കേരളത്തിന് എയിംസ് അനുവദിക്കണം -മുഖ്യമന്ത്രി
text_fieldsഅമ്പലപ്പുഴ: കേരളത്തിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അനുവദിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ ദീർഘകാല ആവശ്യമാണിത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി നിർമിച്ച സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുമായി നടന്ന ചർച്ചയിൽ കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടായതാണ്. പക്ഷേ, പട്ടിക വന്നപ്പോൾ നമ്മൾ പുറത്തായി. ആരോഗ്യ മേഖലയിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങളാണ് കേരളം കൈവരിച്ചിരിക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അധ്യക്ഷത വഹിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ എച്ച്.സലാം, പി.പി. ചിത്തരഞ്ജൻ, എം.എസ്. അരുൺകുമാർ, ദലീമ, യു.പ്രതിഭ, തോമസ് കെ. തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി, ജില്ല കലക്ടർ കൃഷ്ണ തേജ ഐ.എ.എസ്, ഡോ.തോമസ് മാത്യു, ഡോ.ടി.കെ. സുമ, അഡ്വ.ഷീബ രാകേഷ്, എസ്.ഹാരിസ്, പി.അഞ്ജു, അഡ്വ.പ്രദീപ്തി സജിത്, സുനിത പ്രദീപ്, ഡോ.എ.അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് സ്വാഗതവും ഡോ. ആശ തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.