ആലപ്പുഴ നഗരസഭ: വിദ്യാഭ്യാസ സ്ഥിരം സമിതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷണം ആവശ്യപ്പെടും
text_fieldsആലപ്പുഴ: നഗരസഭ മുൻ ഭരണസമിതിയുടെ കാലത്തെ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനം. 2018-19 കാലത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിലിലാണ് തീരുമാനം.
പർച്ചേസ് ഓർഡർപോലുമില്ലാതെ സാധനങ്ങൾ വാങ്ങുക, ക്രമവിരുദ്ധമായി സ്വകാര്യ ഏജൻസികൾക്ക് ബില്ലുകൾ മാറിനൽകുക, നിർവഹണ ഉദ്യോഗസ്ഥൻ രേഖകൾ ഹാജരാക്കാതിരിക്കുക, സ്കൂൾ ലൈബ്രറികൾക്ക് പുസ്തകം വാങ്ങിയതിലെയും പട്ടികജാതി വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തതിലെയും ക്രമക്കേട്, അർഹത മാനദണ്ഡം പരിഗണിക്കാതെ പട്ടികജാതി വിദ്യാർഥികൾക്കുള്ള സൈക്കിൾ വിതരണം, തുടങ്ങിക്കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ വിദ്യാഭ്യാസ സ്ഥിരം സമിതി പ്രവർത്തനങ്ങളിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻ ഭരണസമിതിയുെടയും പ്രത്യേകിച്ച്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷെൻറയും പ്രവർത്തനം വിജിലൻസ് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭാധ്യക്ഷ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ ബീന രമേശ്, ബിന്ദു തോമസ്, എ. ഷാനവാസ്, കെ. ബാബു, ആർ. വിനീത, കക്ഷിനേതാക്കളായ എം.ആർ. പ്രേം, ഡി.പി. മധു, റീഗോ രാജു, ഹരികൃഷ്ണൻ, എം.ജി. സതീദേവി, നസീർ പുന്നക്കൽ, സലീം മുല്ലാത്ത്, രതീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.