ആലപ്പുഴക്ക് നഷ്ടമാകുന്നത് കരുണയുടെ തേജസ്
text_fieldsആലപ്പുഴ: കലക്ടര്‍ വി.ആര്. കൃഷ്ണതേജ തൃശൂരിലേക്ക് സ്ഥലംമാറിപ്പോകുമ്പോള്‍ ജില്ലക്ക് നഷ്ടമാകുന്നത് കാരുണ്യത്തിന്റെ വലിയൊരു കൈത്താങ്ങ്.
സാധാരണക്കാരും ദരിദ്ര ജനവിഭാഗവും ഏറെയുള്ള തീരദേശ ജില്ലയുടെ ഭരണാധിപനായെത്തി കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ജനങ്ങളുടെയാകെ സ്നേഹവും ആദരവും പിടിച്ചുപറ്റിയ കൃഷ്ണതേജക്ക് ഇത്രപെട്ടെന്ന് സ്ഥലംമാറ്റമുണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല.
സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ കലക്ടര്‍ മുന്‍കൈയെടുത്ത് വിജയിപ്പിക്കുന്നതില്‍ ഇത്രയേറെ വിജയിച്ച മറ്റൊരു ജില്ലയുമുണ്ടാകില്ല.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നതോടൊപ്പം സര്‍ക്കാര്‍ പദ്ധതികള്‍ ഉത്തരവാദിത്തത്തോടെ തന്നെ ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യുന്നതില്‍ ഈ ഐ.എ.എസ് ഓഫിസര്‍ ഏറെ മുന്നിലാണ്.
സബ് കലക്ടറായിരിക്കെ ജില്ലയുടെ സ്നേഹാദരവുകള്‍ പിടിച്ചുപറ്റിയ കൃഷ്ണതേജയുടെ കലക്ടറായിട്ടുള്ള ആദ്യ നിയമനമായിരുന്നു ആലപ്പുഴയില്‍.
2018ല്‍ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം തുടക്കമിട്ട ‘ഐ ആം ഫോര്‍ ആലപ്പി’ പദ്ധതിപ്രകാരം നൂറുകണക്കിന് വീടുകളാണ് ജില്ലയിലുടനീളം ഉയര്‍ന്നത്. ആയിരക്കണക്കിനാളുകള്‍ക്ക് ജീവനോപാധിയെത്തിക്കുന്നതിലും സബ് കലക്ടര്‍ നൽകിയ സേവനം ജില്ലക്ക് വിസ്മരിക്കാനാവില്ല. കൃഷ്ണതേജയുടെ കലക്ടറായുള്ള മടങ്ങിവരവ് ജനങ്ങള്‍ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.
ചുമതലയേറ്റത് മുതല്‍ തന്നെ കൃഷ്ണതേജ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങി. ആവലാതികളുടെ കെട്ടഴിക്കാനെത്തുന്ന സാധാരണക്കാരുടെ തിരക്കാണ് കൃഷ്ണതേജക്ക് മുന്നില്‍ ദിനേന പ്രത്യക്ഷമായത്. ഇതോടെ, തന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഐ ആം ഫോര്‍ ആലപ്പി പദ്ധതിയെ, ‘വീ ആര് ഫോര്‍ ആലപ്പി’യെന്ന കൂട്ടായ്മയിലൂടെ അദ്ദേഹം വിപുലപ്പെടുത്തി. സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ തലങ്ങളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തിയാണ് പുതിയ കൂട്ടായ്മ രൂപവത്കരിച്ചത്. എല്ലാ വിഭാഗം ജനങ്ങളുടെയും പുനരധിവാസമാണ് വി ആര് ഫോര്‍ ആലപ്പി കൂട്ടായ്മയിലൂടെ ലക്ഷ്യമിട്ടതെങ്കിലും കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കായിരുന്നു പ്രഥമ പരിഗണന. ഇത്തരത്തില്‍ ജില്ലയില്‍ 273 കുട്ടികളാണുള്ളതെന്ന കണക്ക് പുറത്തുവിട്ടതും കലക്ടര്‍ തന്നെ.
പ്രത്യേക സർവേ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. കുട്ടികള്‍ക്കാവശ്യമായ വിദ്യാഭ്യാസം, തൊഴില്‍, ഉപജീവനം, ആരോഗ്യം സംരക്ഷണം, ചികിത്സസഹായം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിവഴി ലക്ഷ്യമിട്ടത്.
മാവേലിക്കര സ്വദേശിയായ വിദ്യാര്‍ഥിക്ക് ചേര്‍ത്തല ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്സിന് പ്രവേശനം നേടിക്കൊടുത്തത് കൃഷ്ണതേജ നേരിട്ടെത്തിയാണ്. പഠനത്തിനുശേഷം ജില്ലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരും ഒരുക്കി. ഇതിനുശേഷം കുട്ടിക്ക് മികച്ചജോലി ലഭിക്കാനുള്ള സൗകര്യവും ഒരുക്കിനല്‍കുമെന്ന് ഉറപ്പുനല്‍കി.
ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശിനിയായ ഭിന്നശേഷിക്കാരിക്ക് ബി.എസ്സി നഴ്സിങ് പഠനത്തിന് സഹായം ലഭ്യമാക്കി. മെഡിസിന് പ്രവേശനം കിട്ടിയ കുട്ടിക്കാവശ്യമായ മുഴുവന്‍ ഫീസും വിദ്യാഭ്യാസ ചെലവും പൂര്‍ണമായി എത്തിച്ചുനല്കിയതുള്പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു.
ഏറ്റവുമൊടുവില്‍ അതിദരിദ്ര കുടുംബങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ ചില്‍ഡ്രന്‍സ് ഫോര്‍ ആലപ്പി ഒരു പിടി നന്മ പദ്ധതിപ്രകാരം സ്കൂളുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ മുഖേന ശേഖരിക്കുന്ന ഭക്ഷണസാമഗ്രികള്‍ അര്‍ഹതപ്പെട്ട കുടുംബങ്ങളിലെത്തിച്ചുകൊടുത്തുവരികയായിരുന്നു.
കലക്ടറായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യശമ്പളം മാരാരിക്കുളത്തെ സ്നേഹജാലകത്തിന് കൈമാറി പാവപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളുകയായിരുന്നു അദ്ദേഹം.
കലക്ടറെ പുകച്ചത് രാഷ്ട്രീയക്കാർക്കിടയിൽ നീറിനിന്ന കനൽ
അമ്പലപ്പുഴ: ബ്രഹ്മപുരത്തെ പുകയിൽ അണഞ്ഞത് ആലപ്പുഴ ജില്ലയിലെ പൊതുപ്രവർത്തകർക്കിടയിൽ നീറിനിന്ന കലക്ടർ എന്ന കനൽ. കലക്ടറായി കൃഷ്ണതേജ ആലപ്പുഴയിൽ ചുമതലയേറ്റതോടെ ജനകീയ വിഷയങ്ങളിൽ ജില്ലയിൽ നിറഞ്ഞുനിന്നത് കലക്ടറായിരുന്നു. ഇത് അദ്ദേഹത്തെ ഭരണപക്ഷ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാക്കി. ഇക്കൂട്ടർക്ക് പൊടുന്നനെ വീണുകിട്ടിയ അവസരമായിരുന്നു എറണാകുളം ബ്രഹ്മപുരത്തെ പുക.
എങ്ങനെയും കൃഷ്ണതേജയുടെ ജനങ്ങൾക്കിടയിലേക്കുള്ള കടന്നുകയറ്റം നിയന്ത്രിക്കണമെന്ന് പല ജനപ്രതിനിധികൾക്കിടയിൽ ചിന്തകൾ പുകയുമ്പോഴാണ് ബ്രഹ്മപുരത്ത് തീ ഉയരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ജനകീയ കലക്ടർക്കും സ്ഥലംമാറ്റം ഒരുക്കിയത്.
അടുത്തിടെ അമ്പലപ്പുഴയിലെ ചില വിഷയങ്ങളിൽ കലക്ടറുടെ ഇടപെടൽ ഭരണകക്ഷികൾക്കിടയിൽ ചർച്ചക്ക് വഴിയൊരുക്കിയിരുന്നു. ഇതിൽ തോട്ടപ്പള്ളിയിലെ തണ്ണീർത്തടം, പുറക്കാട്ടെ നിലംനികത്തലുകളിലുമുള്ള കലക്ടറുടെ ഇടപെടൽ രാഷ്ട്രീയ നേതൃത്വത്തിന് കണ്ണിലെ കരടായിമാറി. നികത്തലിനെതിരെ സ്ഥലം എം.എൽ.എയുടെ ഇടപെടലിൽ കലക്ടർ ശക്തമായ നടപടികളുമായി മുന്നോട്ടുപോയത് ഭരണപക്ഷ കക്ഷിയിലെ ഒരുവിഭാഗത്തിന് തലവേദനയായി.
കൂടാതെ ജില്ലയിലെ പല വിഷയങ്ങളിലും കലക്ടറുടെ നേരിട്ടുള്ള ഇടപെടൽ ഭരണപക്ഷത്തിന് കീറാമുട്ടിയായി മാറി. ചുമതലയേറ്റ് ഏഴുമാസം പിന്നിട്ടപ്പോഴേക്കും കൃഷ്ണതേജയുടെ സ്ഥലംമാറ്റത്തിലേക്ക് എത്തിച്ചതിന് കാരണം ഇതെല്ലാമാണ്. രണ്ടുവർഷം വരെ ഒരു ജില്ലയിൽ കലക്ടറായി സേവനമനുഷ്ഠിക്കാൻ അവസരമുണ്ടെന്നിരിക്കെയാണ് ജനകീയ കലക്ടറുടെ പെട്ടെന്നുള്ള സ്ഥലംമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.