മരം വീണ് മരണം: നഗരസഭ യോഗം വിളിക്കും
text_fieldsആലപ്പുഴ: നഗരത്തിൽ ദുരന്തം ആവർത്തിച്ച സാഹചര്യത്തിൽ വിവിധയിടങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യം. അടുത്തിടെ നഗരത്തിലുണ്ടായ അപകടമരണം ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ആലപ്പുഴ നഗരസഭ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. മട്ടാഞ്ചേരി പാലത്തിന് സമീപം കനത്ത കാറ്റിൽ ദമ്പതികൾക്കിടയിലേക്ക് മരംവീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് പവർഹൗസ് വാർഡ് സിയ മൻസിലിൽ ഉനൈസാണ് (30) മരിച്ചത്. റോഡരികിൽ നിൽക്കുന്നതടക്കം മരങ്ങളുമായി ബന്ധപ്പെട്ട് പല കേസുകളുമുണ്ട്. പലപ്പോഴും ജനങ്ങളിൽനിന്ന് പരാതികൾ ലഭിക്കുമ്പോൾ നോട്ടീസ് നൽകുന്നതിൽ മാത്രം നഗരസഭയുടെ നടപടി ഒതുങ്ങുകയാണെന്ന് കൗൺസിലർമാർ പരാതിപ്പെട്ടു. പലയിടങ്ങളിലും മുറിച്ച മരങ്ങൾ വഴിയോരത്തുതന്നെ കിടക്കുകയാണ്. ബന്ധപ്പെട്ടവർ ഇത് നീക്കാൻ തയാറാകുന്നില്ല. ഈ വിഷയത്തിൽ നിയമപരമായി നഗരസഭക്ക് എന്തുചെയ്യാനാകുമെന്ന് പരിശോധിക്കണമെന്ന് സ്റ്റേഡിയം വാർഡ് കൗൺസിലർ ബി. അജേഷ് ആവശ്യപ്പെട്ടു. ജനങ്ങളിൽനിന്ന് പരാതികൾ ഉയരുമ്പോൾ അത് പരിഹരിക്കുന്നതിൽ തുടർച്ചയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ പൊതുമരാമത്ത്, ദേശീയപാത വിഭാഗം, മുസ്രിസ് അടക്കമുള്ള മറ്റ് വകുപ്പുകളുമായി ചേർന്ന് യോഗം വിളിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ അപകടഭീഷണിയായ പരസ്യ ബോർഡുകളെക്കുറിച്ചും പരിശോധന വേണമെന്ന് ആവശ്യമുയർന്നു.
യോഗത്തിൽ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, എം.ആർ. പ്രേം, സൗമ്യരാജ്, അഡ്വ. റീഗോ രാജു, മനു ഉപേന്ദ്രന്, മെഹബൂബ്, അരവിന്ദാക്ഷന്, സെക്രട്ടറി എ.എം. മുംതാസ്, എൻജിനീയര് ഷിബു നാല്പാട്ട് എന്നിവർ പങ്കെടുത്തു.
പൊളിച്ച റോഡ് നന്നാക്കിയില്ല; കൗൺസിൽ ബഹിഷ്കരിച്ചു
നാലുവർഷമായി പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിഷേധം. അത്തിത്തറ-കാവിത്തോട് റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മയുടെ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് കൗൺസിലർ സി. അരവിന്ദാക്ഷൻ യോഗം ബഹിഷ്കരിച്ചത്. പൊളിച്ച റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ നേരിട്ടും അല്ലാതെയും പരാതി ഉന്നയിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം. റോഡ് നിർമാണം തുടങ്ങിയതിനുശേഷം മാത്രമേ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.