എ.ഐ.ടി.യു.സി ആലപ്പുഴ ജില്ല സമ്മേളനത്തിൽ സർക്കാറിനെതിരെ കടുത്ത വിമർശനം: തൊഴിൽ രംഗം കലുഷിതം; ഉയർന്ന കൂലി സങ്കൽപമായി
text_fieldsഅമ്പലപ്പുഴ: എ.ഐ.ടി.യു.സി ജില്ല സമ്മേളനത്തിൽ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം. ജില്ല സെക്രട്ടറി ഡി.പി. മധു അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉയര്‍ത്തിപ്പിടിക്കുമ്പോഴും തൊഴില്‍രംഗം കലുഷിതമാണെന്ന് കുറ്റപ്പെടുത്തി.
മത്സ്യം, കയര്‍, കശുവണ്ടി, കള്ളുചെത്ത്, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലയെ നവീകരിക്കാനും സംരക്ഷിക്കാനും സര്‍ക്കാറിന് കഴിയുന്നില്ല. ഈതൊഴില്‍ മേഖലകള്‍ വിട്ട് ജോലി തേടിപ്പോകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.
ആറുമണിക്കൂര്‍ ജോലി, ആറുമണിക്കൂര്‍ വിശ്രമം, ആറുമണിക്കൂര്‍ വിനോദം, ആറുമണിക്കൂര്‍ വീട്ടുകാര്യം എന്ന എ.ഐ.ടി.യു.സിയുടെ ആവശ്യം അവഗണിക്കപ്പെടുക മാത്രമല്ല പത്തും പന്ത്രണ്ടും മണിക്കൂര്‍ തൊഴില്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് തൊഴില്‍ മേഖല മാറുന്നു.
അനുസരിക്കാത്തവര്‍ പുറന്തള്ളപ്പെടുന്നു. യന്ത്രവത്കരണവും കമ്പ്യൂട്ടര്‍വത്കരണവും സൃഷ്ടിക്കുന്ന പ്ലാറ്റ്ഫോം തൊഴിലുകള്‍ സാധാരണ തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി.
തൊഴിലാളി-തൊഴിലുടമ ബന്ധങ്ങളില്‍ വരുന്ന വിവരണാതീതമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കരുതലോടെ നേരിടണം. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഗതിവിഗതികള്‍ സസൂക്ഷ്മം പഠിക്കുകയും പരിഹാരം കണ്ടെത്തുകയും വേണം.
നിർമാണ-ചുമട് മേഖല സ്തംഭിച്ചു. കോര്‍പറേറ്റ് അജണ്ടകള്‍ക്ക് എതിരായ പോരാട്ടത്തിന് ശക്തികുറയുകയും കോര്‍പറേറ്റ് അനുകൂല നടപടികള്‍ വ്യാപകമാക്കുകയും ചെയ്യുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കരാര്‍ കാഷ്വല്‍ തൊഴില്‍ വ്യാപകമാകുന്നു.
ഉയര്‍ന്ന കൂലി എന്നത് സങ്കൽപം മാത്രമായി തീരുന്നു. തൊഴില്‍ നിയമങ്ങള്‍ വ്യാഖ്യാനിക്കുന്ന ഉന്നത നീതിപീഠങ്ങള്‍ തൊഴിലാളി അനുകൂല നിലപാടുകളില്‍നിന്ന് തൊഴിലുടമ ഭാഗത്തേക്ക് വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.