തട്ടുകടയിലെ ബീഫ് ഫ്രൈ കഴിച്ച വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധന പ്രഹസനമാകുന്നു. തട്ടുകടയിൽനിന്ന് വാങ്ങിയ ബീഫ് ഫ്രൈ കഴിച്ച വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ. കട അടച്ച് ഉടമ മുങ്ങി. അമ്പലപ്പുഴ കോമന അഴിയകത്ത് വീട്ടിൽ ബാബുവിന്‍റ മകൻ അമലിനാണ് (18) ഭക്ഷ്യ വിഷബാധയേറ്റത്. അമ്പലപ്പുഴ ജങ്ഷന് തെക്ക് ഭാഗത്ത് ഫെഡറൽ ബാങ്ക് എ.ടി.എമ്മിന് സമീപത്തെ തട്ടുകടയിൽനിന്നാണ് ശനിയാഴ്ച ബീഫ് ഫ്രൈ വാങ്ങിയത്.
ഇതു കഴിച്ച അമൽ ബാബുവിന് ഞായറാഴ്ച പുലർച്ച മുതൽ വയറിളക്കം തുടങ്ങി. ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതാനിരിക്കെയാണ് അമലിന്‍റെ ആരോഗ്യനില മോശമായത്. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെൻററിൽ ചികിത്സ തേടി. വിവരമറിയിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തിയെങ്കിലും കട അടച്ചിട്ടിരിക്കുകയായിരുന്നു.
കടയുടമയെ ഫോൺ ചെയ്തപ്പോൾ സുഖമില്ലാതെ ആശുപത്രിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യവകുപ്പ് സൂചന നല്‍കിയതാണ് കട അടച്ചിട്ട് ഉടമ മുങ്ങാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ കടയിൽനിന്ന് ഭക്ഷണം കഴിച്ച പലർക്കും മുമ്പും ശാരീരിക അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ആരോഗ്യവിഭാഗത്തിനെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്.കോവിഡ് കാലത്ത് കൂട്ടത്തോടെ ടൂറിന് പോയത് വകുപ്പുതല അന്വക്ഷണത്തിന് വഴിയൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.