അമ്പലപ്പുഴ നാളെ മുതൽ ശരണം വിളികളാല് ഭക്തിസാന്ദ്രം
text_fieldsഅമ്പലപ്പുഴ: അയ്യപ്പന്റെ മാതൃസ്ഥാനമായ അമ്പലപ്പുഴ ദേശം വെള്ളിയാഴ്ച മുതൽ ശരണമുഖരിതമാകും. ശബരിമല തീർഥാടത്തിലെ രണ്ട് പ്രധാനയോഗങ്ങളായ അമ്പലപ്പുഴ, ആലങ്ങാട് യോഗങ്ങളുടെ ശബരിമല തീർഥാടനം സവിശേഷതകൾ നിറഞ്ഞതാണ്. അമ്പലപ്പുഴ പേട്ട സംഘത്തിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ ക്ഷേത്രം കേന്ദ്രീകരിച്ചാണ് അമ്പലപ്പുഴ യോഗത്തിന്റെ തീർഥാടന ഒരുക്കം നടക്കുന്നതെന്ന് സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി കെ. ചന്ദ്രകുമാർ, കൺവീനർ ആർ. മധു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വൃശ്ചികം ഒന്നുമുതൽ 51 ദിവസം അമ്പലപ്പുഴ ക്ഷേത്രം വടക്കേ ഊട്ടുപുരയിൽ ഉച്ചക്കും രാത്രിയും അന്നദാനം നടക്കും. ഗുരുസ്വാമിമാരുടെ കാർമികത്വത്തിൽ കെട്ടുനിറക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. ഇൻഫർമേഷൻ സെന്റർ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി യദുകൃഷ്ണൻ നമ്പൂതിരിയും അന്നദാനം അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷും ഉദ്ഘാടനം ചെയ്യും.
തീർഥാടന ചടങ്ങുകളുടെ പ്രധാന മുന്നൊരുക്കമായ ആഴി പൂജ 25ന് ആരംഭിക്കും. മുഹമ്മ ചീരപ്പൻ ചിറയിലാണ് ആദ്യ ആഴിപൂജ. 23 ആഴിപൂജകളാണ് ഈ വർഷം നടക്കുന്നത്.
മുന്നൊരുക്കം പൂർത്തിയാക്കി ജനുവരി ആറിന് കെട്ടുനിറച്ച് ഏഴിന് യാത്ര ആരംഭിക്കും. അന്ന് രാവിലെ ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ തെളിച്ച് പ്രത്യേക വഴിപാടുകളും നടത്തിയാണ് രഥഘോഷയാത്രയോടെ തീർഥാടനം ആരംഭിക്കുന്നത്. 10നാണ് പ്രസിദ്ധമായ മണിമലക്കാവ് ദേവീക്ഷേത്രത്തിലെ ആഴിപൂജ.
12നാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ. 14ന് പമ്പ സദ്യയും വിളക്കും നടത്തി സന്നിധാനത്തേക്ക് യാത്രയാകും. മകരവിളക്ക് ദിവസമായ 15ന് രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകവും അത്താഴപ്പൂജക്ക് മഹാനിവേദ്യവും രാത്രി കർപ്പൂരാഴി പൂജയും നടക്കും. 16ന് മാളികപ്പുറം മണിമണ്ഡപത്തിൽനിന്ന് പതിനെട്ടാംപടിയിലേക്ക് ശീവേലി എഴുന്നള്ളത്ത് നടത്തി തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിച്ച് തീർഥാടനത്തിന് സമാപനം കുറിച്ച് മലയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.