ആലപ്പുഴക്ക് അഴകായി ഇനി എ.എസ് കനാൽ; മട്ടാഞ്ചേരി പാലം മുതൽ പൂന്തോപ്പുവരെ പുനരുജ്ജീവനം
text_fieldsആലപ്പുഴ: ആലപ്പുഴ-ചേർത്തല കനാലിന് പുതുജീവന്‍ വഴിയൊരുങ്ങുന്നു. വ്യാപാരത്തിനും ജലഗതാഗതത്തിനും പ്രധാനമായിരുന്ന 22 കിലോമീറ്റർ ദൈർഘ്യമുള്ള കനാൽ വർഷങ്ങളായി കൈയേറ്റം മൂലവും മാലിന്യം നിറഞ്ഞും ശോച്യാവസ്ഥയിലാണ്.
പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങളിലൂടെ കനാലിന് പുതുജീവൻ നൽകുകയാണ്. ആലപ്പുഴ നഗരസഭ പരിധിയിൽ മട്ടാഞ്ചേരി പാലം മുതൽ പൂന്തോപ്പ് വരെ നീളുന്ന കനാൽ ഭാഗത്താണ് പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ, എ.എസ്. കനാൽ ആലപ്പുഴയുടെ ചരിത്രപരമായ ‘കിഴക്കിന്റെ വെനീസാ’ക്കി മാറ്റുകയാണ് ലക്ഷ്യം.
കനാലിന്റെ പുനരുജ്ജീവനത്തിലൂടെ ടൂറിസം, ജലഗതാഗതം, ഗ്രാമീണ വികസനം എന്നിവയിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ മാതൃകാപദ്ധതിയാക്കുകയാണ് ലക്ഷ്യം. നവീകരിക്കുന്നതിനോടൊപ്പം പൊതുജന പങ്കാളിത്തത്തോടുകൂടി കനാലിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനു വിപുലമായ കാമ്പയിനുകൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ടൂറിസം സാധ്യതകൾ പൂർണമായി വിനിയോഗിക്കാനും ജലഗതാഗതത്തെ ഉയർത്തിക്കൊണ്ടുവരാനും കനാലിനെ സജീവമാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യലക്ഷ്യം.
കനാലിനെ മിനുക്കാന്‍ പദ്ധതികള്‍ ഇങ്ങനെ
- കയാക്കിങ് ടൂർണമെന്റുകൾ എ.എസ്. കനാലിന്റെ പ്രധാന ആകർഷണമാക്കി മാറ്റും
- ഗ്രാമീണ ടൂറിസം പ്രവർത്തനങ്ങൾക്കും സാധാരണക്കാരുടെ വിനോദസഞ്ചാരത്തിനും കനാൽ പുതുജീവൻ നൽകും
- കനാലിന്റെ കരകളിൽ പ്രാദേശിക സസ്യങ്ങളെ വളർത്തുന്നതിലൂടെ പച്ചപ്പിന്റെ സൗന്ദര്യം ഉറപ്പാക്കും
- പഴയ നടപ്പാലങ്ങൾ പുനർനിർമിച്ചും നൂതന സൗകര്യങ്ങൾ ചേർത്തും ചരിത്രപരമായ സൗന്ദര്യം നിലനിര്‍ത്തുന്ന രീതിയിൽ നവീകരിക്കും
- പൊതുജനങ്ങൾക്ക് വിശ്രമത്തിനും കൂടിക്കാഴ്ചക്കും വൈകുന്നേരങ്ങളിൽ സന്ദർശിക്കാൻ അനുയോജ്യമായ സൗകര്യങ്ങളും ഒരുക്കും
- കരകളിലെ പ്രകാശ സജ്ജീകരണങ്ങളും അലങ്കാര വൈദ്യുതി സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും
- കനാലിന്റെ മലിനീകരണം തടയുന്നതിനും ജലഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനം നടപ്പാക്കും
- ആഴമെടുക്കൽ വഴി കനാലിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കുകയും, കനാലിന്റെ ശേഷി വീണ്ടെടുക്കുകയും ചെയ്യും
- ഹരിതകർമ സേനയുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ പദ്ധതികൾ ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.