കനത്തമഴയിൽ മുങ്ങി ആലപ്പുഴ ജില്ല
text_fieldsആലപ്പുഴ: കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങി. നരവധി വീടുകളിൽ വെള്ളംകയറി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് പുതുതായി ദുരതാശ്വാസ ക്യാമ്പുകൾ തുറന്നു. മരംവീണ് പലയിടത്തും ഗതാഗതം മുടങ്ങി. വ്യാപകമായി കൃഷി നശിച്ചു. കുട്ടനാട്ടിൽ നിന്നുള്ള വെള്ളമൊഴുക്ക് സുഗമമാക്കാൻ തോട്ടപ്പള്ളി സ്പിൽവേ പൊഴി കൂടുതൽ തുറന്നു. അന്ധകാരനഴിയിൽ ചൊവ്വാഴ്ച രാത്രിയിൽ പൊഴിമുറിച്ചിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതിന് 400ലേറെ കെട്ടിടങ്ങൾ സജ്ജമാക്കിയതായി കലക്ടർ അറിയിച്ചു. ഉയർന്ന തിരമാലയുണ്ടാകുമെന്നതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. ജില്ലയിലെ ജലയാശങ്ങളിലും തോടുകളിലും കായലുകളിലും ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചു.
ബുധനാഴ്ച ഉച്ചവരെ കനത്തമഴയാണ് പെയ്തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. നൂറുകണക്കിന് വീടുകളിൽ വെള്ളംകയറി. പലയിടത്തും മതിലുകളും ഭിത്തികളും ഇടിഞ്ഞുവീണു. നീർക്കുന്നം അൽ ഹുദ എ സ്കൂൾ മതിൽ ഇടിഞ്ഞു വീണു.
അർത്തുങ്കൽ നിന്ന് കടലിൽപോയ ബോട്ട് നിയന്ത്രണംവിട്ട് കടലിൽ ഒഴുകിയതിനെ തുടർന്ന് മറ്റൊരു ബോട്ടെത്തി കെട്ടിവലിച്ച് അഴീക്കൽ തുറമുഖത്ത് എത്തിച്ചു. ബോട്ടിൽ ഒമ്പത് തൊഴിലാളികളുണ്ടായിരുന്നു. ഹരിപ്പാട്ട് 90 ഹെക്ടറിൽ കൃഷി നശിച്ചു. കായംകുളത്ത് നൂറ് കണക്കിന് വീടുകളിൽ വെള്ളം കയറി. മരംവീണ് നിരവധി വീടുകൾ തകർന്നു. മാന്നാറിൽ കനാലിന്റെ സംരക്ഷണ ഭിത്തി 30 മീറ്ററോളം തകർന്നു.
കായംകുളം കുളമായി
കായംകുളം: കനത്ത മഴയിൽ നഗരത്തിലെ നൂറ് കണക്കിന് വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കരിപ്പുഴ തോട്, മലയൻ കനാൽ, ഇഞ്ചക്കൽ തോട് എന്നിവ കരകവിഞ്ഞത് ഇതിന്റെ ഓരത്തുള്ള വീടുകളിൽ വെള്ളം കയറി.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരും ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മുതൽ മഴ തോരാതെ പെയ്തതാണ് പ്രശ്നമായത്. കൂടാതെ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമായതും തോടുകൾ കരകവിയാൻ കാരണമായി.
നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളായ എരുവ, കുറ്റിത്തെരുവ്, ചേരാവള്ളി, ഇഞ്ചക്കൽ, ചുടുകാട് തുടങ്ങിയ പ്രദേശങ്ങളാണ് തോടുകൾ കരകവിഞ്ഞതിന്റെ രൂക്ഷത നേരിടുന്നത്. ഇവിടെ നിന്നുള്ളവരെ മാറ്റി പാർപ്പിക്കുന്നതിനായി പുള്ളികണക്ക് സ്കൂൾ, കൃഷ്ണപുരം ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. കൂടുതൽ രൂക്ഷത നേരിടുന്ന വീട്ടുകാരെ ഇവിടേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്.
ദേശീയപാതയുടെ പടിഞ്ഞാറും വെള്ളപ്പൊക്ക ഭീഷണി ശക്തമാണ്. കൊറ്റുകുളങ്ങര, ഐക്യ ജങ്ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കിടപ്പ് രോഗികളെ ബന്ധു വീടുകളിലേക്ക് മാറ്റി.
