പുറക്കാട് ഗ്രാമത്തെ ഞെട്ടിച്ച് അപകടമരണം
text_fieldsഅമ്പലപ്പുഴ: അവധി ദിവസം പുറക്കാട് ഗ്രാമം ഉണര്‍ന്നത് ഞെട്ടിക്കുന്ന അപകടവിവരമറിഞ്ഞാണ്. മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം മൂന്നു േപരുടെ ദാരുണാന്ത്യത്തിലേക്ക് എത്തിക്കുമെന്ന് കരുതിയിരുന്നില്ല. പുറക്കാട് ഇല്ലിച്ചിറ റോഡില്‍ കളത്തിപ്പറമ്പില്‍ സൂനമ്മയുടെ ഏകമകന് സുദേവ് (43), ഭാര്യ വിനീത (36), ചെറുമകന് ആദി എസ്. ദേവ് (12) എന്നിവര്‍ക്കാണ് സൈക്കിള്‍ യാത്രികന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദാരുണാന്ത്യം സംഭവിച്ചത്.
ഞായറാഴ്ച അവധി ആയതിനാല്‍ ഗ്രാമം ഉണരുന്നത് പതിവിലും വൈകിയാണ്. പെട്ടെന്നൊരു ശബ്ദവും ദേശീയപാതയില്‍ പൊടിപടലവും ഉയരുന്നത് കണ്ട് ഗ്രാമവാസികള്‍ ഓടിക്കൂടി. ആദ്യമൊന്ന് പകച്ചെങ്കിലും ജീവന് പാതിനിലച്ചവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാര്‍. അതിനിടെ ലോറിക്കടിയിൽപെട്ട സുദേവിനെ പുറത്തെടുത്തപ്പോഴേക്കും ജീവന് നിലച്ചിരുന്നു.
സുദേവ് ഏത് കാര്യത്തിലും ‘യെസ്’
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്തുവരുകയായിരുന്നു സുദേവ്. ഓരോ ദിവസം മാറിനല്‍കുന്ന ജോലി എത്ര കഠിനമാണെങ്കിലും പറ്റില്ലെന്ന് പറയില്ല. അത് ഏറ്റെടുത്ത് എത്രയും വേഗം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിശ്രമം.
അതുകൊണ്ട് തന്നെ ജീവനക്കാരുടെ ഉറ്റ മിത്രമായിരുന്നു സുദേവ്. ആശുപത്രി പരിസരം വൃത്തിയാക്കുന്ന കാര്യത്തിലാണെങ്കിലും ഫോഗിങ്ങിലാണെങ്കിലും വിശ്വാസത്തോടെ സുദേവിനെയാണ് ജോലി ഏല്പിച്ചിരുന്നത്. സുദേവിനോടൊപ്പം ജോലി ചെയ്യുന്ന കാര്യത്തില്‍ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും താല്പര്യം ഏറെയായിരുന്നു.
മൂന്നു മാസം ഇടവിട്ടാണ് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്നത്. ബാക്കി ദിവസങ്ങളില്‍ പെയിന്റിങ് ജോലിക്കും മറ്റ് കൂലിപ്പണിക്കും പോയാണ് സുദേവ് കുടുംബം പുലര്‍ത്തിയിരുന്നത്. ഏത് തൊഴിൽ ചെയ്യാന്‍ ആരുവിളിച്ചാലും സുദേവ് ‘നോ’ എന്ന് പറയില്ല. ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് വേണ്ട സഹായം ചെയ്യുന്ന കാര്യത്തിലും സുദേവ് പിന്നോട്ടില്ല. പരിചരിക്കാന്‍ ആരും ഇല്ലാത്തവര്‍ക്ക് വേണ്ട സഹായം ചെയ്യാനും എപ്പോഴും ഒപ്പം ഉണ്ടായിരുന്നു. ജോലി സമയം കഴിഞ്ഞാല്‍ പരിചാരകരില്ലാതെ ആശുപത്രിയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ചു വിശേഷങ്ങള്‍ പങ്കുവെച്ചതിന് ശേഷമാണ് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.