ആലപ്പുഴ ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ ഹൃദയപൂർവം പദ്ധതി സ്ക്രീനിങ് ടെസ്റ്റ് ഇന്ന്
text_fieldsമണ്ണഞ്ചേരി: സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യകാര്യങ്ങൾക്കായി ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ ഹൃദയപൂർവം പദ്ധതി തുടങ്ങുന്നു. വൃക്ക, കരൾ, ന്യൂറോ, കാൻസർ, ഹൃദയം എന്നിവയെ സംബന്ധിക്കുന്ന അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന വിദ്യാർഥികളെ സഹായിക്കുന്ന പദ്ധതിയാണ് ഹൃദയപൂർവം.
ഇത്തരം പ്രശ്നങ്ങളുള്ള വിദ്യാർഥികൾക്ക് മെച്ചപ്പെട്ട ചികിത്സ ശരിയായ ചികിത്സാകേന്ദ്രത്തിൽ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ല ആരോഗ്യവകുപ്പുമായി ചേർന്നാണ് ജില്ല പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ആര്യാട് ഡിവിഷനിൽ നടക്കുന്ന പദ്ധതി മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.കുട്ടികളുടെ വിവരശേഖരണം ഗൂഗിൾ ഫോം വഴി എല്ലാ പ്രധാന അധ്യാപകരും നടത്തിയിട്ടുണ്ട്. ആദ്യംതന്നെ ചികിത്സിക്കാൻ കഴിഞ്ഞാൽ കുട്ടികളുടെ ഭാവി സുരക്ഷിതമായിരിക്കും. അതിനായാണ് ജില്ല പഞ്ചായത്ത് ഹൃദയപൂർവം പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ല പഞ്ചായത്ത് അംഗം ആർ.റിയാസ് പറഞ്ഞു. പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗം ശനിയാഴ്ച രാവിലെ 10ന് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ നടക്കും. സ്കൂളിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്ക്രീനിങ്ങും നടക്കും. രജിസ്ട്രേഷൻ നടത്താൻ കഴിയാതെപോയ ആര്യാട് ഡിവിഷനിൽപെട്ട 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മീറ്റിങ്ങിൽ പങ്കെടുക്കാം.
മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ വാർഡുകൾ ചേരുന്നതാണ് ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷൻ. കൂടുതൽ വിവരങ്ങൾക്ക്: 9947277992, +91 80787 95504, 9947528616 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.