ഷുക്കൂറിന്റെ കൈത്താങ്ങിൽ വയോധികക്കും മകൾക്കും പാർപ്പിടമൊരുങ്ങി
text_fieldsഅമ്പലപ്പുഴ: ജീവിതമാര്‍ഗമായ ഓട്ടോ നഷ്ടമായെങ്കിലും മറ്റൊരു കുടുംബത്തിന് തലചായ്ക്കാനിടം ഒരുക്കിയതിന്റെ സംതൃപ്തിയിലാണ് ഷുക്കൂര്‍. ഓട്ടോ ഡ്രൈവറായിരുന്ന കാക്കാഴം വൈ.എം.എ ഷുക്കൂറിന്റെ കൈത്താങ്ങിലാണ് ആരോരുമില്ലാത്ത വയോധികക്കും മകൾക്കും പാർപ്പിടമൊരുങ്ങിയത്. അയൽവീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ഫാത്തിമാ ബീവിക്കും മകൾ സീനക്കും വീട് നിർമിക്കാൻ മൂന്ന് സെന്റ് സ്ഥലം ഒമ്പത് മാസം മുമ്പ് ഷുക്കൂർ സൗജന്യമായി നൽകിയിരുന്നു.
കാൻസർ ബാധിതയായ മകളും മാതാവും വർഷങ്ങളായി ഇവിടെ വാടകക്കാണ് താമസിച്ചിരുന്നത്. ഇവരുടെ ചികിത്സ, ഭക്ഷണച്ചെലവുകൾ മറ്റും സുമനസ്സുകളുടെ സഹായത്താൽ ഷുക്കൂർ മുൻകൈയെടുത്താണ് ചെയ്യുന്നത്. തന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഈ കുടുംബത്തിന് വീട് നിർമിക്കാനായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകുന്ന രേഖകളും കൈമാറി. ഇതിന് ശേഷമാണ് പലരുടെയും സഹായം തേടി ഷുക്കൂറിന്റെ നേതൃത്വത്തിൽ വീട് നിർമാണത്തിന് തുടക്കമായത്. അതിനിടെ ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷ സി.സി മുടങ്ങിയതോടെ നഷ്ടപ്പെട്ടു. ഇപ്പോൾ സഹോദരനൊപ്പം തട്ടുകടയിൽ ജോലി ചെയ്തുവരുകയാണ്.
എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റും കുന്നുമ്മ മുസ്ലിം ജമാഅത്ത് ഖത്തീബുമായ സയ്യിദ് അബ്ദുല്ല തങ്ങൾ ദാരിമിയാണ് വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. നീർക്കുന്നം സ്വദേശി ബഷീർ ആദ്യ സംഭാവനയായി 10,000 രൂപ നൽകി. തുടർന്ന് പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ സഹായത്താൽ ഏകദേശം 11 ലക്ഷം രൂപ ചെലവിലാണ് ഈ വീട് യാഥാർഥ്യമാക്കിയത്. കാക്കാഴം മുസ്ലിം ജമാഅത്ത് ഇമാം കുഞ്ഞു മുഹമ്മദ് ബാഖഫി തങ്ങൾ പ്രാർഥന നടത്തി ഗൃഹപ്രവേശന കർമം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം യു.എം. കബീറും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.