അപകടങ്ങള്‍ വിട്ടുപിരിയാതെ പുറക്കാട്; ദേശീയപാത കൈയടക്കി മത്സ്യക്കച്ചവടം
text_fieldsഅമ്പലപ്പുഴ: അപകടങ്ങള്‍ വിട്ടുപിരിയാതെ പുറക്കാട് ദേശീയപാതയോരം രക്തക്കളമാകുമ്പോഴും റോഡ് കൈയടക്കി മത്സ്യക്കച്ചവടം. പഞ്ചായത്തോ പൊലീസോ വേണ്ടനടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പുറക്കാട് ദേശീയപാതക്കിരുവശവുമാണ് അനധികൃത മത്സ്യക്കച്ചവടം വ്യാപകമായത്. കഴിഞ്ഞ ദിവസംകുടുംബത്തിലെ മൂന്നു പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകട സ്ഥലത്തിന് തൊട്ടരികിലും ദേശീയ പാതയോടു ചേർന്ന് നിരവധി മത്സ്യ വിൽപനക്കാരാണുള്ളത്. പഴയങ്ങാടി മുതൽ തെക്കോട്ട് പുറക്കാട് വരെ ദേശീയപാതക്കിരുവശവും നടക്കുന്ന അനധികൃത മത്സ്യ വിൽപന അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ പഞ്ചായത്ത്, പൊലീസ്, പൊതു മരാമത്ത് വകുപ്പ് എന്നിവയൊന്നും തയാറായിട്ടില്ല. ഇപ്പോൾ ദേശീയപാത നിർമാണം നടക്കുന്നതിനാൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കും അപകട സാധ്യതയുമാണുള്ളത്. എന്നിട്ടും ഇവ നീക്കാൻ അധികൃതർ തയാറായിട്ടില്ല. കാറുകളിലും ഇരു ചക്രവാഹനങ്ങളിലുമെത്തുന്നവർ മത്സ്യം വാങ്ങാൻ റോഡിൽ വാഹനങ്ങൾ നിർത്തുന്നത് വലിയ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമായിട്ടും അധികൃതർ കണ്ണടക്കുകയാണ്.
പുറക്കാട് ജങ്ഷന് കിഴക്കോട്ടുള്ള റോഡിലായിരുന്നു മത്സ്യക്കച്ചവടം നടന്നിരുന്നത്. ഇവിടെയാണ് പഴയ മാര്‍ക്കറ്റും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വാഹനയാത്രക്കാരുടെ കച്ചവടം പ്രതീക്ഷിച്ചാണ് തട്ടുകള്‍ ദേശീയപാതയോരം കൈയടക്കി തുടങ്ങിയത്. പിന്നീട് ദേശീയപാതയുടെ ഇരുവശങ്ങളും കച്ചവടക്കാര്‍ കേന്ദ്രീകരിക്കുകയായിരുന്നു. കടയും തട്ടുകളും നിറഞ്ഞതോടെ വാഹനയാത്രക്കാര്‍ക്ക് തടസമായിമാറി. ദേശീയപാതയുടെ വികസനപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലും മത്സ്യക്കച്ചവടം പാതയോരത്തുനിന്നും ഒഴിവാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.