'മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയായി';അനാരിഹ വീട്ടിൽനിന്നിറങ്ങുന്നത് മുട്ടൊപ്പം വെള്ളത്തിലേക്ക്
text_fieldsപൂച്ചാക്കൽ: നാലാംക്ലാസുകാരിക്ക് മുഖ്യമന്ത്രി നൽകിയ വാക്ക് നാലുവർഷം കടന്നുപോയിട്ടും പാലിക്കാൻ അധികൃതർക്കായിട്ടില്ല. പാണാവള്ളി പഞ്ചായത്ത് 18ാം വാർഡ് ഒടുക്കത്തറ നികർത്തിൽ അനാരിഹയാണ് വെള്ളക്കെട്ടിലായ വീട്ടിലേക്ക് വഴിയും വീഴാറായ വീടിന് പരിഹാരവും തേടി മുഖ്യമന്ത്രിയെ കണ്ടത്.
2018ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓടമ്പള്ളിയിലെത്തിയ മുഖ്യമന്ത്രിക്ക് തന്റെ വീടിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നേരിട്ടെത്തി അപേക്ഷ നൽകിയതാണ് അനാരിഹ. അന്ന് ഓടമ്പള്ളി ഗവ. യു.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയായിരുന്നു. സ്കൂളിന് സമീപം മുഖ്യമന്ത്രിയെത്തുന്ന വിവരം അറിഞ്ഞ് കൂട്ടുകാരിയുമൊത്ത് സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയുമായി എത്തുകയായിരുന്നു. കടമ്മനിട്ട രാമകൃഷ്ണന്റെ സാന്നിധ്യത്തിലാണ് അപേക്ഷ മുഖ്യമന്ത്രിക്ക് നൽകിയത്. ഉടൻ പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി കുറിപ്പെഴുതി ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായ പ്രമോദിന്റെയും സവിതയുടെയും മൂത്ത മകളാണ് അനാരിഹ. പാടശേഖരങ്ങൾക്ക് നടുവിലൂടെ 50 മീറ്ററിലധികം മുട്ടൊപ്പം വെള്ളത്തിലൂടെ വേണം അനാരിഹക്ക് ദിവസവും സ്കൂളിലെത്താൻ. വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. മഴയായാൽ കൂടുതൽ പരിതാപമാകും ഇവരുടെ അവസ്ഥ. വീടിന്റെ സമീപത്ത് ഒരുമീറ്ററിലധികം വെള്ളംപൊങ്ങും. രണ്ടുവയസ്സുള്ള അനൈഹ അനുജത്തിയാണ്.
മൂന്നുവർഷമായി കലക്ടറേറ്റ് മുതൽ പഞ്ചായത്ത് ഓഫിസ് വരെ കയറിയിറങ്ങുകയാണ് ഈ കുടുംബം. മുഖ്യമന്ത്രി കുറിപ്പെഴുതിയ ഉടനെ ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും അധികാരികൾ അന്വേഷണത്തിനെത്തിയെന്നല്ലാതെ നടപടിയൊന്നും ഉണ്ടായില്ല.
പട്ടികജാതി വികസന സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. ചുറ്റും കാടുപിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഭയന്നാണ് കുടുംബം ജീവിക്കുന്നത്. ചുറ്റും കൽകെട്ടിനായി 10 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ നടപടിയില്ല. കഴിഞ്ഞ പ്രളയത്തിൽ വെള്ളംകയറി വീടിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ദുരിതാശ്വാസമായിപ്പോലും ഒന്നും ലഭിച്ചില്ല. ദുർബലാവസ്ഥയിലാണ് വീടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.