അമ്പലപ്പുഴയെ ഞെട്ടിച്ച് അപകടം: മൂന്നുപേർ സംഭവസ്ഥലത്ത് മരിച്ചു, രക്ഷാപ്രവർത്തകരായി അവർ ഇവിടെയുമെത്തി
text_fieldsഅമ്പലപ്പുഴ: പുലര്‍ച്ച നാടുവിറപ്പിച്ച ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ ഉണര്‍ന്നത്. കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായ സ്ഥലത്തേക്ക് പലരും ഓടിയെത്തിയെങ്കിലും പുകയും പൊടിയും തീയും പറക്കുന്നത് കണ്ടതോടെ അൽപമൊന്ന് ശങ്കിച്ചു. പിന്നെ കൂട്ടായ രക്ഷാപ്രവർത്തനം. അമ്പലപ്പുഴ പായല്‍കുളങ്ങര ക്ഷേത്രത്തിന് സമീപം ഉണ്ടായ ദുരന്തം അറിഞ്ഞായിരുന്നു ബുധനാഴ്ച രാവിലെ നാടുണർന്നത്. പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.
ചുറ്റും ചോര തളംകെട്ടി നിൽക്കുമ്പോൾ തകർന്ന കാറിൽ കുരുങ്ങി കിടന്നവരെ ഓടിക്കൂടിയവര്‍ വിറങ്ങലിച്ചാണ് പുറത്തെടുക്കാൻ ശ്രമിച്ചത്. ലോറിക്കടിയില്‍ കുടുങ്ങിയ കാറില്‍നിന്ന് ചെറിയ ഞരക്കം മാത്രമാണ് കേള്‍ക്കാനുണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടെങ്കിലും അതിനിടെ വിവരമറിഞ്ഞ് അമ്പലപ്പുഴ പൊലീസും തകഴിയില്‍നിന്ന് അഗ്നിരക്ഷാസേനയുമെത്തിയിരുന്നു. കാര്‍ വെട്ടിപ്പൊളിച്ച് ഓരോരുത്തരെയും പുറത്തെടുത്തെങ്കിലും ഒരു കുട്ടിയടക്കം മൂന്നുപേർക്ക് ജീവന് നഷ്ടമായിരുന്നു. ജീവന്റെ തുടിപ്പ് ശേഷിച്ച ഷൈനിയെയും എടുത്ത് യുവാക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞു. കാറില്‍ കുടുങ്ങിയ ഡ്രൈവറെ മണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഇവിടെയുമെത്തി ഉണ്ണികൃഷ്ണനും നന്ദുവും...
അമ്പലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴക്കും പുറക്കാടിനുമിടയില് അപകടം ഉണ്ടായാല്‍ ആദ്യം അറിഞ്ഞെത്തുന്നത് ഉണ്ണികൃഷ്ണനും നന്ദുവുമാണ്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ച് അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്ത് ബന്ധുക്കള്‍ എത്തുന്നതുവരെ ഇരുവരും കൂട്ടത്തിലുണ്ടാകും. ബുധനാഴ്ച പുലര്‍ച്ച ഉണ്ടായ അപകടം ആദ്യം അറിയുന്നതും ഓടിയെത്തുന്നതും നന്ദുവാണ്. കരൂര്‍ സ്വദേശിയായ നന്ദുവിന് അപകടം നടന്നതിന് തൊട്ടടുത്ത് വര്‍ക്ക് ഷോപ്പുണ്ട്.
ഇവിടെയാണ് നന്ദു കിടന്നുറങ്ങുന്നത്. അപകടശബ്ദം കേട്ട് കടതുറന്ന് പുറത്തിറങ്ങിയ നന്ദു ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടനെ കരൂരുള്ള ഉണ്ണികൃഷ്ണനെയും വിളിച്ചുവരുത്തി. അതിനിടെ മുന്‍ ജില്ല പഞ്ചായത്ത്അംഗം എ.ആര് കണ്ണനുമെത്തി. പിന്നാലെ മറ്റുള്ളവരും എത്തി. ഇവര്‍ ചേര്‍ന്നാണ് കാറിലകപ്പെട്ടവരെ പുറത്തെടുക്കാന്‍ ശ്രമം ആരംഭിച്ചത്. അതിനിടെ പൊലീസും അഗ്നിരക്ഷാസേനയുമെത്തി. പുറത്തെടുത്ത മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാനും പരിക്കേറ്റ ഷൈനിക്ക് ചികിത്സക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കാനും നന്ദുവും ഉണ്ണികൃഷ്ണനും ഒപ്പം നിന്നു. ബന്ധുക്കള്‍ എത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്. ഇവരുടെ ഇടപെടലാണ് ഷൈനിയുടെ ജീവന് നഷ്ടമാകാതിരിക്കാൻ തുണയായതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.