ആലപ്പുഴ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പദവി: നാലു സീറ്റിലും എൽ.ഡി.എഫിന് ജയം
text_fieldsആലപ്പുഴ: നഗരസഭയിലെ നാല് സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. നാല് സീറ്റിൽ മൂന്നിൽ മത്സരം നടന്നപ്പോൾ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ എൽ.ഡി.എഫ് പ്രതിനിധി വിജയിച്ചു.ക്ഷേമകാര്യ കമ്മിറ്റി അംഗം സി.പി.എമ്മിലെ ഹെലൻ ഫെർണാണ്ടസിന്റെ വോട്ട് അസാധുവായി. പൊതുമരാമത്ത് കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ ബാലറ്റ് വാങ്ങാതെ വിട്ടുനിന്നു.
കറുകയിൽ വാർഡ് സി.പി.എം പ്രതിനിധി എം.ആർ. പ്രേം (പൊതുമരാമത്ത്), മുനിസിപ്പൽ ഓഫിസ് വാർഡ് സി.പി.എം അംഗം എ.എസ്. കവിത (ആരോഗ്യം), മുല്ലക്കൽ വാർഡിലെ എൻ.സി.പി അംഗം എം.ജി. സതീദേവി (വികസനം), വലിയമരം വാർഡിലെ എൽ.ജെ.ഡി അംഗം നസീർ പുന്നക്കൽ (ക്ഷേമകാര്യം) എന്നിവരാണ് വിജയിച്ചത്.
സബ് കലക്ടർ സൂരജ് ഷാജിയായിരുന്നു വരണാധികാരി. ആദ്യം നടന്നത് വികസന സ്ഥിരം സമിതി അധ്യക്ഷയുടെ തെരഞ്ഞെടുപ്പായിരുന്നു. സതീദേവിക്ക് ഏഴും എതിർസ്ഥാനാർഥി യു.ഡി.എഫിലെ എലിസബത്തിന് രണ്ട് വോട്ടും ലഭിച്ചു. തുടർന്ന് നടന്ന ക്ഷേമകാര്യം അധ്യക്ഷയുടെ തെരഞ്ഞടുപ്പിൽ വോട്ടുചെയ്ത സി.പി.എമ്മിലെ ഹെലൻ ഫെർണാണ്ടസിന്റെ വോട്ട് അസാധുവായി. രണ്ടിടത്തും മാർക്ക് ചെയ്തതാണ് അസാധുവാകാൻ കാരണം. നസീർ പുന്നക്കലിന് അഞ്ച് വോട്ടും എതിർസ്ഥാനാർഥി കോൺഗ്രസിലെ സജേഷ് ചക്കുപറമ്പിലിന് രണ്ടും വോട്ടും ലഭിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് കവിതയെ തെരഞ്ഞെടുത്തത്. കവിതക്ക് ആറ് വോട്ട് ലഭിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷെൻറ തെരഞ്ഞെടുപ്പിൽ എം.ആർ. പ്രേമിന് അഞ്ച് വോട്ടും എതിർ സ്ഥാനാർഥി യു.ഡി.എഫിലെ ശ്രീരേഖക്ക് ഒരുവോട്ടും കിട്ടി.പൊതുമരാമത്ത് കമ്മിറ്റിയിലെ അംഗങ്ങളായ സലിം മുല്ലാത്ത് (എസ്.ഡി.പി.ഐ), ബി. മെഹബൂബ് (സ്വത.) തുടങ്ങിയവർ ഹാജരായെങ്കിലും ബാലറ്റ് പേപ്പർ സ്വീകരിച്ചില്ല.
എൽ.ഡി.എഫ് ധാരണപ്രകാരം നാല് സ്ഥിരം സമിതി അധ്യക്ഷന്മാർ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പുതിയ നഗരസഭ അധ്യക്ഷയുടെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് മൂന്നിന് നടക്കും. രാവിലെ 10ന് കൗൺസിൽ യോഗം ചേരും. 10.30 മുതൽ വാക്കാൽ നാമനിർദേശം സ്വീകരിക്കും. മത്സരമുണ്ടായാൽ വേട്ടെടുപ്പ് നടത്തും. എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ധാരണയനുസരിച്ച് സൗമ്യരാജിനെ രാജിവെച്ച ഒഴിവിലാണ് നഗരസഭ അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുപ്പ്. നെഹ്റുട്രോഫി വാർഡിലെ മുതിർന്ന സി.പി.എം അംഗം കെ.കെ. ജയമ്മയെയാണ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.