ആലപ്പുഴ നഗരസഭ; 2.5 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി
text_fieldsആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ അംഗീകാരം ലഭിച്ച 2.5 കോടിയുടെ പദ്ധതികൾ ഉപേക്ഷിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം മറികടന്നായിരുന്നു തീരുമാനം. വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചതിന് പിന്നാലെ പദ്ധതികൾ വെട്ടിക്കുറച്ച തീരുമാനം അംഗീകരിക്കുകയായിരുന്നു. വിജ്ഞാന നഗരം, മുല്ലക്കൽ തെരുവ് നവീകരണം, പടുതാക്കുളം മത്സ്യകൃഷി, ജനറൽ ആശുപത്രി കെട്ടിടം അറ്റകുറ്റപ്പണി, ഗ്രന്ഥശാലകൾക്ക് കമ്പ്യൂട്ടറും ഇന്റർനെറ്റും പാലിയേറ്റിവ് പരിശീലനം, ടേക് എ ബ്രേക്ക് പദ്ധതി, രാജാ കേശവദാസ് പാർക്ക്, എയ്റോബിൻ യൂനിറ്റ്, തെരുവ് വിളക്കുകൾ, സ്കൂളുകൾക്ക് ബെഞ്ച്, ഡെസ്ക് വിതരണം അടക്കമുള്ള പദ്ധതികളുടെ തുകയാണ് വെട്ടിക്കുറച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനെതിരെ സർക്കാറിലേക്ക് കൂട്ടായി പ്രമേയം അയക്കണമെന്ന പ്രതിപക്ഷ ആവശ്യം കൗൺസിൽ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് സഭ ബഹിഷ്കരിച്ചത്. നഗരസഭ പടിക്കൽ നടത്തിയ പ്രതിഷേധ ധർണ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു ഉദ്ഘാടനം ചെയ്തു.
അംഗങ്ങളായ പി.എസ്. ഫൈസൽ, അമ്പിളി അരവിന്ദ്, പി.ജി. എലിസബത്ത്, ജെസിമോൾ ബെനഡിക്റ്റ്, ബിജി ശങ്കർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭക്ക് അനുമതി നല്കിയ തുകയില്‍നിന്നും സര്‍ക്കാര്‍ 2.5 കോടി രൂപ തിരിച്ചുപിടിച്ചതിനാലാണ് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.