അമ്പലപ്പുഴയിലെ തീപിടിത്തം: 25 ലക്ഷം രൂപയുടെ നഷ്ടം
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴയിൽ തീപിടിത്തത്തിൽ അഞ്ച് കടമുറി കത്തി നശിച്ചു. 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച പുലർച്ചയാണ് കച്ചേരിമുക്കിന് തെക്കുകിഴക്കായി പ്രവർത്തിക്കുന്ന ബിജി ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. കുന്നുപറമ്പ് ചന്ദ്രന്റെ ചന്ദ്രാ ടെയ്ലേഴ്സ്, തോട്ടപ്പള്ളി ശ്രീമംഗലം രമേശിന്റെ അലൻ ബേക്കറി, കോമന പുതുപ്പറമ്പ് വിജയന്റെ വിനായക പൂജ സ്റ്റോഴ്സ്, റാണി നിവാസിൽ ഷാജിയുടെ കണ്ണൻ മെഡിക്കൽ സ്റ്റോർ എന്നിവയാണ് കത്തിനശിച്ചത്. ഒരു മണിക്കൂറോളം കത്തിയതായി അലൻ ബേക്കറിയുടമ രമേശൻ പറഞ്ഞു. തയ്യൽക്കടയിലാണ് ആദ്യം തീ കണ്ടത്. ഇവിടെനിന്ന് മേൽക്കൂര വഴി മറ്റ് കടകളിലേക്കും പടരുകയായിരുന്നു.
അഞ്ച് മുറിയിലായാണ് നാല് സ്ഥാപനവും പ്രവർത്തിച്ചിരുന്നത്. റഫ്രിജറേറ്ററുകൾ, ഇൻവെർട്ടറുകൾ, ഫാനുകൾ, ഷെൽഫ്, റാക്കുകൾ, ഏഴ് ആധുനിക തയ്യൽ മെഷീൻ തുടങ്ങിയവയടക്കം കടകളിലെ എല്ലാ സാധനങ്ങളും പൂർണമായി കത്തിനശിച്ചു.
ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂനിറ്റും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്. ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മുടങ്ങിയ വൈദ്യുതി അൽപസമയം കഴിഞ്ഞ് എത്തിയപ്പോൾ തീ പിടിക്കുകയായിരുന്നെന്നാണ് കെട്ടിട ഉടമ ബിജി പറഞ്ഞത്.
ആലപ്പുഴ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വാലന്റയിൻ, സീനിയർ ഓഫിസർമാരായ ജയസിംഹൻ, ഓമനക്കുട്ടൻ, കുഞ്ഞുമോൻ, സന്തോഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രാജേഷ്, കണ്ണൻ, സുധീർ, സാനീഷ് മോൻ, ശ്രീജിത്ത്, വിജയ്, ഷൈജു, സജേഷ്, മനോജ്, അനീഷ്, പ്രശാന്ത്, കെ.എസ്. ആന്റണി, അൻവിൻ, പി. മനോജ്, സജി, ശശികുമാർ, സന്തോഷ്, അരുൺ, ബിജുകുമാർ, ബൈജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാർ, സി.ഐ എസ്. ദ്വിജേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂനിറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.
അഗ്നിരക്ഷാസേനയിൽ തസ്തിക വെട്ടിക്കുറക്കുന്നു
അഗ്നിരക്ഷാസേന ആലപ്പുഴ യൂനിറ്റിൽ തസ്തികകൾ വെട്ടിക്കുറക്കുന്നു. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന 88 തസ്തികയില്‍നിന്ന് 37 എണ്ണമാണ് കുറയുന്നത്. ഇതോടെ ദുരന്തങ്ങൾ വഴിമാറ്റുന്നതിൽ സേനയുടെ വേഗം കുറഞ്ഞേക്കുമെന്നാണ് ആശങ്ക.
ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ (22), ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ (ഡ്രൈവർ10), സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ (5) എന്നിങ്ങനെ തസ്തികകളാണ് ഇല്ലാതാകുന്നത്. കൂടുതലുള്ളവരെ മറ്റ് യൂനിറ്റുകളിലേക്ക് മാറ്റാനാണ് നീക്കം. ജലാശയ അപകടങ്ങൾ തരണം ചെയ്യുന്ന സ്പെഷൽ ടീമായ സ്കൂബ വിദഗ്ധരും വെട്ടിക്കുറക്കുന്ന തസ്തികയിൽപെടും.
2018ലെ മഹാപ്രളയത്തിന് മുമ്പ് നിലവില്‍ വന്ന ഭരണപരിഷ്കാര കമീഷന്റെ നിർദേശപ്രകാരമാണ് തസ്തിക വെട്ടിക്കുറക്കൽ. എന്നാല്‍, അതിനുശേഷം ഉണ്ടായ ദുരന്തങ്ങളും അപകടങ്ങളും കണക്കിലെടുത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യം സര്‍ക്കാര്‍ ഒരുക്കിയതിന് ശേഷമാണ് ജീവനക്കാരെ വെട്ടിക്കുറക്കുന്നത്.
തീപിടിത്തം, ജലാശയ അപകടം, റോഡപകടം തുടങ്ങിയവ പൊതുവെ കൂടുതലാണ് ആലപ്പുഴയിൽ. കഴിഞ്ഞ രണ്ടുമാസത്തിനിടെ നൂറോളം അപകടങ്ങൾ അഗ്നിരക്ഷാസേന നിയന്ത്രിച്ചു. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മുന്നിൽ നിൽക്കുന്നതാണ് ആലപ്പുഴ ഫയർ ആൻഡ് റസ്ക്യൂ യൂനിറ്റ്. മറ്റ് ജില്ലകളിൽ ഉണ്ടാകുന്ന വലിയ അപകടങ്ങളിലും ആലപ്പുഴ ടീം പ്രവർത്തിച്ചിരുന്നു.
ഏറ്റവും കൂടുതൽ ദേശീയ പാത, തീരപ്രദേശം, ഉൾനാടൻ ജലാശയങ്ങൾ, ഹൗസ്ബോട്ടുകൾ, കയർ ഫാക്ടറികൾ, വിനോദ സഞ്ചാരമേഖല എന്നിവ ഉൾപ്പെടുന്നതാണ് ആലപ്പുഴ അഗ്നിരക്ഷാസേനയുടെ പരിധി. തീപിടിത്തങ്ങൾക്കും റോഡ് അപകടങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന 10 വാഹനങ്ങളും ജലാശയ അപകടങ്ങൾക്കു പോകുന്ന അഞ്ച് റസ്ക്യൂ ബോട്ടുകളും ഈ യൂനിറ്റിലുണ്ട്. ജീവനക്കാരില്ലാത്തതിന്റെ പേരില്‍ ഇവയുടെ ഉപയോഗം ഇനി എങ്ങനെയാകുമെന്നും കണ്ടറിയണം. ദുരന്തങ്ങള്‍ അറിഞ്ഞാല്‍ പറന്നെത്തിയിരുന്ന ഈ വാഹനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.