നീരൊഴുക്ക് തോടുകൾ അടഞ്ഞതും ദേശീയപാതയുടെ അശാസ്ത്രീയ നിർമാണവും വെള്ളക്കെട്ടിന്റെ പ്രധാന കാരണം. വെള്ളം ക്രമാതീതമായി ഉയരുന്നത് പ്രാഥമിക കൃത്യ നിർവഹണങ്ങളെ ബാധിക്കുന്ന തരത്തിലേക്കും മാറിയിട്ടുണ്ട്.
തുടർ മഴയിൽ നഗരത്തിലെ റോഡുകൾ മിക്കതും തോടുകളായതും ജനജീവിതത്തെ ബാധിച്ചു. ഗതാഗത തിരക്കേറിയ കോളജ് ജങ്ഷൻ- പുല്ലുകുളങ്ങര റോഡ്, കായലോരം റോഡ് എന്നിവ വെള്ളത്തിനടിയിലാണ്. തോടായി മാറിയ റോഡിലൂടെ കാൽനട യാത്ര പോലും ദുസഹമാണ്. രാത്രികാല യാത്രയാണ് ഏറെ ദുരിതം.
മണ്ണഞ്ചേരിയിൽ വ്യാപകനാശം; വൃക്ഷം കടപുഴകി, വീട് തകർന്നു
മണ്ണഞ്ചേരി: കനത്ത പേമാരിയിലും കാറ്റിലും മണ്ണഞ്ചേരിയിൽ വ്യാപക നാശനഷ്ടം. കയലോര മേഖല വെള്ളത്തിലായി. മിക്കവാറും വീടുകളിൽ വെള്ളം കേറിയ നിലയിലാണ്. വലിയ വൃക്ഷം കടപുഴകി വീണ് പഞ്ചായത്ത് 20-ാം വാർഡ് ഉണ്ണി വെളിയിൽ അൻസാരിയുടെ വീട് തകർന്നു.
തകർന്ന വീട്ടിൽ തയ്യിൽ വെളിയിൽ ഐഷയും കുടുംബവും വാടകക്ക് താമസിച്ച് വരുകയായിരുന്നു. വൃക്ഷം കടപുഴകി വീടിന് മേൽ പതിച്ച സമയത്ത് വീടിന് അകത്തുണ്ടായിരുന്ന ഐഷയുടെ രണ്ട് കുട്ടികളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന് ചുറ്റും പരിസര പ്രദേശത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്.
19-ാം വാർഡിൽ കുന്നപ്പള്ളി ജങ്ഷന് സമീപം ചൂഴാട്ട് വെളിയിൽ ഉനൈസ്, സുലൈമാൻ, കെബീർ എന്നിവരുടെ വീടുകളിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ അടക്കം നശിച്ചു. 17 ാം വാർഡ് ചാക്കലിൽ ഹാഷിമിന്റെ വീടും മരം വീണു തകർന്നു. ജലം ഒഴികി പ്പോകുന്നതിനുള്ള കൈതോടുകൾ നികത്തിയതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
മരോടിച്ചുവട് ഭാഗത്തും പല വീടുകളിലും വെള്ളം കയറി. 21-ാം വാർഡിൽ പനക്കൽ മസ്ജിദിന് സമീപമുള്ള റോഡ് ഒലിച്ച് പോയി. സമീപത്തെ വൃക്ഷങ്ങളും കടപുഴകി വീണു. 17-ാം വാർഡ് മാച്ചനാട് ലക്ഷം വീട്ടിൽ പല വീടുകളും വെള്ളത്തിലായി.
വലിയ വൃക്ഷങ്ങൾ കടപുഴകി വൈദ്യുതി ലൈനിലേക്ക് പതിച്ച് വൈദ്യുതി തൂണ് ഒടിയുകയും കമ്പികൾ പൊട്ടുകയും ചെയ്തു. അമ്പലക്കടവ് പെരുന്തുരുത്ത് കരിയിൽ വെള്ളംനിറഞ്ഞതിനാൽ പ്രദേശം വെള്ളക്കെട്ടിലായി. പാടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും അനാസ്ഥയാണ് വെള്ളക്കെട്ടിലാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
പരപ്പിൽ പ്രദേശം കനത്ത വെള്ളക്കെട്ടിലായതിനാൽ വീട്ടുകാരെ മാറ്റി താമസിപ്പിക്കുവാൻ ദുരിതാശ്വാസ ക്യാമ്പായി അമ്പനാകുളങ്ങര മദ്റസ വീട്ടു നൽകുവാൻ പഞ്ചായത്ത് അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുവാൻ ബുധനാഴ്ച വൈകിട്ട് മൂന്നിന് പഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്നു.
