ഇടത് മേൽക്കോയ്മ; പ്രതീക്ഷ കൈവെടിയാതെ യു.ഡി.എഫ്
text_fieldsആലപ്പുഴ: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവ പോരാട്ടമായ പുന്നപ്ര-വയലാർ സമരങ്ങളുടെ വീരഭൂമിയായ പുന്നപ്രയെന്ന ചുമന്ന മണ്ണ് ഉൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലം, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും സീനിയർ നേതാവ് വി.എസ്. അച്യുതാനന്ദെൻറ ജയപരാജയങ്ങൾക്ക് വേദിയെന്ന നിലയിൽ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാണ്.
സി.പി.എമ്മിെൻറ തലമുതിർന്ന നേതാക്കളായിരുന്ന പി.കെ. ചന്ദ്രാനന്ദനെയും സുശീല ഗോപാലെനയും നിയമസഭയിലേക്ക് അയച്ചതും ഈ മണ്ഡലം തന്നെ. യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും രാഷ്ട്രീയ അടിത്തറ ഒരുപോലെ ശക്തമായ മണ്ഡലത്തെ കഴിഞ്ഞ മൂന്നു തവണയായി പ്രതിനിധീകരിക്കുന്നത് നിലവിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ്. വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലം എല്ലാ അർഥത്തിലും എൽ.ഡി.എഫിന് ഒപ്പമാണ്. മറ്റു സമുദായ വോട്ടുകളും നിർണായകമാണെങ്കിലും ധീവര വോട്ടുകളുടെ ഏകീകരണം സാധ്യമായ ഒന്നാണെന്നതിനാൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ യു.ഡി.എഫ് കൈവെടിയുന്നില്ല. മുസ്ലിംലീഗ് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കുറി കോൺഗ്രസ് തന്നെയായിരിക്കും മത്സരിക്കുക.
രൂപവത്കരണവേളയായ 1965ൽ വി.എസ്. അച്യുതാനന്ദനെ തള്ളി കോൺഗ്രസിനോടൊപ്പം നിന്ന മണ്ഡലത്തെ 67ലും 70ലും അദ്ദേഹം തിരിച്ചുപിടിച്ചു. എന്നാൽ, അടിയന്തരാവസ്ഥയുടെ നാളുകളിൽ 1977ൽ വീണ്ടും വി.എസിന് മണ്ഡലം നഷ്ടമായി. 80ൽ വീണ്ടും കരുത്തനായ പി.കെ. ചന്ദ്രാനന്ദൻ മണ്ഡലം തിരിച്ചുപിടിച്ചു. അന്ന് അദ്ദേഹം തോൽപിച്ച വി. ദിനകരൻ 82ലും 87ലും യഥാക്രമം ചന്ദ്രാനന്ദനെയും ജി. സുധാകരനെയും തോൽപിച്ചു. 1991ൽ അദ്ദേഹത്തിൽനിന്ന് തിരിച്ചുപിടിച്ച മണ്ഡലം സി.കെ. സദാശിവൻ 96ൽ സുശീല ഗോപാലനെ ഏൽപിച്ചു.
എന്നാൽ, വീണ്ടും മണ്ഡലത്തിൽ അങ്കത്തിനിറങ്ങിയ സദാശിവന് കോൺഗ്രസിലെ ഡി. സുഗതനോട് അടിയറവ് പറയേണ്ടിവന്നു. പിന്നീട് 2006ൽ സുഗതനെ പിടിച്ചുകെട്ടിയ ജി. സുധാകരൻ 2011ൽ എം. ലിജുവിനെ പരാജയപ്പെടുത്തി. 2016 ജി. സുധാകരനെ തറപറ്റിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയത് അന്ന് ഘടകകക്ഷിയായിരുന്ന ഐക്യ ജനതാദളിലെ യുവനേതാവ് ഷേക് പി.ഹാരിസിനെയായിരുന്നു.
പ്രവചനങ്ങൾ അസാധ്യമാണെന്ന് കണക്കുകൂട്ടിയ കടുത്ത മത്സരത്തിൽ 22621 വോട്ടുകൾക്കാണ് സുധാകരൻ മിന്നുന്ന വിജയം നേടിയത്. 40,448 വോട്ടുകളുമായി (30.34%) രണ്ടാമത് എത്തിയ ഷേക്കിന് േമൽ സുധാകരൻ നേടിയത് 63,069 വോട്ടുകളായിരുന്നു (47.32%). ലയനപ്രക്രിയയുടെ ഭാഗമായി ലോക്താന്ത്രിക് ജനതാദളായി മാറിയ പാർട്ടിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായ ഷേക് പി.ഹാരിസ് നിലവിൽ എൽ.ഡി.എഫിെൻറ ഭാഗമായെന്നത് രസകരമായ പിൽക്കാല രാഷ്ട്രീയ ചിത്രം.
പേരിലുള്ള അമ്പലപ്പുഴ പലപ്പോഴും ആലപ്പുഴ നിവാസികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുവാൻ പോന്നതാണ്. ആലപ്പുഴ പട്ടണത്തെ നേർ നടുവെ പിളർന്നുകൊണ്ടാണ് അമ്പലപ്പുഴ മണ്ഡലം സ്ഥിതി ചെയ്യുന്നതെന്ന വസ്തുത കൗതുകകരമാണ്.
52 വാർഡുകളുള്ള ആലപ്പുഴ നഗരസഭയിലെ 20 മുതൽ 44 വരെയുള്ള വാർഡുകൾ മണ്ഡലത്തിലാണ്. പുറമെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്, പുറക്കാട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും എൽ.ഡി.എഫാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷനുകളിലും പഞ്ചായത്തുകളിലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ജില്ല ആസ്ഥാനംവരെ ഉൾക്കൊള്ളുന്ന താലൂക്ക് കൂടിയാണ് അമ്പലപ്പുഴയെന്നതിനാൽ ആലപ്പുഴയെ സംബന്ധിച്ചിടത്തോളം ഭരണപരമായും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായുമൊക്കെ പൊക്കിൾക്കൊടി ബന്ധമുള്ള മണ്ഡലമായാണ് നിലകൊള്ളുന്നത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്
എൽ.ഡി.എഫ്-54333
യു.ഡി.എഫ്-38393
എൻ.ഡി.എ-25317
2019 ലോക്സഭ
അഡ്വ. എ.എം. ആരിഫ്
(സി.പി.എം)-445981
അഡ്വ. ഷാനിമോൾ ഉസ്മാൻ
(കോൺഗ്രസ്)-435496
ഡോ. കെ.എസ്. രാധാകൃഷ്ണൻ (ബി.ജെ.പി)-187729
ഭൂരിപക്ഷം-10474
2016 നിയമസഭ
ജി. സുധാകരൻ
(സി.പി.എം)-63,069
ഷേഖ് പി.ഹാരിസ്
(ജെ.ഡി.യു)-40,448
എൽ.പി. ജയചന്ദ്രൻ
(ബി.ജെ.പി)-22,730
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.