ആരിഫ് നിറക്കുന്നത് കാണിക്കവഞ്ചിയല്ല; വിശന്നൊട്ടിയ വയറുകൾ
text_fieldsഅമ്പലപ്പുഴ: ഇവര്‍ സ്നേഹവീടിന്റെ തണലില്‍ സന്തുഷ്ടരാണ്. ആഹാരവും ഭക്ഷണവും മാത്രമല്ല ആരിഫ് അടൂര്‍ എന്ന യുവാവ് ഒരുക്കിയിട്ടുള്ളത്. ബന്ധുക്കളുടെയും സഹോദരങ്ങളുടെയും മക്കളുടെയും സാന്ത്വനത്തിന്റെ തലോടലും കൊച്ചുമക്കളുടെ കളിചിരിയും സ്നേഹവീട്ടില്‍ ഇവര്‍ക്കൊപ്പമുണ്ട്.
അമ്പലപ്പുഴ പായല്‍ക്കുളങ്ങര കിഴക്ക് പ്ലാക്കുടി-പുത്തൂര്‍ ലെയ്നില്‍ കോമനയിലാണ് സ്നേഹവീടെന്ന കാരുണ്യനിലയം പ്രവര്‍ത്തിക്കുന്നത്. ഉറ്റവർ ഉപേക്ഷിച്ച് തെരുവോരങ്ങളിലും ഏകാന്ത തടവുകളിലും പെട്ട വയോധികര്‍ ഇവിടെ സന്തോഷത്തോടെയാണ് കഴിയുന്നത്. നിറക്കേണ്ടത് കാണിക്കവഞ്ചികളല്ല, വിശന്നൊട്ടിയ വയറുകളാണെന്ന കാരുണ്യപാതയിലൂടെയാണ് ആരിഫിന്റെ യാത്ര.
അടൂര്‍ നഗരസഭ 20 ാം വാര്‍ഡില്‍ കണ്ണങ്കോട് സെയ്ത് മന്‍സിലില്‍ എം.എസ്. അലാവുദ്ദീന്‍- മുനീറത്ത് ദമ്പതികളുടെ മകന് മുഹമ്മദ് ആരീഫിന്റെ (ആരിഫ് അടൂര്‍) നേതൃത്വത്തിലുള്ള സ്നേഹസ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്നേഹവീട് പ്രവര്‍ത്തിക്കുന്നത്.
ആരിഫ് കുട്ടിക്കാലം മുതല്‍ സഹജീവികളോട് കരുണകാട്ടിയിരുന്നു. പ്ലസ് ടുവിലെത്തിയപ്പോഴേക്കും അവശരായവരെയും സഹപാഠികളായിരുന്ന ചിലരുടെ ഉപരിപഠനത്തിനും സഹായം ചെയ്തിരുന്നു. ഇതിനെല്ലാം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്തുണയും ഉണ്ടായി. നഴ്സിങ് പഠനത്തിന് ഇത്തരത്തില്‍ 17ഓളം പേര്‍ക്കാണ് സഹായം ലഭിച്ചത്.
ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് ആശ്രിതരില്ലാതെ വഴിയോരങ്ങളിലും കടത്തിണ്ണകളിലും അവശത അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്നേഹവീടിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയോടടുത്ത് അമ്പലപ്പുഴയില്‍ വയോധികര്‍ക്ക് തണലായി സ്നേഹക്കൂടാരം ഒരുക്കുന്നത്.
കൊച്ചിയില്‍ ലാൻഡ് ആൻഡ് ട്രെഡിങ് കമ്പനിയിലെ ഇന്സ്പെക്ഷന് മേധാവിയാണ് ആരിഫ്. അവിവാഹിതനായ ഇദ്ദേഹത്തിന്റെ വരുമാനത്തില്‍ പകുതിയിലേറെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നു. സ്നേഹവീട്ടില്‍ 20ഓളം വയോധികരാണുള്ളത്. ഇവരുടെ ഭക്ഷണം, വസ്ത്രം, ചികിത്സ ചെലവുകള്‍ എന്നിവ കൂടാതെ താമസിക്കാനുള്ള കെട്ടിടത്തിന് മാസം വാടകയിനത്തില്‍ 15,000 രൂപ നല്‍കണം.
കൂടാതെ വൈദ്യുതി ചാര്‍ജ്ജും ഇവയെല്ലാം ആരിഫിന്റെ വരുമാനത്തില്‍നിന്ന് മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ട്രസ്റ്റി അംഗങ്ങളുടെ സഹായവും ഇവര്‍ക്കൊരു കൈത്താങ്ങാണ്. കൂടാതെ ആരിഫിന്റെ പ്രവൃത്തികള്‍ അറിഞ്ഞ് സുഹൃത്തുക്കളായ ചിലരും സഹായിക്കാറുണ്ട്.
അംഗപരിമിതരായ അര്‍ഹരായ വിധവകള്‍ക്ക് മാസം തോറും 1000 രൂപ വീതം പെന്‍ഷനായി നല്‍കിവരുന്നുണ്ട്. എട്ട് വിധവകള്‍ക്ക് എട്ട് വര്‍ഷമായി ഈ സേവനം ലഭിക്കുന്നു. സ്നേഹവീട് വൃത്തിയാക്കുന്നതും ഭക്ഷണം ഒരുക്കുന്നതും ഇവിടെ ഉള്ളവരുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനും മൂന്ന് പേരുണ്ട്.
സേവനമനോഭാവത്തോടെയാണ് ഇവര്‍ അഗതികളോടൊപ്പമെങ്കിലും ചെറിയൊരു തുക വരുമാനമായി നല്‍കുന്നുണ്ട്. ആരിഫിന് കൈത്താങ്ങായി ചില സംഘടനകള്‍ സ്നേഹവീട്ടില്‍ എത്താറുണ്ട്. ചമ്പക്കുളം കൂട്ടായ്മ മാസംതോറും 5000 രൂപ വീതം നല്‍കിയിരുന്നു. ഇപ്പോള്‍ അത് പകുതിയായി കുറച്ചു. കൂടാതെ ആൾട്ടേൻ ഹൈം എന്ന ഫേസ്ബുക്ക് കൂട്ടായ്മയും സ്നേഹവീടിനെ സഹായിക്കുന്നുണ്ട്.
കിടക്കയും ഫാനും മറ്റും നല്‍കിയത് ഈ കൂട്ടായ്മയാണ്. സ്വന്തമായി ഒരു കെട്ടിടമില്ലെന്ന പരിഭവം മാത്രമാണ് ഇവിടുത്തെ അഗതികള്ക്കുള്ളത്. അതിനായി കാരുണ്യമതികളുടെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ് അന്തേവാസികള്‍. www.snehaveedu.com വെബ്സൈറ്റിലൂടെ സ്നേഹവീടിനെ കുറിച്ച് അറിയാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.