നിരാഹാരസമരം; നാരങ്ങാനീര് നൽകിയ കലക്ടറുടെ നടപടി വിവാദത്തിൽ
text_fieldsആലപ്പുഴ: നെൽകർഷക സംരക്ഷണസമിതി കലക്ടറേറ്റിന് മുന്നിൽ ഒമ്പതുദിവസം നടത്തിയ സർക്കാർവിരുദ്ധ നിരാഹാരസമരം അവസാനിപ്പിക്കാൻ കലക്ടർ നാരങ്ങാനീര് നൽകിയ നടപടി വിവാദത്തിൽ.
സർവിസ് ചട്ടം ലംഘിച്ച കലക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നൽകി. ഇടതുസംഘടനകൾക്കും ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയുണ്ട്.
സർക്കാർ വിരുദ്ധസമരം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങിയ കലക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ആരോപിച്ചു. മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം തീർന്നത്. സർക്കാർ പ്രതിനിധിയെന്ന നിലയിൽ സമരക്കാരുമായി ചർച്ച നടത്തുകയെന്നല്ലാതെ സർക്കാർ ഉദ്യോഗസ്ഥർ ഇത്തരത്തിൽ സമരങ്ങളിൽ ഇടപെടുകയും സമരം അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നതും ഗുരുതര സർവിസ് ചട്ട ലംഘനമാണ്. സംസ്ഥാനസർക്കാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിൽ പ്രത്യക്ഷമായി പങ്കെടുത്തതിലൂടെ സർക്കാർ വിരുദ്ധ സമരത്തോടുള്ള അനുഭവമാണ് കലക്ടർ പ്രകടിപ്പിച്ചതെന്നും ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരാഹാരം കിടന്ന നെൽകർഷക സംരക്ഷണസമിതി നേതാക്കൾക്ക് പിന്തുണയേകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി രാഷ്ടീയകാര്യസമിതിയംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർ സമരപന്തലിൽ എത്തിയിരുന്നു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ആലപ്പുഴ കലക്ടറേറ്റിന് മുന്നിലാണ് നെൽകർഷകസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൽ എന്നിവർ സമരം നടത്തിയത്. ഇതിനൊപ്പം കഴിഞ്ഞദിവസം മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവരുമായി നടത്തിയ ചർച്ചയിൽ സമരസമിതി മുന്നോട്ടുവെച്ച ചില ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ പ്രധാനമായിരുന്ന തണ്ണീർമുക്കം ഷട്ടറുകൾ റഗുലേറ്റ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു. ഇതിനൊപ്പം രണ്ടാംകൃഷിയുടെ നെല്ലുവില വെള്ളിയാഴ്ച മുതൽ നൽകാനും തീരുമാനിച്ചിരുന്നു. നെല്ലുവില 35.52 രൂപ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്താനും ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരപ്പന്തലിലെത്തി കർഷകരെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ വിരുദ്ധസമരത്തിന് നേതൃത്വം നൽകിയ സമരനേതാക്കളെ അനുനയിപ്പിച്ചതെന്നാണ് ഭരണകക്ഷിയിലെ യുവജനസംഘടനയുടെ പ്രധാന പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.