ആലപ്പുഴ നഗരസഭ @ സമ്പൂർണ ഡിജിറ്റൽ
text_fieldsആലപ്പുഴ: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. കൗൺസിൽ യോഗത്തിൽ നഗരസഭാതല പ്രഖ്യാപനം നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ നിർവഹിച്ചു. കഴിഞ്ഞ ജൂലൈയിലാണ് നഗരസഭയിൽ പദ്ധതിയാരംഭിച്ചത്. മൂന്ന് മാസത്തിനകം ലക്ഷ്യം കൈവരിക്കാനായി. വിദ്യാർഥികൾ, ആശ വർക്കർമാർ, അംഗൻവാടി അധ്യാപകർ, എൻ.എസ്.എസ്, എൻ.സി.സി, കുടുംബശ്രീ, സാക്ഷരത മിഷൻ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, സന്നദ്ധ സേന, ലൈബ്രറി കൗൺസിൽ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സേവനവും ഉപയോഗപ്പെടുത്തി. ഇതിന് പിന്നിൽ 818 വളണ്ടിയർമാരും പ്രവർത്തിച്ചു.
52 വാർഡുകളിലെ 42867 വീടുകളിൽ നിന്ന് 78031 അംഗങ്ങളിൽ നടത്തിയ സർവേയിൽ 14നും 64നും ഇടയിലുളള 11583 പേർ ഡിജിറ്റൽ സാക്ഷരരല്ലെന്ന് കണ്ടെത്തി. തുടർന്ന് നാലുവാർഡുകൾ സംയുക്തമായി ക്ലാസുകൾ സംഘടിപ്പിച്ചു. കിടപ്പ് രോഗികൾ, വയോധികർ തുടങ്ങിയവർക്കായി വീടുകൾ കേന്ദ്രീകരിച്ച് പരിശീലനം നൽകി. മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി ഓൺലൈനായി വിവിധ അപേക്ഷകൾ സമർപ്പിക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയാനും സമൂഹ മാധ്യമം കൈകാര്യം ചെയ്യാനും പരിശീലനം നൽകി.
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് സർക്കാർ സേവനങ്ങൾ ഉപയോഗിക്കാനും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതി. മുനിസിപ്പൽ സെക്രട്ടറി എ.എം. മുംതാസ്, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു, എ.എസ്.കവിത, എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ സൗമ്യരാജ്, കൊച്ചുത്യേസ്യാമ്മ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ഡിജി സാക്ഷരത ശുദ്ധ അസംബന്ധം -പ്രതിപക്ഷം
ആലപ്പുഴ: നവംബർ ഒന്നിന് മുമ്പായി നഗരസഭകൾ ഡിജിറ്റൽ സാക്ഷരതയിൽ സമ്പൂർണത കൈവരിച്ചുവെന്നുള്ള പ്രഖ്യാപനം നടത്തണമെന്ന സംസ്ഥാന സർക്കാർ നിർദേശം പാലിക്കാൻ മാത്രമാണ് ആലപ്പുഴ നഗരസഭ പ്രഖ്യാപനം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു ആരോപിച്ചു. ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ ആവശ്യമായ നടപടികൾ ചെയ്യാതെ ഏതാനും ചില വാർഡുകളിൽ വളരെ കുറച്ച് ആളുകളെ ഇരുത്തി ഫോണിന്റെ ഉപയോഗം പറഞ്ഞു കൊടുത്തതാണ് പ്രഖ്യാപനം. ഭാഗികമായി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം നടത്തണമെന്ന പ്രതിപക്ഷ അവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങളായ റീഗോ രാജു , പി.എസ്.ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, സുമം സ്കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ തുടങ്ങിയവർ അജണ്ടയിൽ വിയോജനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.