കാൽനടക്കാർക്ക് തടസ്സമായി അപകടത്തിൽപെട്ട ഗുഡ്സ് ഓട്ടോ
text_fieldsഅമ്പലപ്പുഴ: അപകടത്തിൽ തകർന്ന ഗുഡ്സ് ഓട്ടോ കാൽനടക്കാർക്ക് തടസ്സമായി നടപ്പാതയിൽ കിടപ്പായിട്ട് ഒരു മാസം. പൊലീസ് ഉന്നതർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെട്ടിട്ടും വാഹനം നീക്കാൻ ഇനിയും നടപടി ആയിട്ടില്ല. ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ ജൂൺ അഞ്ചിനാണ് കുഴിയിൽവീണ് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞത്.
അപകടത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. കായംകുളം കരീലക്കുളങ്ങര കൊറ്റുകുളങ്ങര ചാങ്ങയിൽ വടക്കതിൽ ഹാഷിം(40), ഭാര്യ റസീന(36) എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി പത്തോടെ കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം പാലത്തിലെ കുഴിയിൽ വീണ് മറിയുകയായിരുന്നു.
പിന്നാലെയെത്തിയ പിക്അപ് വാൻ ഓട്ടോയിലിടിച്ചതോടെ വാഹനം പൂർണമായി തകർന്നു. അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്നാണ് ഓട്ടോ മേൽപാലത്തിലെ നടപ്പാതയിലേക്ക് മാറ്റിയത്. ഒരു മാസമായിട്ടും വാഹനം മാറ്റാൻ നടപടിയുണ്ടായിട്ടില്ല. കാൽനടക്കാരായ നിരവധി പേരാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. വാഹനം കിടക്കുന്നതുമൂലം കാൽനടക്കാർ പാലത്തിന്റെ അടിഭാഗത്തുകൂടി റെയിൽപാളം മുറിച്ചാണ് യാത്ര ചെയ്യുന്നത്. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കാനും ഇടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.