ടൂറിസം പ്രതീക്ഷകൾ വാനോളം; യാഥാർഥ്യമാക്കാൻ അധികൃതർ
text_fieldsആലപ്പുഴ: പ്രളയവും കോവിഡും ഉണ്ടാക്കിയ നഷ്ടക്കണക്കുകൾ പിന്നിട്ട് വൻതിരിച്ചു വരവിൽ ടൂറിസം മേഖല. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ പ്രതീക്ഷകൾ വാനോളമാണ്. കോവിഡ് മഹാമാരിയുണ്ടാക്കിയ നടുക്കത്തിൽനിന്ന് ടൂറിസം മേഖല തിരിച്ചു വരുകയാണ്. 2023ൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഒന്നരക്കോടിയിലെത്തുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ചത്. ടൈം മാഗസിൻ ലോകത്ത് സന്ദർശിക്കേണ്ട പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തത് മേഖലക്കുള്ള അംഗീകാരമാണ്.
2021ൽ സ്പോൺസർ ഇല്ലാതെയാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) നടന്നത്. സി.ബി.എല്ലിന്റെ ഭാഗമായ 12 വള്ളംകളികളിൽ അഞ്ചും ജില്ലയിലാണ്. കൂടുതൽ സ്പോൺസർമാരെ ലഭിച്ചാൽ മികച്ച രീതിയിൽ വള്ളംകളികൾ നടത്താനാകും. നെഹ്റു ട്രോഫി വള്ളംകളിക്ക് കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനും കഴിയും. 2023ൽ കൂടുതൽ ജനങ്ങൾ പുന്നമടയിലേക്ക് ഒഴുകിയെത്തുമെന്നുമെന്നാണ് പ്രതീക്ഷ. ഈ പ്രതീക്ഷയിൽ ഒരു ഡസനോളം പുത്തൻ ചുണ്ടനുകൾ പണിപ്പുരയിലുമാണ്.
ആലപ്പുഴ നഗരത്തിലെ കനാലുകൾ വെനീസ് മാതൃകയിൽ സഞ്ചാരികളെ ആകർഷിക്കാനാകും വിധം മാറ്റും. കനാലിന് സംരക്ഷണ ഭിത്തികെട്ടി, വൃത്തിയാക്കി, തുഴവള്ളങ്ങളിൽ സഞ്ചാരികൾക്ക് നഗരം ചുറ്റിക്കാണാനുള്ള അവസരമാകും ഒരുക്കുക. സീ കുട്ടനാട്, വേഗ ബോട്ടുകളിൽ കായൽ സൗന്ദര്യം ആസ്വദിക്കാനുള്ള യാത്രകളിൽ തിരക്കുണ്ട്. കൂടുതൽ സൗകര്യങ്ങളുള്ള ബോട്ടുകളും കൂടുതൽ സർവിസുകളുമായി കുറഞ്ഞ ചെലവിൽ സഞ്ചാരികളെ ആകർഷിക്കാൻ ജലഗതാഗത വകുപ്പിന് ആലോചനയുണ്ട്. അന്ധകാരനഴി, മാരാരിക്കുളം, ആലപ്പുഴ ബീച്ചുകളിൽ ജലകേളികളിൽ ഏർപ്പെടാനുള്ള സൗകര്യവും ഒരുക്കും. വട്ടക്കായലിൽ അഡ്വഞ്ചർ വാട്ടർ സ്പോർട്സ് സൗകര്യം കൊണ്ടുവരാൻ ഡി.ടി.പി.സി പദ്ധതി തയാറാക്കിയിട്ടുണ്ട്. മുസ്രിസ് പദ്ധതിയുടെ ഭാഗമായ കയർ, നാര് മ്യൂസിയങ്ങൾ ഉടൻ പൂർത്തിയാകും. ആലപ്പുഴ നഗരത്തിൽ തന്നെ സീ വ്യൂ അഡ്വഞ്ചർ പാർക്ക് സജ്ജമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.