ഡ്രോൺ പറന്നു; ആലപ്പുഴ നഗരസഭ ഭൗമവിവരശേഖരണത്തിന് തുടക്കം
text_fieldsആലപ്പുഴ: ആലപ്പുഴയെ സമ്പൂര്‍ണ്ണ ഭൗമവിവര നഗരസഭയാക്കി മാറ്റുന്നതിന് ഡ്രോണ്‍ മാപ്പിങ് സർവേക്ക് തുടക്കമായി. നഗരസഭ പരിസരത്ത് ഡ്രോണ്‍ പറത്തി എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ പരിധിയിലെ ഭൂമിയിലുള്ള നിര്‍മിതികളുടെയും ജലാശയങ്ങൾ ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെയും വിവരങ്ങള്‍ വിവിധതരത്തിലെ മാപ്പുകളാക്കി ശേഖരിക്കും.
ഡ്രോണ്‍ മാപ്പിങ്ങിലൂടെയും നേരിട്ടും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ജിയോ മാപ്പിങ് നടത്തി ഭൗമവിവരങ്ങൾ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്.
ജലസ്രോതസ്സുകള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, തെരുവ് വിളക്കുകള്‍, കുടിവെള്ള പൈപ്പുകള്‍, വിദ്യാഭ്യാസ- ആരോഗ്യസ്ഥാപനങ്ങള്‍, കുളങ്ങള്‍, തോടുകള്‍, കിണറുകള്‍, പാലങ്ങള്‍ എന്നിവയെല്ലാം ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തും. കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം, കുടുംബാംഗങ്ങളുടെ പൊതു വിവരങ്ങള്‍ എന്നിവയുമുണ്ടാകും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗപെടുത്തിയാണ് സർവേ പൂർത്തിയാക്കുന്നത്. ഇതിനൊപ്പം വീടുകളിലെത്തി സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ 50പേരെ നിയോഗിച്ചിട്ടുണ്ട്. സർവേയിലൂടെ നഗരസഭയുടെ ആസ്തികളുടെ പുതിയവിവരങ്ങളും കൈമാറിയ സ്ഥാപനങ്ങളെക്കുറിച്ചും അറിയാനാകും.
62 ലക്ഷം രൂപയുടെ പദ്ധതിക്ക് സാങ്കേതികസഹായം നല്‍കുന്നത് കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിലെ വിദഗ്ധരാണ്. മാര്‍ച്ച് 31ന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കും. ഇതോടെ നഗരസഭയിലെ എല്ലാവിവരങ്ങളും ലഭ്യമാകുന്ന വിധത്തിലെ പ്രത്യേക ആപ്പും പ്രവര്‍ത്തനക്ഷമമാക്കും. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, നസീർ പുന്നക്കല്‍, കക്ഷിനേതാക്കളായ ഡി.പി. മധു, സലിം മുല്ലാത്ത്, സെക്രട്ടറി എ.എം. മുംതാസ്, ഡപ്യൂട്ടി സെക്രട്ടറി മാലിനി ആർ. കര്‍ത്ത, ഹെല്‍ത്ത് ഓഫിസര്‍ കെ.പി. വർഗീസ്, കരകുളം ഗ്രാമീണ പഠനകേന്ദ്രം കോഓര്‍ഡിനേറ്റര്‍ വി. ശ്രീകണ്ഠന് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.