പഞ്ചായത്ത് അംഗത്തെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
text_fieldsഅമ്പലപ്പുഴ: പുറമ്പോക്ക് ഭൂമി വൃത്തിയാക്കുന്ന ആവശ്യത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം എത്തിയ പഞ്ചായത്ത് അംഗത്തെ സമീപവാസി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. അമ്പലപ്പുഴ തെക്ക് 12-ാം വാർഡ് അംഗം മനോജ് കുമാറിനെയാണ് പുറമ്പോക്ക് ഭൂമിയോട് ചേര്‍ന്ന് താമസിക്കുന്നയാളും മകനും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മനോജ് കുമാര്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്കി. കുടുംബശ്രീ അംഗങ്ങളില്‍പ്പെട്ട ചിലരുടെ വീട്ടിലേക്കുള്ള വഴികൂടിയാണിത്. മൂന്നര മീറ്ററോളം വീതിയിലും 30 മീറ്ററോളം നീളത്തിലുമായിരുന്ന പുറമ്പോക്ക് ഭൂമി വര്‍ഷങ്ങളായി പ്രദേശവാസികള്‍ വഴിയായി ഉപയോഗിച്ച് വരുകയായിരുന്നു. സമീപവാസി പുറമ്പോക്ക് ഭൂമിയുടെ ഭാഗം കൈയേറിയതോടെ വഴി ഒരുമീറ്ററായി കുറഞ്ഞു. ഇത് സംബന്ധിച്ച് പഞ്ചായത്തും കൈയേറ്റക്കാരും തമ്മിലുള്ള നിയമനടപടികള്‍ തുടര്‍ന്ന് വരുകയാണ്.
നിലവിലുള്ള വഴി കാടുപിടിച്ച് കിടക്കുന്നതിനാല്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി നല്‍കണമെന്ന കുടുംബശ്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പഞ്ചായത്ത് അംഗം ഇവരോടൊപ്പം സ്ഥലത്തെത്തിയത്. ഈ സമയം മകനോടൊപ്പം സമീപവാസി കൈയില്‍ കരുതിയിരുന്ന ഇരുമ്പ് പൈപ്പില്‍ ഘടിപ്പിച്ച ചവര്‍ ഇരണ്ടിയുമായി അസഭ്യം വിളിച്ച് തലക്കടിക്കാൻ ശ്രമിക്കുകയായിരുന്നു. മനോജ് ഒഴിഞ്ഞ് മാറിയതോടെയാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഒഴിഞ്ഞ് മാറുന്നതിനിടെ നിലത്തുവീണ മനോജിനെ കുടുംബശ്രീ പ്രവര്‍ത്തകരും മറ്റുചിലരും ചേര്‍ന്ന് സമീപത്തെ മറ്റൊരു വീട്ടിലെത്തിച്ചു. ഇയാൾ മുമ്പും അക്രമ കേസില്‍ പ്രതിയാണ്. പട്ടികജാതിയില്‍പ്പെട്ട ഗൃഹനാഥനെ അക്രമിച്ച കേസില്‍ ജാമ്യത്തിലിരിക്കെയാണ് പഞ്ചായത്ത് അംഗത്തെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് മാനസികമായി തകര്‍ക്കുന്ന ഭാഷകള്‍ ഉപയോഗിച്ച് ഇയാൾ തന്നെ അപകീര്‍ത്തിപ്പെടുത്തിയതായും മനോജ് അമ്പലപ്പുഴ സി.ഐക്ക് നല്കിയ പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.