ബൈക്ക് ലോറിയിലിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവം; അപകട കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ
text_fieldsഅമ്പലപ്പുഴ: പുറക്കാട്ട് മാതാപിതാക്കളുടെയും മകന്റെയും ദാരുണ മരണത്തിന് ഇടയാക്കിയതില്‍ ദേശീയ പാത വികസന അതോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം. റോഡ് നിർമാണത്തിനിടെ കുഴിയെടുത്ത മണ്ണ് റോഡിൽനിന്ന് നീക്കാതിരുന്നതു മൂലം ബൈക്ക് റോഡിൽ നിന്ന് ഒതുക്കാൻ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.
ഞായറാഴ്ച രാവിലെ ക്ഷേത്രദർശനത്തിന് ബൈക്കിൽ പോയ പുറക്കാട് പുന്തല ഇല്ലിച്ചിറ റോഡില്‍ കളത്തിപ്പറമ്പ് സുദേവ് (43), ഭാര്യ വിനീത (36), മകന് ആദി എസ്. ദേവ് (12)എന്നിവരാണ് മരിച്ചത്. മാതാവ് വിനീതക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഏതാനും ആഴ്ച മുമ്പ് ദേശീയ പാതക്കരികിൽ നിർമാണത്തിനെടുത്ത മണ്ണ് നീക്കം ചെയ്യാതെ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്.
വാഹനം മറികടന്നെത്തിയാൽ ഒതുക്കാൻ കഴിയാതെ വരും. ദുരന്തത്തിന് കാരണമായത് റോഡരികിൽ കൂട്ടിയിട്ട മണ്ണാണ്. അപകടത്തിൽപെട്ട ബൈക്കും സൈക്കിളും മണൽക്കൂനക്ക് മുകളിലാണ് കിടക്കുന്നത്. മണ്ണ് അടിയന്തരമായി നീക്കം ചെയ്ത് ദുരന്തം ആവർത്തിക്കാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരത്തിൽ പലയിടത്തും റോഡ്, കാന നിർമാണങ്ങൾക്കായെടുത്ത മണ്ണ് നീക്കം ചെയ്യാതെയിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.