ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി; നിർമാണ പ്രവർത്തനങ്ങള്‍ തോന്നുംപടി; തിരിഞ്ഞുനോക്കാതെ ഉദ്യോഗസ്ഥർ
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല. നടക്കുന്നത് കരാറുകാരന്റെ ഇഷ്ടപ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾ. ആശുപത്രിയിൽ കേന്ദ്ര- സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് കോടികളുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കരാർ നൽകുന്നത്. നിർമാണത്തിന്റെ എല്ലാ ഘട്ടത്തിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ശക്തമായ നിരീക്ഷണവും ഉണ്ടാകണമെന്ന് നിർദേശമുള്ളതാണ്. എന്നാൽ ആശുപത്രിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒരിക്കൽ പോലും ഉദ്യോഗസ്ഥർ എത്താറില്ലെന്ന് സി.ഐ.ടി.യു ഉൾപ്പെടെ യൂനിയനിലെ നേതാക്കൾ ആരോപിക്കുന്നു. നിർമാണ പ്രവർത്തനം നടക്കുന്നയിടങ്ങളിലെല്ലാം അവിടുന്ന് തന്നെയുള്ള മണലാണ് കെട്ടിട നിർമാണത്തിനായി ഉപയോഗിക്കുന്നതെന്നും യൂനിയനുകൾ പറയുന്നു.
ഈയിനത്തിൽ ലക്ഷങ്ങളാണ് കരാറുകാരന് ലാഭം. കരാറിൽ പുറമേ നിന്ന് മണലെത്തിക്കുന്ന പണം കൂടി ഉൾപ്പെടുത്താറുണ്ട്. എന്നാൽ നിർമാണം നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ മണലെടുത്ത് കെട്ടിടങ്ങൾ നിർമിക്കുമ്പോൾ നൂറുകണക്കിന് ലോഡ് മണലിന്റെ പണമാണ് കരാറുകാരന്റെ കൈയിലാകുന്നത്. ഇത് ചോദ്യം ചെയ്തതിനാലാണ് കഴിഞ്ഞ ദിവസം സ്ട്രോക്ക് ബ്ലോക്കിന്റെ കെട്ടിട നിർമാണത്തിൽ നിന്ന് പ്രാദേശിക തൊഴിലാളികളെ ഒഴിവാക്കി ഇതര സംസ്ഥാന തൊഴിലാളികളെ കരാറുകാരൻ നിർത്തിയത്. വിവിധ യൂനിയനുകളിലെ നാല് തൊഴിലാളികളെ ജോലിക്ക് നിർത്തണമെന്ന് ലേബർ ഓഫീസിൽ നിന്ന് നിർദേശിച്ചിരുന്നെങ്കിലും കരാറുകാരൻ ഇത് പാലിച്ചിരുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഇതിനെത്തുടർന്നാണ്
കോൺക്രീറ്റ് ജോലിക്കായി റെഡിമിക്സുമായെത്തിയ വാഹനങ്ങൾ യൂനിയൻ പ്രവർത്തകർ തടഞ്ഞത്. അഞ്ച് വാഹനങ്ങളിലായാണ് റെഡി മിക്സ് എത്തിച്ചത്. റെഡിമിക്സ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുമ്പോഴും തൊഴിലാളികളുടെ ആവശ്യമുണ്ട്. കോണ്‍ക്രീറ്റ് മിശ്രിതം ക്യത്യമായി ഉറപ്പിക്കുന്ന വൈബ്രേറ്റിങ് യന്ത്രവും മറ്റും പ്രയോഗിക്കുന്നതിന് പരിശീലനമുള്ള തൊഴിലാളികൾ വേണം. എന്നാല്‍ പ്രാദേശിക തൊഴിലാളികളെ ഒഴിവാക്കിയുള്ള
നിർമാണ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്ന് യൂനിയനുകൾ നിലപാട് സ്വീകരിക്കുകയായിരുന്നു. കരാറുകാരനിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങുന്നത് കൊണ്ടാണ് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ ഇവിടേക്ക് തിരിഞ്ഞുനോക്കാത്തതെന്നും ആരോപണമുണ്ട്.
കരാറുകാരനെ വഴിവിട്ട് സഹായിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കൂടാതെ ഇയാള്‍ നടത്തിയിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരവും അളവുകളും പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ വിസ്തീര്‍ണം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥയോട് തട്ടിക്കയറുകയും അളവ് തടസ്സപ്പെടുത്തിയതായ പരാതിയും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത ഇടപെടലില്‍ ഉദ്യോഗസ്ഥക്ക് പരാതി പിന്‍വലിക്കേണ്ടിവന്നതും ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.