ആലപ്പുഴ മൊബിലിറ്റി ഹബ്; കാടുകയറി വളവനാട് ഗാരേജ്
text_fieldsആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിനെയും ബോട്ട്ജെട്ടിയെയും കോർത്തിണക്കി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്നപദ്ധതിയായ ആലപ്പുഴ മൊബിലിറ്റി ഹബ് എങ്ങുമെത്തിയില്ല. നിർമാണത്തിന് മുന്നോടിയായി മാറ്റാൻ നിശ്ചയിച്ച വളവനാട് കെ.എസ്.ആർ.ടി.സി ഗാരേജ് കാടുകയറി നശിക്കുകയാണ്. 90 ശതമാനം പണി പൂർത്തിയാക്കിയിട്ടും കാര്യങ്ങൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഗാരേജ് മാറ്റിയാലും ഹബ് നിർമാണം എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഹബ് വരുന്നതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ബലക്ഷയം നേരിടുകയാണ്.
നിർമാണച്ചുമതലയുളള ‘ഇൻകെൽ’ രൂപരേഖയിൽ മാറ്റംവരുത്തി സമർപ്പിച്ച പ്ലാനിന് ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ അന്തിമ അനുമതി കിട്ടാൻ കാലതാമസം നേരിട്ടതാണ് പദ്ധതിക്ക് തടസ്സമായത്. നിലവിൽ ഹബിന്റെ രൂപരേഖ ചുണ്ടൻവള്ളത്തിന്റെ മാതൃകയാണ്. പൈതൃകപദ്ധതി പ്രദേശമായതിനാൽ ആദ്യരൂപരേഖയിലെ വള്ളത്തിന്റെ ഉയരം കുറക്കണമെന്നതായിരുന്നു പ്രധാനനിർദേശം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി പ്രഖ്യാപിച്ചിട്ട് എട്ടുവർഷമായി.
കലവൂർ വളവനാട് ഹൗസിങ് ബോർഡിന്റെ ആറ് ഏക്കർ സ്ഥലത്ത് വർക്ക്ഷോപ്, താൽക്കാലിക ഗാരേജ് എന്നിവ സജ്ജമാക്കാൻ നിർമാണം തുടങ്ങിയത് മാത്രമാണ് നടന്നത്. ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഒരുപണിയും തുടങ്ങിയിട്ടില്ല. നിർമാണം നീണ്ടതോടെ വളവനാട് വിട്ടുനിൽകിയ സ്ഥലം തിരികെ ആവശ്യപ്പെട്ട് ഹൗസിങ് ബോർഡ് ഇൻകെലിനും ഗതാഗതവകുപ്പിനും നോട്ടീസ് നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിക്ക് സ്വന്തംനിലക്ക് വാടക നൽകാനുള്ള സാമ്പത്തികശേഷി ഇല്ല. അതിനാൽ ധനവകുപ്പിന്റെ സഹായം വേണം. നിലവിൽ വളവനാട് ഏഴുകോടിയോളം രൂപയുടെ ‘പണികൾ’ പൂർത്തിയാക്കി. ബാക്കികൂടി പൂർത്തിയാക്കി അങ്ങോട്ടേക്ക് മാറ്റിയാൽ മാത്രമേ ആലപ്പുഴ ഡിപ്പോയിലെ നിലവിലെ പഴയകെട്ടിടങ്ങൾ പൊളിച്ചുനീക്കി മൊബിലിറ്റി ഹബിന്റെ പ്രവർത്തനം തുടങ്ങാനാവൂ.
ഒന്നേമുക്കാൽ ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിൽ 4.07ഏക്കറിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഹബ് നിർമാണം. കഫറ്റേരിയ, വെയിറ്റിങ് ലോഞ്ചുകൾ, ശൗചാലയം, ഇൻഫർമേഷൻ ഡെസ്ക്, സ്റ്റാർ ഹോട്ടൽ, റസ്റ്റാറന്റുകൾ, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, മേൽക്കൂരത്തോട്ടം, മൾട്ടിപ്ലക്സ് തിയറ്റർ, വെയിറ്റിങ് ലോബി, ടിക്കറ്റ് കൗണ്ടർ, ഫുഡ് കോർട്ട് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രൂപരേഖക്ക് അനുമതിയായി; ഇനിയും കാത്തിരിക്കണം
മൊബിലിറ്റി ഹബിനായി പലതവണ മാറ്റിവരച്ച രൂപരേഖക്ക് ആലപ്പുഴ ടൗൺ പ്ലാനിങ് ഓഫിസർ അനുമതി നൽകി. തിരുവനന്തപുരം ചീഫ് പ്ലാനർക്ക് സമർപ്പിച്ച രൂപരേഖക്ക് അന്തിമ അനുമതി കിട്ടിയതിനുശേഷം നഗരസഭ പെർമിറ്റ് അനുവദിച്ചാൽ മാത്രമേ പണി തുടങ്ങാനാവൂ. പലതവണ അപാകതകൾ കണ്ടെത്തിയ രൂപരേഖ കേരളത്തനിമയുള്ള ചുണ്ടൻ വള്ളത്തിന്റെ മാതൃകയിലാണ്. ലേഔട്ട് അപ്രൂവൽ ഫീസ് എന്നയിനത്തിൽ ചതുരശ്രമീറ്ററിന് മൂന്നു രൂപ നിരക്കിൽ ടൗൺ പ്ലാനിങ് ഓഫിസിൽ അടച്ച് അനുമതി നേരത്തേ വാങ്ങാമായിരുന്നു. പണം അടക്കാൻ വൈകിയതിനാലാണ് ടൗൺ പ്ലാനിങ് ഓഫിസിൽനിന്ന് അനുമതി കിട്ടാൻ കാലതാമസമെടുത്തത്.
പൈതൃകപദ്ധതി പ്രദേശമായതിനാൽ ആദ്യരൂപരേഖയിലെ വള്ളത്തിന്റെ ഉയരം കുറക്കണമെന്നതായിരുന്നു പ്രധാനനിർദേശം. ഇതനുസരിച്ച് ‘ഇൻകെൽ’ മാറ്റിവരച്ച പ്ലാൻ സമർപ്പിച്ച രൂപരേഖക്കാണ് അനുമതി നൽകിയത്. കനാലിന് സമീപത്തെ കെട്ടിടം സോൺ സെവനിൽ ആയതിനാൽ സ്റ്റാൻഡിന്റെ ഭാഗത്തെ നിർമാണത്തിന് ഹെറിറ്റേജ് കമ്മിറ്റിയുടെ അനുമതി വേണമായിരുന്നു.
ആലപ്പുഴ നഗരസഭയുടെ മാസ്റ്റർപ്ലാൻപ്രകാരം നിലവിൽ പൈതൃകപദ്ധതിയുടെ പ്രദേശത്ത് ഒമ്പതു മീറ്റർ ഉയരത്തിൽനിന്ന് 12 മീറ്റർവരെ ഉയരം കൂട്ടാൻപറ്റും. അതിനനുസരിച്ച് പരിഷ്കരിച്ച പദ്ധതിരേഖയിൽ ഉയരം വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.