കടപ്പുറം വനിത-ശിശു ആശുപത്രി: അമ്മക്കും കുഞ്ഞിനും കരുതൽ; ശുചിത്വത്തിൽ മാതൃക, പക്ഷേ...
text_fieldsആലപ്പുഴ: ശുചിത്വത്തിലും പരിചരണത്തിലും സംസ്ഥാനത്തെ മികച്ച ആതുരാലയങ്ങളിലൊന്നാണ് ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടന്നിരുന്ന ആശുപത്രിയാണിത്. ഗൈനക്, പീഡിയാട്രിക് വിഭാഗങ്ങളിലായി പ്രതിദിനം ശരാശരി 450 ഒ.പി നടക്കുന്നു.
തുടർച്ചയായി ഒമ്പതുവർഷം പൊല്യൂഷൻ കൺട്രോൾ ബോർഡ് സംസ്ഥാനത്തെ ഏറ്റവും ശുചിത്വമുള്ള ആശുപത്രികളിലൊന്നായി തെരഞ്ഞെടുത്തു.സ്ത്രീകളുടെ ഒ.പി പരിശോധന, പ്രസവസംബന്ധമായ കാര്യങ്ങൾ, പ്രസവ ശസ്ത്രക്രിയ, സ്ത്രീസഹജ രോഗചികിത്സ, കുട്ടികളുടെ ചികിത്സക്ക് സ്പെഷൽ ന്യൂബോൺ കെയർ യൂനിറ്റ് എന്നിവയുമുണ്ട്. പ്രസവശേഷം കുട്ടികൾക്ക് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന സംവിധാനം യൂനിറ്റിലുണ്ട്.
മഴക്കാലം വരുമ്പോൾ ഗർഭിണികളെ ആദ്യം പ്രവേശിപ്പിക്കുന്ന മുറികൾ ചോരുന്നത് ആശുപത്രിയിലെ വലിയ പ്രശ്നമായിരുന്നു. അതൊഴിവാക്കാൻ ലേബർ റൂം തിയറ്റർ കോംപ്ലക്സായി മാറ്റുകയാണ്. മുഴുവൻ പണിയും ഏതാണ്ട് പൂർത്തിയായി.
കാത്തിരുന്നിട്ടും എക്സ്-റേ യൂനിറ്റ് വന്നില്ല
നാഷനൽ ഹെൽത്ത് മിഷെൻറ ഓപറേഷൻ തിയറ്ററിന് താഴെ ഫണ്ട് അനുവദിപ്പിച്ച് എക്സ്-റേ യൂനിറ്റിനായി കെട്ടിടം നവീകരിച്ചെങ്കിലും നടപടിയുണ്ടായില്ല. നിലവാരമുള്ള കമ്പ്യൂട്ടറൈസ്ഡ് എക്സ്-റേ സെറ്റാണ് അനുവദിച്ചത്. അത് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ജനറൽ ആശുപത്രി കോവിഡ് ആശുപത്രിയായി മാറിയതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്രയമായ ആശുപത്രിയിൽ എക്സ്-േറ സംവിധാനം ഇല്ലാത്തത് രോഗികെള വലക്കുന്നു.
ക്വാർട്ടേഴ്സ് കോംപ്ലക്സ് അനിവാര്യം
പഴയ ഒരു ക്വാർട്ടേഴ്സാണ് നിലവിലുള്ളത്. കാലപ്പഴക്കം ചെന്നതും സൗകര്യങ്ങളുടെ പരിമിതിയും ഈ കെട്ടിടത്തിെൻറ പ്രധാന പ്രശ്നമാണ്. അത്യാധുനിക സൗകര്യത്തോടെ മികച്ച ക്വാർട്ടേഴ്സ് കോംപ്ലക്സാണ് ആവശ്യം. ആശുപത്രിയിൽ വരുന്ന രോഗികൾക്ക് കൂടുതൽ സേവനം ലഭ്യമാക്കുന്ന തരത്തിൽ ഡോക്ടർമാർക്ക് ഇവിടെ താമസിക്കാൻ കഴിയണം.
