രണ്ട് മാസത്തിനകം ആലപ്പുഴ റവന്യൂ ഇ-സാക്ഷരത ജില്ല -മന്ത്രി കെ. രാജൻ
text_fieldsആലപ്പുഴ: രണ്ട് മാസംകൊണ്ട് ജില്ലയിലെ റവന്യൂ വിഭാഗത്തെ സമ്പൂർണ ഇ-സാക്ഷരത ജില്ലയാക്കി മാറ്റാൻ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി കെ. രാജൻ. ചേർത്തല തെക്ക് സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പരമാവധി പേരെ മണ്ണിന്റെ ഉടമകളാക്കി മാറ്റുകയെന്നതാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യം. വില്ലേജ് ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള പ്രവർത്തനങ്ങൾക്ക് വേഗം വർധിപ്പിക്കാൻ ഏറ്റവും പ്രധാനപ്പെട്ട വഴി സമ്പൂർണ ഡിജിറ്റലൈസേഷനാണ്. ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കേണ്ടിവരുന്നത് വില്ലേജ് ഓഫിസുകളെയാണ്. അതിനാലാണ് റവന്യൂ വകുപ്പിന്റെ ഡിജിറ്റലൈസേഷൻ വില്ലേജിൽനിന്ന് തുടങ്ങുന്നത്.
ആധുനിക കാലത്തിന്റെ തിരക്കിനനുസരിച്ച് ഏതൊരു സാധാരണക്കാരനും അവന്റെ വീട്ടിലിരുന്നാൽ കൈവെള്ളയിൽ സകല വിവരങ്ങളും ലഭ്യമാകുന്ന വിധത്തിലുള്ള ഡിജിറ്റലൈസേഷനിലേക്കാണ് വകുപ്പ് പോകുന്നത്. മേയ് മുതൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെയും കുടുംബശ്രീ അംഗങ്ങളെയും തദ്ദേശ വകുപ്പ് ജീവനക്കാരെയും ജനപ്രതിനിധികളെയും എസ്.പി.സി, യുവജന ക്ലബുകളെ അടക്കം പങ്കെടുപ്പിച്ച് ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും പരസഹായമില്ലാതെ റവന്യൂ വകുപ്പിന്റെ ഏത് ആവശ്യങ്ങൾക്കും പരാതി തയാറാക്കാൻ കഴിയുംവിധം റവന്യൂ ഇ-സാക്ഷരതക്ക് സംസ്ഥാനത്ത് തുടക്കംകുറിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ചേർത്തലയിലെ താലൂക്ക് ഓഫിസ് തടസ്സങ്ങൾ മറികടന്ന് പുനർനിർമിക്കുമെന്ന് മന്ത്രി രാജൻ ഉറപ്പു നൽകി. താലൂക്ക് ഓഫിസിൽ ചേർന്ന ചേർത്തലയിലെ റവന്യൂ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി. പ്രസാദും പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടർ ഹരിത വി. കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, പി.ഡബ്ല്യു.ഡി കെട്ടിടവിഭഗം എക്സിക്യൂട്ടിവ് എൻജിനീയർ ഐ. റംല ബീവി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.