12,348 കിലോ ആട്ട റേഷൻകടകളിൽ കെട്ടിക്കിടന്ന് നശിച്ചു
text_fieldsആലപ്പുഴ: ഗോതമ്പ് കിട്ടാതെ റേഷൻകാർഡ് ഉടമകൾ ബുദ്ധിമുട്ടിയ സമയത്തുതന്നെ റേഷൻ കടകളിൽ ആട്ട കെട്ടിക്കിടന്ന് നശിച്ചു. ജില്ലയിൽ ഇത്തരത്തിൽ നശിച്ചത് 12,348 കിലോ ആട്ടയാണ്. കാലാവധി തീരാറായ സമയത്ത് വിതരണത്തിനെത്തിച്ചതും കാർഡുടമകൾ വാങ്ങാത്തതുമാണ് കാരണം. പാക്കറ്റിൽ നിറച്ച ആട്ടയുടെ ഉപയോഗ കാലാവധി രണ്ടുമാസമാണ്. എന്നാൽ, പലപ്പോഴും നിറച്ച് ഒരുമാസം കഴിയുമ്പോഴാണ് വിതരണത്തിനെത്തിക്കുന്നത്. ആമാസം തന്നെ വിറ്റുപോയില്ലെങ്കിൽ ഉപയോഗിക്കാനാകാത്ത സ്ഥിതിവരും. ഇത്തരത്തിൽ മോശമായ ആട്ടയാണ് ഏറെയും.
അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിലാണ് കൂടുതൽ നശിച്ചത്. അമ്പലപ്പുഴയിൽ 3705 കിലോയും ചെങ്ങന്നൂരിൽ 3502 കിലോയും മോശമായി. ചേർത്തല 2674 കാർത്തികപ്പള്ളി 1985 മാവേലിക്കര 466 കുട്ടനാട് 16 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. ഏറെക്കാലമായി കടകളിൽ മോശം ആട്ട ഇരിക്കുന്നതിനാൽ മറ്റു ധാന്യങ്ങൾ സംഭരിച്ചുവെക്കാനും ബുദ്ധിമുട്ടുണ്ടായതായി റേഷൻ കട ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
മോശം ആട്ട തിരിച്ചെടുത്ത് പകരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഒടുവിൽ ഇക്കഴിഞ്ഞ ദിവസമാണ് തിരിച്ചെടുക്കാൻ സർക്കാർ നിർദേശമുണ്ടായത്. ഇവ മിൽമക്ക് കാലിത്തീറ്റയുണ്ടാക്കാൻ നൽകാനാണ് തീരുമാനം. പൊതുവിഭാഗം നീല, വെള്ള കാർഡുകാരുടെ ആട്ടവിഹിതം നിർത്തിയതിന് പിന്നാലെ ദേശീയ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയിൽവരുന്ന മഞ്ഞ, പിങ്ക് കാർഡുകാരുടെ ആട്ടവിഹിതവും ഇല്ലാതാകുന്ന പ്രശ്നം മറ്റൊന്ന്. ഈമാസത്തെ വിതരണത്തിന് ഈ വിഭാഗങ്ങൾക്ക് ആട്ട ലഭിച്ചിട്ടില്ല. മുൻമാസം ബാക്കിയുണ്ടായിരുന്നത് ഉപയോഗിച്ചാണ് ഇത്രയും ദിവസം വിതരണം ചെയ്തത്. ഇത് തീർന്നതോടെ പലയിടത്തും വിതരണം മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.