കുടിവെള്ളമില്ലാതെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്
text_fieldsഅമ്പലപ്പുഴ: ദിവസങ്ങളായി തുള്ളിവെള്ളം കിട്ടാതെ വലഞ്ഞ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കുറവന്തോട് ജങ്ഷന് പടിഞ്ഞാറ് ഭാഗത്തെ 15ഓളം വീട്ടുകാർ. എന്നാൽ, പൈപ്പ്പൊട്ടി വെള്ളം പാഴാകുന്ന കാഴ്ചയാണ് തെക്ക് പഞ്ചായത്തിൽ.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കാന നിര്‍മാണത്തിനായി കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടിയതാണ് വടക്ക് പഞ്ചായത്തിൽ വെള്ളം മുടങ്ങാൻ കാരണം. പലതവണ പഞ്ചായത്തിലും ജലഅതോറിറ്റിയിലും അറിയിച്ചെങ്കിലും നടപടിയായില്ല. പഞ്ചായത്ത് അംഗം പോലും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
എന്നാൽ, തൊട്ടടുത്ത തെക്ക് പഞ്ചായത്തില്‍ അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്ക് ഭാഗം ഡിവൈഡർ അവസാനിക്കുന്നതിന്റെ കിഴക്കു ഭാഗത്തായാണ് പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണുമാന്തി ഉപയോഗിച്ച് നടന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് പൈപ്പ് പൊട്ടിയത്. ഇതോടെ പ്രദേശമാകെ വെള്ളം കയറി. തൊട്ടടുത്ത ചെറുറോഡിലൂടെ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം സമീപത്തെ പുരയിടങ്ങളിലും കടകളുടെ മുന്നിലും ഒഴുകി കെട്ടിക്കിടക്കുകയാണ്.
വൻ തോതിൽ കുടിവെള്ളം പാഴാകുന്നത് വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും പരിഹാരമായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പലസ്ഥലത്തും നിർമാണത്തിനിടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.