കുടിവെള്ളത്തിനായി നെട്ടോട്ടം; കിണറുകളും കുളങ്ങളും വറ്റി
text_fieldsവള്ളികുന്നം തെക്കേമുറി ഭാഗത്തെ കല്ലട ജലസേചന പദ്ധതിയുടെ മാലിന്യം നിറഞ്ഞ സബ് കനാൽ
വള്ളികുന്നത്ത് കുടിവെള്ളക്ഷാമം
വള്ളികുന്നം: കിണറുകളും കുളങ്ങളും വറ്റിയതോടെ വള്ളികുന്നത്തിന്റെ കിഴക്കൻ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ജല അതോറ്റിയുടെ സംവിധാനങ്ങളിലൂടെ ആവശ്യമായ കുടിവെള്ളം എത്തിക്കാൻ കഴിയാത്തത് ജനങ്ങളെ വലക്കുന്നു. ഇതു കാരണം കുടിവെള്ള വിതരണ രംഗം സ്വകാര്യ വ്യക്തികൾ കൈയ്യടക്കുകയാണെന്ന പരാതിയും ഉയരുകയാണ്.
സമ്പൂർണ കുടിവെള്ള വിതരണം ലക്ഷ്യമിട്ട ജലജീവൻ മിഷന്റെ പദ്ധതി പാതി വഴിയിൽ നിലച്ച മട്ടാണ്. പടയണി വട്ടത്ത് ജല സംഭരണി സ്ഥാപിച്ചെങ്കിലും ഇവിടേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നടപടിയായിട്ടില്ല. രാമൻ ചിറ, കടുവിനാൽ ലക്ഷം വീട്, വള്ളികുന്നം ചിറ, പരിയാരത്തുകുളങ്ങര എന്നിവിടങ്ങളിലെ ചെറുകിട ജലവിതരണ സംവിധാനങ്ങളാണ് ജനങ്ങളുടെ ആശ്രയം. സംഭരണികളില്ലാതെ നേരിട്ട് പമ്പ് ചെയ്യുന്നതിന്റെ പ്രായോഗിക പരിമിതികൾ കാരണം ഉയർന്ന പ്രദേശങ്ങളിൽ ഇവിടെ നിന്നും വെള്ളം എത്തിക്കാൻ കഴിയുന്നില്ല.
പ്രധാന ജലസ്രോതസ്സും നോക്കുകുത്തി
പ്രധാന കുടിവെള്ള സ്രോതസായ രാമൻചിറയിലെ കുഴൽക്കിണറിൽനിന്നാണ് കിഴക്കൻ മേഖലയിൽ കുടിവെള്ളം എത്തിക്കുന്നത്. എന്നാൽ നേരിട്ട് പമ്പ് ചെയ്യുന്നതിനാൽ മേഖലയിലെ ഭൂരിഭാഗങ്ങളിലും വെള്ളം എത്താറില്ല. മോട്ടോർ സ്ഥിരമായി കേടാകുന്നതും പ്രശ്നമാണ്. ഇതിനിടെ ജലക്ഷാമം പരിഹരിക്കാൻ കല്ലട ജലസേചന പദ്ധതിയുടെ കനാൽ തുറന്നുവിട്ടെങ്കിലും പരിഹാരമായില്ല. ഭൂരിഭാഗം സബ് കനാലുകളിലും വെള്ളം എത്താതിരുന്നതാണ് പ്രശ്നമായത്. മാലിന്യങ്ങൾ അടിഞ്ഞ കനാലുകൾ വൃത്തിയാക്കുന്നതിൽ സംഭവിച്ച വീഴ്ചയും വെള്ളം എത്തുന്നതിന് തടസമായിട്ടുണ്ട്. ഇതോടൊപ്പം കാടും പടലും വളർന്നതും പ്രശ്നമായി. പള്ളിമുക്ക് ഭാഗത്തെ കനാലിൽ സ്ഥാപിച്ച ഇരുമ്പു വലയിൽ തട്ടി കുന്നു കൂടിയ മാലിന്യം മൺതിട്ടയായി മാറിയതും ഒഴുക്കിനെ ബാധിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലാണ് രണ്ട് വർഷം മുമ്പുവരെ കനാലുകൾ വൃത്തിയാക്കിയിരുന്നത്. ഇത് സാങ്കേതിക പ്രശ്നങ്ങളാൽ തടയപ്പെട്ടതോടെ ബദൽ സൗകര്യം ഒരുക്കുന്നതിൽ അലംഭാവം കാട്ടിയതാണ് പ്രശ്നം. കനാലുകളിൽ വെള്ളം എത്തിയാൽ കുളങ്ങളിലും കിണറുകളിലും ഉറവയെത്തി ജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും. ഈ സാധ്യതയെ ഉപയോഗപ്പെടുത്തുകയാണ് നിലവിലെ പരിഹാര മാർഗമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ ബദൽ പരിഹാരമായി റവന്യു വിഭാഗം സ്ഥാപിച്ച വാട്ടർ കിയോസ്കുകളും നോക്കുകുത്തികളായി മാറിയതും പ്രതിഷേധത്തിനിടയാക്കുന്നു.
തീരമേഖലയിൽ രൂക്ഷം
തുറവൂർ: പള്ളിത്തോട് തീരദേശ മേഖലയിൽ കുടിനീർ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ. ഒരു മാസത്തിലേറെയായി പള്ളിത്തോട് 1,16 വാർഡുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി കുടിവെള്ളം കിട്ടാത്ത സാഹചര്യമാണ് ഇപ്പോൾ ഇവിടെയുള്ളത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ കുടിവെള്ളം ഇപ്പോൾ വില കൊടുത്താണ് വാങ്ങുന്നത്.
പള്ളിത്തോട് തീരദേശ മേഖലകളിൽ കുടിവെള്ളത്തിനായി നിരത്തി വെച്ചിരിക്കുന്ന പാത്രങ്ങൾ
പലരും മലിനജലം ഉപയോഗിക്കുന്നതുമൂലം പല വിധ പകർച്ച രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ചാവടി മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെ മെയിൻ റോഡിനോട് ചേർന്ന് 10 ഇഞ്ച് പൈപ്പുകൾ പുനസ്ഥാപിക്കുക, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിലേക്ക് വെള്ളം സംഭരിച്ച് പമ്പ് ചെയ്യുന്നതിന് പള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ജലസംഭരണി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാർ ശാശ്വതപരിഹാരത്തിനായി നിർദേശിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.