മുഹമ്മ, കലവൂർ സെക്ഷൻ പരിധികളിൽ മരം വൈദ്യുതി കമ്പികളിലേക്ക് വീണ് വ്യാപകമായി വൈദ്യുതി തൂണുകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകളും സംഭവിക്കുകയും ചെയ്തു. കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ വലിയ മരങ്ങൾ വെട്ടി മാറ്റാൻ സാധിക്കാത്തതിനാൽ ബുധനാഴ്ച വൈകിട്ട് വരെയും പല സ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാൻ ആയിട്ടില്ല.
ദുരിതപ്പെയ്ത്തിൽ ജനജീവിതം ദുസ്സഹം; 90 ഹെക്ടർ കൃഷി നശിച്ചു
ഹരിപ്പാട് : ശക്തമായി പെയ്യുന്ന മഴ മണ്ഡലത്തിൽ ജനജീവിതം ദുരിതപൂർണമാക്കി. തോടുകളും കായലും ആറും നിറഞ്ഞതോടെ താഴ്ന്ന ഭാഗങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി. വ്യാപക കൃഷിനാശവും ഉണ്ടായി. കടൽ പ്രക്ഷബ്ദമാണെങ്കിലും കരയിലേക്ക് അടിച്ച് കയറാത്തത് തീരവാസികൾക്ക് ആശ്വാസമാകുന്നു.
ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പരിധിയിൽ വരുന്ന ചെറുതന, വീയപുരം, പളളിപ്പാട്, കുമാരപുരം, ചിങ്ങോലി, തൃക്കുന്നപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ 90 ഹെക്ടർ കൃഷി നശിച്ചതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. ചെറുതനയിലെ വലിയ വള്ളം പാടത്തെ വിളവെടുക്കാറായ 12 ഹെക്ടർ നെൽകൃഷി നാശത്തിന്റെ വക്കിലാണ്. കൂടാതെ 22 ഹെക്ടർ വാഴ കൃഷി, 25 ഹെക്ടർ പച്ചക്കറി കൃഷി, അഞ്ച് ഹെക്ടർ ഇഞ്ചിയും മൂന്ന് ഹെക്ടർ മഞ്ഞൾ കൃഷിയും നശിച്ചതിൽ പെടും.
പമ്പയിലും അച്ചൻകോവിൽ ആറ്റിലും ഒഴുക്ക് ശക്തമാണ്. പുഞ്ച കൃഷി കഴിഞ്ഞ് പാടങ്ങളുടെ ബണ്ടുകൾ തുറന്നു കിടക്കുന്നതിനാൽ വെള്ളം കയറി പാടങ്ങൾ മുങ്ങുന്ന അവസ്ഥയുണ്ട്. പാടങ്ങളുടെ കരയിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. മഴ തുടർന്നാൽ വീയപുരം ചെറുതന പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങൾ തേടേണ്ടി വരും.
മുതുകുളം, കണ്ടല്ലൂർ, ചിങ്ങോലി, ആറാട്ടുപുഴ കിഴക്കേക്കര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് വലിയ തോതിൽ ഉയർന്നു. ഒട്ടേറെ വീടുകൾ വെളളം കയറി. കണ്ടല്ലൂർ വടക്ക് വരംപത്ത്, പുതിയവിള വടക്കൻ കോയിക്കൽ ഭാഗത്തും വീടുകളിൽ വെളളം കയറി. ഇവിടെ കിളിമുക്കേൽ (തോട്ടുകടവിൽ) ഹരിദാസന്റെ ഏത്തവാഴക്കൃഷിയ്ക്കും പച്ചക്കറിക്കൃഷിയ്ക്കും നാശമുണ്ടായി.
കായംകുളം-കാർത്തികപ്പളളി റോഡിൽ കാവിൽപ്പടിക്കൽ തെക്കേനടയിലും മുതുകുളം കല്ലുംമൂട്ടിലും ഹൈസ്കൂൾ മുക്കിന് തെക്കും വെളളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ വലച്ചു. മരച്ചില്ലകളും മറ്റും ഒടിഞ്ഞു വീണത് വൈദ്യുതി തടസ്സത്തിനും കാരണമായി.ആറാട്ടുപുഴ രാമഞ്ചേരി ശാസ്താം കുന്നേൽ വാസുദേവന്റെ വീടിന് മുകളിലേക്ക് ആഞ്ഞിലി കടപുഴകി വീണ് മേൽക്കൂര തകർന്നു. ഭിത്തിയും പൊട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.