ആലപ്പുഴ, മാരാരി ബീച്ചുകൾ സാഹസികരെ കാത്തിരിക്കുന്നു
text_fieldsആലപ്പുഴ: സാഹസികത ഇഷ്ടപെടുന്നവർക്കുള്ള പ്രിയ ഇടങ്ങളാകും ഇനി മാരാരി, ആലപ്പുഴ ബീച്ചുകൾ. രണ്ടിടങ്ങളിലുമായി സാഹസിക ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ.
നേരത്തെ വിവാദങ്ങളിൽ കുടുങ്ങി നിർത്തിവച്ച പദ്ധതി കുറവുകൾ പരിഹരിച്ച് നടപ്പാക്കാനാണ് തീരുമാനം. പദ്ധതി രൂപരേഖ തയാറായിക്കഴിഞ്ഞു. മധ്യവേനലവധിക്കാലത്ത് ജനങ്ങൾക്ക് തുറന്നു നൽകാനാണ് നീക്കം. വാട്ടർ സ്പോർട്സ് ഇനങ്ങളും ഫ്ലോട്ടിങ് ബ്രിഡ്ജുമാണ് പദ്ധതിയിലെ പ്രധാന ഇനങ്ങൾ. ടെൻഡർ നടപടി ജനുവരി, ഫെബ്രുവരിയിലായി നടക്കും. പദ്ധതിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നത് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് (കെ.എ.ടി.പി.എസ്). ദേശീയപാതയുടെ ഭാഗമായുള്ള ബൈപ്പാസ് നിർമാണം കൂടി പൂർത്തിയായാൽ ആലപ്പുഴ ബീച്ചിന്റെ മുഖഛായ മാറുന്ന പദ്ധതികൾക്കാണ് ഡി.ടി.പി.സി ലക്ഷ്യം വെക്കുന്നത്. വിജയ പാർക്ക് നവീകരണവും ബീച്ച് സൗന്ദര്യവൽക്കരണവും ഇതിലുൾപ്പെടും.
പേടിയുള്ളവർക്കും അരക്കൈ നോക്കാം
കലലകൾ കണ്ട് പേടിച്ചരണ്ട് പോകുന്നവർക്കും അരക്കൈ നോക്കാവുന്ന വിധത്തിലാകും പദ്ധതി നടപ്പാക്കുക. സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് ടെൻഡർ നടപടികളിലേക്ക് കടക്കുക. ഇതിനായി കെ.എ.ടി.പി.എസ് അധികൃതർ ഉടനെ പരിശോധന നടത്തും. അവർ മുന്നാട്ട്വക്കുന്ന മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ടെൻഡർ ക്ഷണിക്കുക. ജെറ്റ് സ്കീം, സ്പീഡ് ബോട്ട്, ബനാന റൈസ്, ബംചർ ബോട്ട് റൈസ്, മറ്റു സാഹസിക വിനോദങ്ങൾ തുടങ്ങിയവ സജ്ജീകരിക്കും.
തിരമാലകളുടെ ശക്തി എത്രത്തോളം എന്ന് വിലയിരുത്തി സുരക്ഷിതമായ സ്ഥലം കണ്ടെത്തി അവിടെയാകും പദ്ധതി നടപ്പാക്കുക. ആലപ്പുഴ ബീച്ചിൽ തിരമാലകൾക്ക് ശക്തി കൂടുതലാണ്. അതേസമയം, മാരാരി ബീച്ചിലെ തിരമാലകൾ താരതമ്യേന ചെറുതുമാണ്. അതിനാലാണ് അലപ്പുഴക്കൊപ്പം മാരാരിയെയും പരിഗണിക്കുന്നത്. നഗരകേന്ദ്രം എന്ന നിലയിൽ ആലപ്പുഴ ബീച്ചിനാണ് മുൻഗണന. ഇവിടുത്തെ തിരമാലകൾക്ക് അനുയോജ്യമാകാത്തവയാകും മാരാരി ബീച്ചിൽ സ്ഥാപിക്കുക. വാട്ടർ സ്പോർട്സ് ഇനങ്ങൾക്കും ഫ്ലോട്ടിങ് ബ്രിഡ്ജിനും രണ്ട് ടെൻഡറുകളാണ് ക്ഷണിക്കുക. ടൂറിസം വകുപ്പ് സംസ്ഥാനത്തെ വിവിധ കടൽ തീരങ്ങളിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ച് വരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ആലപ്പുഴയിലും സ്ഥാപിക്കുന്നത്. വാട്ടർ സ്കൂട്ടർ പദ്ധതിയും പരിഗണനയിലുണ്ട്.
നിയമം അനുകൂലമായി; അനുമതി റെഡി
നേരത്തെ മാരാരി ബീച്ചിൽ സാഹസിക വാട്ടർ സ്പോർട്സ് പദ്ധതി ഭൂമി വിട്ടുനൽകുന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമ നടപടികൾ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. അതോടെ ടൂറിസം വകുപ്പിന് പദ്ധതിയുമായി മുന്നോട്ട്പോകാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും ഡി.ടി.പി.സി അധികൃതർ പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ രണ്ട് മാസം കൊണ്ട് എല്ലാ സംവിധാനവും ഒരുക്കാനാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.