പദ്ധതികളുടെ സൂത്രധാരൻ ഡോ. മുരളീധരൻപിള്ള
ആശുപത്രിയെ മികച്ച നിലവാരത്തിലെത്തിക്കുന്നതിൽ മുൻ സൂപ്രണ്ട് സി. മുരളീധരൻപിള്ള വഹിച്ച പങ്ക് വലുതാണ്. ആവിഷ്കരിച്ച പദ്ധതികളിൽ പലതും പൂർത്തിയാകുന്നതിനു മുമ്പേ സ്ഥാനക്കയറ്റം ലഭിച്ച് മ
ടങ്ങേണ്ടി വന്നത് പ്രവർത്തനങ്ങളുടെ വേഗത കുറച്ചു. 2015 മുതൽ 2019 വരെയുള്ള അദ്ദേഹത്തിെൻറ കാലയളവിൽ 34 ലക്ഷം രൂപയുടെ പുരസ്കാരങ്ങളാണ് ലഭിച്ചത്.
മന്ദഗതിയിൽ വികസനസമിതി യോഗങ്ങൾ
ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുത്ത സമിതിയുടെ ഇടപെടൽ കാര്യക്ഷമമല്ല. യോഗങ്ങളുടെ മന്ദഗതി ചർച്ചകൾക്കും തീരുമാനങ്ങൾക്കും തടസ്സമാകുന്നു. മൂന്നുമാസത്തിലൊരിക്കൽ നടക്കേണ്ട യോഗം കോവിഡ് കാലത്ത് നടന്നത് രണ്ടോ മൂന്നോ പ്രാവശ്യമാണ്. മാനദണ്ഡങ്ങൾ പാലിച്ച് ഓഫ്ലൈൻ മീറ്റിങ് ചേരാമെന്നിരിക്കെ ഓൺലൈൻ മാത്രമാക്കുന്നതിൽ അംഗങ്ങളിൽ പലർക്കും അമർഷമുണ്ട്. കലക്ടർ ചെയർമാനും സൂപ്രണ്ട് സെക്രട്ടറിയുമായ സമിതിയിൽ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കൂടാതെ വിവിധ രാഷ്ട്രീയ പ്രതിനിധികളുമുണ്ട്.
സിവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് വരുമോ?
മലിനജലം സംസ്കരിച്ച് വിമുക്തമാക്കുന്ന സിവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് വരുമോയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. ടെൻഡർ ചെയ്തെങ്കിലും ഈ തുകക്ക് നിർമാണം നടത്താൻ കരാറുകാർ തയാറാകുന്നില്ല. രണ്ട് കോടിയോളമാണ് പ്ലാൻറ് നിർമാണത്തിന് ചെലവ് വരുന്നത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിൽ വിഷയം അവതരിപ്പിച്ച് തുകയുടെ കുറവ് ബോധ്യപ്പെടുത്തി തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. തുക കണ്ടെത്തി നടപ്പിൽവരുത്താനുള്ള ചർച്ചകളും പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ശൗചാലയ മാലിന്യമുൾെപ്പടെ ശുദ്ധീകരിച്ച് ദോഷകരമല്ലാത്ത രീതിയിൽ പുറംതള്ളാൻ കഴിയുന്ന സിവേജ് ട്രീറ്റ്മെൻറ് പ്ലാൻറാണ് വേണ്ടത്. കഴിഞ്ഞ നഗരസഭ ഭരണസമിതി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്താമെന്ന് ഉറപ്പുനൽകിയെങ്കിലും നിലവിൽ ഫണ്ടില്ലെന്നാണ് പറയുന്നത്.
മാറ്റങ്ങൾ പ്രതീക്ഷിച്ച് കാൻറീൻ
ആസ്തി വികസന ഫണ്ടിൽനിന്ന് 28 ലക്ഷം രൂപയാണ് കാൻറീൻ നവീകരണത്തിന് അനുവദിച്ചത്. നടത്തിപ്പുകാർ മാറിക്കൊടുത്താൽ മാത്രമേ പി.ഡബ്ല്യു.ഡിക്ക് നിർമാണം തുടങ്ങാൻ കഴിയൂ. നിലവിലെ കാൻറീൻകൊണ്ട് ആശുപത്രിക്ക് പ്രയോജനമില്ലാത്ത സ്ഥിതിയാണ്.
ആയിരം രൂപ വൈദ്യുതി ചാർജും 1500 രൂപ വാടകയും മാത്രമാണ് ലഭിക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ നിരവധി സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. ഡിസംബറിൽ മാറിക്കൊടുക്കാമെന്നാണ് കാൻറീൻ നടത്തിപ്പുകാർ പറയുന്നത്. താൽക്കാലിക ഷെഡ് സ്ഥാപിച്ച് നിർമാണം നടക്കുന്നതുവരെ കാൻറീൻ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെങ്കിലും ഇവർ തയാറാകാതിരുന്നത് നിർമാണത്തിന് തടസ്സമായി.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.