നിരോധനം പ്രാബല്യത്തിൽ പരമ്പരാഗത മത്സ്യയാനങ്ങള്‍ ചാകരക്കോൾ പ്രതീക്ഷയില്‍
text_fieldsഅമ്പലപ്പുഴ: പുറംകടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകൾ അർധരാത്രിയോടെ തീരം അണഞ്ഞതോടെ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ.
അതേസമയം, മൺസൂണിലെ ചാകരക്കോൾ പ്രതീക്ഷയിലാണ് ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഇനിയുള്ള ദിവസങ്ങളിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യങ്ങള്‍ക്ക് മികച്ച വില ലഭിക്കുക. നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന കൂറ്റൻ ലെയ്ലൻഡ് വള്ളം മുതൽ ഒരാൾ മാത്രം കയറുന്ന പൊന്തുകൾ വരെ വിവിധ ഇനത്തിൽപെട്ട വള്ളങ്ങളാണ് ജില്ലയുടെ തീരത്തുനിന്ന് കടലിൽ ഇറക്കുന്നത്.
ജൂലൈ 31 വരെയാണ് നിരോധനം. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തിയിരുന്ന കൂറ്റൻ ബോട്ടുകൾക്കാണ് നിരോധനം. അതേസമയം, ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും നിരോധനം ബാധകമല്ല. ജില്ലയിൽ ചെറുതും വലുതുമായ 4000ഓളം വള്ളങ്ങളുണ്ടെന്നാണ് കണക്ക്. വള്ളങ്ങൾ കൂടാതെ ഒരാൾ കയറുന്ന നൂറുകണക്കിന് പൊന്തുകളുമുണ്ട്. ട്രോളിങ് നിരോധന കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ചാകര തെളിയുന്നത് പതിവാണ്.
കാലവർഷത്തിൽ കടൽ ഇളകി പിന്നീട് ശാന്തമാകുന്നതോടെ തീരത്തിനൊരു ഉത്സവമായാണ് ചാകര എത്തുന്നത്. അപ്രതീക്ഷിത ന്യൂനമർദവും തുടർന്നുള്ള കടൽക്ഷോഭവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകളുടെ നിറംകെടുത്തുന്നുണ്ട്. ചാകര പ്രതീക്ഷയോടെ വായ്പയെടുത്ത് വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയും വലകൾ പുതുക്കിനെയ്തും കാത്തിരുന്ന തൊഴിലാളികൾക്ക് കാലങ്ങളായി നിരാശ മാത്രമായിരുന്നു ബാക്കി.
ചാകര സീസണിലെ പ്രധാന ഇനമായ നാരൻ ചെമ്മീൻ, അയല, വലിയ മത്തി, കണവ തുടങ്ങിയവ സുലഭമായി ലഭിച്ചാൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമുള്ളൂ. കുറെ നാളുകളായി പ്രതീക്ഷക്കൊത്ത് ചെമ്മീൻ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ സീസണിലും തുച്ഛമായ ദിവസങ്ങളിൽ മാത്രമാണ് പരമ്പരാഗത വള്ളങ്ങൾക്കു മത്സ്യബന്ധനം നടത്താനായത്. ഇതിൽ ഏതാനും വള്ളങ്ങൾക്കു മാത്രമാണ് മത്സ്യക്കൊയ്ത്ത് ലഭിച്ചത്. അടിക്കടിയുണ്ടായ ഇന്ധന വിലക്കയറ്റവും മത്സ്യബന്ധന മേഖലയുടെ നട്ടെല്ലൊടിച്ചു. തോട്ടപ്പള്ളി, കരൂർ, വളഞ്ഞവഴി കുപ്പിമുക്ക്, പുന്നപ്ര ചള്ളി, പറവൂർ ഗലീലിയ എന്നിവിടങ്ങളാണ് വള്ളങ്ങൾ അടുക്കുന്ന പ്രധാന ചന്തക്കടവുകൾ. ചാകര പ്രതീക്ഷയോടെ വിവിധ ചന്തക്കടവുകളിൽ പെട്ടിക്കടകളും ചായക്കടകളും പൊങ്ങിത്തുടങ്ങി. വള്ളക്കാർക്ക് ഭക്ഷണം ഒരുക്കാൻ തീരത്തെ വീടുകളും തയാറെടുപ്പിലാണ്.
ട്രോളിങ്
മത്സ്യസമ്പത്ത് വർധിപ്പിക്കാനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധന നടപ്പാക്കാനും വേണ്ടി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയതാണ് ട്രോളിങ് നിരോധനം. 1988ലാണ് സർക്കാർ ഈ നിരോധനം ഇന്ത്യയിൽ നടപ്പാക്കിയത്. ആദ്യം കൊല്ലം തീരത്താണ് നിരോധനം പ്രാബല്യത്തിൽ വരുത്തിയത്. തുടർന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തിൽനിന്ന് ഒഴിവാക്കുന്ന കേരള വർഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ൽ നിലവിൽവന്നു. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനന സമയമായ മൺസൂൺ കാലത്താണ് ഈ നിരോധനം ഏർപ്പെടുത്തുക. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി ഉണ്ടാകും. ഈ സമയത്ത് ട്രോളിങ് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി വലയിൽ കുടുങ്ങും. ഇത് മത്സ്യസമ്പത്ത് കുറക്കും.
പീലിങ് മേഖല വറുതിയില്‍
ട്രോളിങ് നിരോധന കാലയളവിൽ ചെമ്മീൻ പീലിങ് മേഖല സ്തംഭിക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ പീലിങ് ഷെഡുകളും മത്സ്യ സംസ്കരണ ശാലകളും പ്രവർത്തിക്കുന്നത് അരൂർ, ചന്തിരൂർ, അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലാണ്. നൂറുകണക്കിന് ചെമ്മീൻ ഷെഡുകളും പ്രവർത്തിക്കുന്നുണ്ട്. കൊല്ലം നീണ്ടകര, വിഴിഞ്ഞം, തോപ്പുംപടി തുടങ്ങി ബോട്ടുകൾ അടുക്കുന്ന ഹാർബറുകളിൽനിന്നാണ് പീലിങ് കേന്ദ്രങ്ങളിൽ ചെമ്മീൻ എത്തുന്നത്.
ആയിരക്കണക്കിന് കുടുംബങ്ങളാണ് ചെമ്മീൻ കിള്ളി ഉപജീവനം നടത്തുന്നത്. ട്രോളിങ് നിരോധന കാലയളവ് ഇവർക്ക് വറുതിയുടെ ദിനങ്ങളായിരിക്കും സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.