയായെങ്കിലും തുടർനടപടിയുണ്ടായില്ല. 2017ൽ കിഫ്ബിയിലൂടെ 8.62 കോടിയുടെ നവീകരണത്തിന് ഭരണാനുമതി കിട്ടിയെങ്കിലും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.