സൗമ്യ മാറും; പകരം ജയമ്മ: ആലപ്പുഴ നഗരസഭ നേതൃമാറ്റം; നിർണായകയോഗം ഇന്ന്
text_fieldsആലപ്പുഴ: ആലപ്പുഴ നഗരസഭ നേതൃമാറ്റവുമായി ബന്ധപ്പെട്ട സി.പി.എം നിർണായകയോഗം ബുധനാഴ്ച നടക്കും. പാർട്ടി ഏരിയ കമ്മിറ്റി ഓഫിസിൽ വൈകീട്ട് മൂന്നിന് ചേരുന്ന നഗരസഭ പാർലമെന്ററി പാർട്ടി യോഗത്തിൽ നഗരസഭാധ്യക്ഷ, സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷന്മാരുടെ മാറ്റമടക്കമുള്ള കാര്യത്തിൽ ചർച്ചയുണ്ടാകും.
അധ്യക്ഷ പദവിയടക്കമുള്ള നേതൃമാറ്റത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം യോഗത്തിൽ നേതാക്കൾ റിപ്പോർട്ട് ചെയ്യും. നിലവിലെ ചെയർപേഴ്സൻ സൗമ്യരാജിനെ മാറ്റി നെഹ്റുട്രോഫി വാർഡ് കൗൺസിലറും മുതിർന്ന നേതാവുമായ കെ.കെ. ജയമ്മയെ ചെയർപേഴ്സൻ ആക്കാനാണ് സാധ്യത.
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം ഊഴംവെച്ച് പങ്കിടുന്ന രീതി സി.പി.എമ്മിന് പതിവില്ലാത്തതാണ്. അതിനാൽ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അനുമതി തേടിയശേഷം തീരുമാനം നടപ്പാക്കും.
പദവി വീതംവെക്കുന്ന കീഴ്വഴക്കത്തിന് മാറ്റമുണ്ടായത് ആലപ്പുഴയിൽ അടുത്തിടെ നടന്ന സംഭവവികാസങ്ങളാണെന്നാണ് സൂചന. ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായി പാർട്ടി പുറത്താക്കിയ എ. ഷാനവാസ് ഉൾപ്പെടെ സ്ഥിരംസമിതി അധ്യക്ഷന്മാരും മാറും.
മുൻമന്ത്രി ജി. സുധാകരൻ, പി.പി. ചിത്തരഞ്ജൻ അടക്കമുള്ള നേതാക്കളുടെ പിന്തുണയിലാണ് നിലവിലെ ചെയർപേഴ്സൻ സൗമ്യരാജ് അധ്യക്ഷപദവിയിലെത്തിയത്.
എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരം തിരിച്ചുപിടിച്ച നഗരസഭയിൽ മുതിർന്ന സി.പി.എം അംഗമായ കെ.കെ. ജയമ്മയെ ചെയർപേഴ്സൻ ആക്കാൻ വലിയ സമ്മർദമുണ്ടായിരുന്നു.
ഇത് അവഗണിച്ചാണ് സൗമ്യരാജിനെ അന്ന് പാർട്ടി നിയോഗിച്ചത്. വിഭാഗീയതയെത്തുടർന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എക്കെതിരെ അച്ചടക്ക നടപടി വന്നതോടെ എതിർവിഭാഗം അവസരം മുതലെടുത്ത് നടത്തിയ പുതിയനീക്കമാണ് നേതൃമാറ്റത്തിന് കളമൊരുക്കിയത്.
2020ലെ തദ്ദേശതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ആലപ്പുഴ നഗരസഭ ചെയര്പേഴ്സൻ സ്ഥാനാർഥിയെച്ചൊല്ലി സി.പി.എമ്മിൽ തർക്കം ഉടലെടുത്തത്.
സൗമ്യരാജിനെ അധ്യക്ഷയാക്കിയതോടെ ജയമ്മയെ അനുകൂലിക്കുന്ന ബ്രാഞ്ച് സെക്രട്ടറിമാരടക്കം പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇത് പാർട്ടിക്ക് നാണക്കേടുണ്ടാക്കി. തുടർന്നാണ് സി.പി.എം നേതാക്കൾ ഇടപെട്ട് അധ്യക്ഷസ്ഥാനം രണ്ടരവർഷം വീതം പങ്കുവെക്കാമെന്ന് ധാരണയിലെത്തിയത്. ഇതിനൊപ്പം പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരിൽനിന്ന് വിശദീകരണവും തേടിയിരുന്നു.
സൗമ്യരാജ് അധ്യക്ഷയായിട്ട് ജൂൺ 27ന് രണ്ടരവർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയനീക്കം. സി.പി.ഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുടെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെയും മാറ്റുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.