ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി: ഇന്ന് തീരുമോ സസ്പെൻസ്
text_fieldsആലപ്പുഴ: പാർലമെന്റ് തെരഞ്ഞെടുപ്പ് ചൂടേറവെ ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി ആരെന്നതിൽ സസ്പെൻസ് തുടരുന്നു. എൽ.ഡി.എഫിലെ എ.എം. ആരിഫ് പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമായി. തിങ്കളാഴ്ച കരുനാഗപ്പള്ളിയിൽനിന്ന് പ്രചാരണത്തിന് തുടക്കം കുറിച്ച ആരിഫ് ചൊവ്വാഴ്ച ഓച്ചിറ കേന്ദ്രീകരിച്ച് വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയ സ്ക്രീനിങ് കമ്മിറ്റി ബുധനാഴ്ച ഡൽഹിയിൽ ചേരുന്നുണ്ട്. അതോടെ ആലപ്പുഴയിൽ ആരെന്നതിന്റെ സൂചനയാകുമെന്നാണ് കരുതുന്നത്.
യു.ഡി.എഫിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാകുമെന്ന പ്രതീക്ഷയാണ് ജില്ല നേതൃത്വത്തിനുള്ളത്. കണ്ണൂരിൽ കെ. സുധാകരനും വയനാട്ടിൽ രാഹുൽ ഗാന്ധിയുമാണ് മത്സരിക്കുന്നതെങ്കിൽ ആലപ്പുഴയിൽ മുസ്ലിം വിഭാഗത്തിലുള്ള സ്ഥാനാർഥിയെ പരിഗണിക്കേണ്ടിവരും. അതാണ് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ആലപ്പുഴയിൽ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം സസ്പെൻസായി തുടരുന്നതിന്റെ കാരണം.
കോൺഗ്രസ് സ്ഥാനാർഥികളിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കിയ ശേഷമേ താൻ മത്സരിക്കുകയുള്ളൂവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സ്ഥാനാർഥിയാണ് വരുന്നതെങ്കിൽ എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളാണ് പറയപ്പെടുന്നത്. കെ.സി. വേണുഗോപാൽ മത്സരത്തിന് എത്തുമെന്ന അഭ്യൂഹം മണ്ഡലത്തിലെ യു.ഡി.എഫ് അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. മണ്ഡലം യു.ഡി.എഫിന് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് അവർ പങ്കിടുന്നത്.
എൻ.ഡി.എയുടെ സ്ഥാനാർഥി പ്രഖ്യാപനവും വരാത്തതിനാൽ അവരും മന്ദഗതിയിലാണ്. കഴിഞ്ഞ തവണ മത്സരിച്ച ഡോ. കെ.എസ്. രാധാകൃഷ്ണനാകും ഇത്തവണയും എൻ.ഡി.എക്ക് വേണ്ടി കളത്തിലിറങ്ങുകയെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി പ്രവർത്തകർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 മണ്ഡലങ്ങളും യു.ഡി.എഫ് തൂത്തുവാരിയപ്പോൾ ഉറച്ചുനിന്ന ചെങ്കോട്ടയാണ് ആലപ്പുഴ.
കഴിഞ്ഞതവണ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാനായിരുന്നു ആരിഫിനെ എതിർത്തത്. ആരിഫിനായി ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച എ.എം. ആരിഫ് ഓച്ചിറ മുതൽ കന്നേറ്റിവരെ റോഡ് ഷോ നടത്തി. വലിയ ആവേശത്തിലാണ് എൽ.ഡി.എഫ് അണികൾ ആരിഫിനെ വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.