വേനലവധി ആയതോടെ ആലപ്പുഴയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിനും തുടക്കമായി
text_fieldsപുന്നമട ഹൗസ്ബോട്ട് ടെർമിനലിൽ കായൽയാത്ര കഴിഞ്ഞ് വന്നിറങ്ങുന്നവർ
ആലപ്പുഴ: വേനലവധിക്കാലം ആഘോഷമാക്കാൻ ജില്ല ഒരുങ്ങുന്നു. ചെറിയ പെരുന്നാളും വിഷുവും ഈസ്റ്ററുമെല്ലാം ഒരുമിച്ചെത്തിയതാണ് ഇത്തവണ മധ്യവേനൽ അവധിക്കാലത്തിന്റെ പ്രത്യേകത. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ജില്ല മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതും ഈ അവധിക്കാലത്താണ്. അതിനാൽ വൃത്തിയും വെടിപ്പുമുള്ള സാഹചര്യമാണ് എവിടെയുമുള്ളത്.
ആലപ്പുഴ ബീച്ചിൽ സ്പീഡ് ബോട്ട് സർവിസും പരാഗ്ലൈഡിങ്ങും ആരംഭിച്ചുകഴിഞ്ഞു. ഇനി സർക്കാറിന്റെ വാർഷികാഘോഷം പ്രമാണിച്ച് ഒരാഴ്ച നീളുന്ന എന്റെ കേരളം പ്രദർശന വിപണനമേള മേയ് ആറ് മുതൽ ബീച്ചിൽ നടക്കും.
മേളയിൽ നൂറിലധികം സ്റ്റാളുകളുണ്ടാകും. കലാപരിപാടികളും ഉണ്ടാകും. കായിക ഇനങ്ങളിൽ സമ്മർ കോച്ചിങ് ക്ലാസുകൾ, നീന്തൽ പരിശീലനം തുടങ്ങിയവ ജില്ലയിൽ മിക്കയിടത്തും ആരംഭിച്ചു കഴിഞ്ഞു. അവധി ദിനങ്ങൾ ആഘോഷമാക്കാൻ ആലപ്പുഴയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. വടക്കൻ ജില്ലകളിൽനിന്നാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. മറ്റു സംസ്ഥാനത്തുനിന്നുള്ളവരും എത്തുന്നുണ്ട്. ഹൗസ് ബോട്ടുകളാണ് ഇവരുടെ ആകർഷണം. മിക്കവാറും ഹൗസ് ബോട്ടുകളെല്ലാം മുൻകൂർ ബുക്കിങ് നേടിക്കഴിഞ്ഞു.
വിനോദസഞ്ചാര യാത്രകളുമായി കെ.എസ്.ആർ.ടി.സി
ആലപ്പുഴ: വേനലവധി ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ (ബി.ടി.സി) ക്രമീകരിക്കുന്ന ടൂർ പാക്കേജുകൾക്ക് തുടക്കമായി. ജില്ലയിലെ ഏഴ് ഡിപ്പോകളിൽനിന്നും ഈമാസം 30 വരെ 123 യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നാർ, വയനാട്, വാഗമൺ, ഗവി എന്നിവിടങ്ങളാണ് പ്രധാന പോയന്റുകൾ. തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള ടൂർ പാക്കേജുകളുമുണ്ട്.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് ബസുകളാണ് യാത്രകൾക്കായി ഓടുക. ബി.ടി.സിയുടെ അഞ്ച് മണിക്കൂർ നെഫർറ്റി ആഡംബര കപ്പൽ യാത്രയും അവധിക്കാലത്തെ പ്രധാന ആകർഷണങ്ങളിലൊന്നാവും. ഊട്ടി, മൈസൂരു, ധനുഷ്കോടി, കൊടൈക്കനാൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ബസുകളുണ്ടാകും. ഇതിനായി കർണാടക, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനുകളുമായി ചർച്ച ആരംഭിച്ചു. ഐ.ആർ.ടി.സിയുമായി സഹകരിച്ച് ഓൾ ഇന്ത്യ ടൂർ പാക്കേജ് ഒരുക്കാനുള്ള നടപടികളും പുരോഗതിയിലാണ്. ഫോൺ: 98464758
ജലവാഹനങ്ങൾ രേഖകളില്ലാതെ സർവിസ് നടത്തരുത്
ആലപ്പുഴ: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവിസ് നടത്തരുതെന്ന് തുറമുഖ ഓഫിസർ അറിയിച്ചു. മധ്യവേനൽ അവധിയായതിനാൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ഹൗസ് ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ അടക്കമുള്ള എല്ലാ ജലവാഹനങ്ങളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, മറ്റ് രേഖകൾ എന്നിവ ഇല്ലാതെ സർവിസ് നടത്താൻ പാടില്ലെന്ന് തുറമുഖ ഓഫിസർ അറിയിച്ചു.
