കുട്ടികൾക്ക് ഇനി ഉല്ലസിക്കാം: ആലപ്പുഴ വിജയ് ബീച്ച് പാർക്കിൽ പുതിയ കളിയുപകരണങ്ങൾ
text_fieldsആലപ്പുഴ: വിനോദസഞ്ചാര വകുപ്പ് ആലപ്പുഴ വിജയ് ബീച്ച് പാർക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ഉല്ലസിക്കാൻ 10 പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കും.
കടപ്പുറത്തെ പാർക്കിൽ (അമ്യൂസ് വേൾഡ്) നശിച്ചതും ഉപയോഗശൂന്യവുമായ പഴയകളി ഉപകരണങ്ങൾ നീക്കിയാണ് പുതിയവ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിലെ നാല് കളിയുപകരണങ്ങൾ ബുധനാഴ്ച എത്തുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ലിജോ 'മാധ്യമ'ത്തോട് പറഞ്ഞു.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് പുതിയ കളിക്കോപ്പുകൾ വാങ്ങുന്നത്.
ഈമാസം അവസാനത്തോടെ മുഴുവൻ കളിയുപകരണങ്ങളും എത്തും. ഇതിനൊപ്പം പാർക്കിന്റെ അകത്തെ നീന്തൽകുളം അടക്കമുള്ള മറ്റ് സംവിധാനങ്ങളും നവീകരിക്കും. ഇതിനായി വിനോദസഞ്ചാര വകുപ്പ് പ്രത്യേക പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിൽ ബീച്ചും പാർക്കുമൊക്കെ ഏറെനാൾ അടഞ്ഞുകിടന്നതോടെയാണ് പലകളിക്കോപ്പുകളും ഉപയോഗശൂന്യമായത്. കുട്ടികൾക്ക് ഉല്ലാസം പകരുന്ന വിവിധങ്ങളായ കളിക്കോപ്പുകൾ, വ്യത്യസ്ത വലുപ്പത്തിലെ ഊഞ്ഞാലുകൾ, പെഡൽ ബോട്ടുകൾ തുടങ്ങിയ അടക്കമുള്ള സംവിധാനം നിലവിലുണ്ട്. ഇതിനു പുറമെയാണ് പുതിയ കളിയുപകരണങ്ങൾ കൂടിയെത്തുന്നത്.
പാർക്കിലെ കളിക്കോപ്പുകൾ നശിക്കുന്നതിൽ സോഷ്യൽമീഡിയയിൽ വ്യാപകവിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ഡി.ടി.പി.സി ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർക്കിലെ ഉപകരണങ്ങളുടെ പരിശോധന നടത്തിയശേഷമാണ് പുതിയത് വാങ്ങാൻ തീരുമാനിച്ചത്. ഇതിനൊപ്പം കാലപ്പഴക്കത്താൽ അപകടസാധ്യതയുള്ള കളിക്കോപ്പുകളിൽ കുട്ടികൾ കയറാതിരിക്കാൻ റിബൺകെട്ടി വേർതിരിച്ചിട്ടുണ്ട്. കോവിഡ് ഇളവിൽ ബീച്ചും പാർക്കും സജീവമായതോടെ തിരക്കും വർധിച്ചിട്ടുണ്ട്. ആലപ്പുഴ ബീച്ച് തദ്ദേശീയരടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പഴയപ്രതാപത്തിന്റെ ഓർമകൾ തിരയടിക്കുന്ന കടൽപാലം കടലെടുത്തെങ്കിലും ആലപ്പുഴ തുറമുഖത്തിന്റെ മുഖമുദ്രയായ നൂറ്റാണ്ടുകൾ പഴക്കമുള്ള ലൈറ്റ് ഹൗസ് പ്രധാന ആകർഷകമാണ്. ആലപ്പുഴ ബൈപാസ് തുറന്നതോടെ വാഹനയാത്രക്കാർക്കും കടലോരക്കാഴ്ച ആസ്വദിക്കാനാകും. ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി നാവികസേനയുടെ പഴയയുദ്ധക്കപ്പൽ (ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റ് (ഇൻഫാക്) ടി-81) കടൽത്തീരത്ത് പ്രത്യേക പ്ലാറ്റ് ഫോമിൽ നിലയുറപ്പിച്ചിട്ട് നാലുമാസമായി. കപ്പൽ കാണാനും ഒപ്പം ചേർത്ത് ഫോട്ടോയെടുക്കാനും ദിനംപ്രതി ആളുകൾ എത്തുന്നുണ്ടെങ്കിലും അകത്ത് കയറിക്കാണാനുള്ള അവസരം ഇനിയും കിട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.