എല്ലാ സഞ്ചാരികളും ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടെന്നും ബോട്ടിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും വിനോദസഞ്ചാരികൾക്ക് കാണത്തക്ക രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോട്ടുടമയും ജീവനക്കാരും ഉറപ്പാക്കണമെന്നും രജിസ്റ്ററിങ് അതോറിറ്റി കൂടിയായ തുറമുഖ ഓഫിസർ അറിയിച്ചു.
സമ്മര്‍ കോച്ചിങ് ക്യാമ്പുകള്‍
ആലപ്പുഴ: ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സ്പോര്‍ട്സ് കൗണ്‍സിലില്‍ അംഗീകാരമുള്ള അസോസിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സമ്മര്‍ കോച്ചിങ് ക്യാമ്പുകള്‍ക്ക് തുടക്കമായി. മേയ് 25 വരെ ക്യാമ്പുകളുണ്ടാകും. വിവിധ ഇനങ്ങളില്‍ അംഗീകൃത കായിക അസോസിയേഷനുകളാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അഞ്ചിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സിലുമായോ അതത് അസോസിയേഷനുകളുമായോ ബന്ധപ്പെടണം. ആലപ്പുഴ രാജാ കേശവദാസ് നീന്തൽക്കുളത്തിലെ പരിശീലന പരിപാടിയില്‍ 16 വയസ്സിന് മുകളിലുള്ളവര്‍ക്കും പങ്കെടുക്കാം. ഫോൺ: 0477 2253090, 9400901432 (നീന്തൽക്കുളം 8304043090).
ഫുട്ബാൾ പരിശീലനം
മുഹമ്മ: കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഗ്രാമീണ ഫുട്ബാൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല ഫുട്ബാൾ പരിശീലനം കാവുങ്കൽ ദേവീക്ഷേത്ര മൈതാനിയിൽ ആരംഭിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം എസ്. ദീപു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അംഗം സുയമോൾ വിശിഷ്ടാതിഥിയായി. കുട്ടനാട് ബിൽഡേഴ്സ് സി.ഇ.ഒ ആന്റണി ജോസഫ് ജേഴ്സി പ്രകാശനം ചെയ്തു. കേരള ബീച്ച് ഫുട്ബാൾ ക്യാപ്റ്റൻ ലെനിൻ മിത്രൻ, ഗ്രാമീണ വായനശാല പ്രസിഡന്റ് കെ.എസ്. സുമേഷ്, ക്ലബ് ഭാരവാഹികളായ അനിൽകുമാർ കോതർകാട്, ഗിരീഷ് കൊല്ലംപറമ്പ്, എൻ.എസ്. സോജുമോൻ, എം.എം. ജോഷി. ദേവരാജൻ, കെ.ജി. സുജിത് എന്നിവർ സംസാരിച്ചു.
പാതിരാമണൽ ഇനി ഹരിത ടൂറിസ്റ്റ് കേന്ദ്രം
മുഹമ്മ: പാതിരാമണൽ ടൂറിസ്റ്റ് കേന്ദ്രം ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. കേരളം സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് പാതിരാമണൽ ദ്വീപിൽ ഹരിത കർമസേന അംഗങ്ങൾ ശുചീകരണം നടത്തി ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ പ്രഖ്യാപനം നടത്തി. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എൻ.ടി. റെജി, സ്ഥിരംസമിതി അധ്യക്ഷരായ സി.ഡി. വിശ്വനാഥൻ, നസീമ, പഞ്ചായത്ത് അംഗങ്ങളായ ഷെജിമോൾ സജീവ്, കുഞ്ഞുമോൾ ഷാനവാസ്, വിനോമ്മ രാജു, പഞ്ചായത്ത് അസി. സെക്രട്ടറി മേഘനാഥൻ, മുഹമ്മ ഹെൽത്ത് ഇൻസ്പെക്ടർ സനിൽ, വിഷ്ണു, ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ കോഓഡിനേറ്റർ കെ.എ. ആവണി തുടങ്ങിയവർ സംസാരിച്ചു.
ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം
ആലപ്പുഴ: അവധി ആഘോഷങ്ങൾക്കിടയിൽ ജലാശയങ്ങളിലും നദികളിലും വെള്ളക്കെട്ടുകളിലും കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണം. എല്ലാ മധ്യവേനലവധിക്കാലത്തും ജില്ലയിൽ കുട്ടികളുടെ മുങ്ങിമരണങ്ങളുണ്ടാകുന്നുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് പല്ലനയാറ്റിൽ രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായത്. ജലാശയങ്ങളിലിറങ്ങുന്ന കുട്ടികളും അവരെ രക്ഷിക്കാൻ മുൻകരുതലോ, അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് കൂടുതലായി മരണക്കയത്തിൽ അകപ്പെടുന്നത്. അവധിക്കാലത്ത് സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ല പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.