ബൈക്ക് ലോറിയിൽ ഇടിച്ച് ദമ്പതികളും മകനും മരിച്ച സംഭവം; കണ്ണീരടങ്ങാതെ നാട്
text_fieldsഅമ്പലപ്പുഴ: വീട്ടുമുറ്റത്ത് ആദി എസ്. ദേവിന്റെയും മാതാപിതാക്കളുടെയും ചേതനയറ്റ ശരീരങ്ങൾ ഒരുമിച്ചു കിടത്തിയപ്പോൾ കണ്ണീർ തൂവാത്തവരായി ആരുമുണ്ടായിരുന്നില്ല. മങ്കൊമ്പ് ക്ഷേത്രദർശനത്തിന് ബൈക്കിൽ പോകവെ പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസിന് സമീപമായിരുന്നു സംഭവം.
സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം . ദാരുണാന്ത്യം സംഭവിച്ച പുറക്കാട് പുന്തല കളത്തിപ്പറമ്പ് വീട്ടിൽ സുദേവ് (43), ഭാര്യ വിനീത (36), മകൻ ആദി എസ്. ദേവ് (14) എന്നിവരുടെ സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടന്നപ്പോൾ ഒരുനാട് മുഴുവൻ തേങ്ങി.
പോസ്റ്റുമോർട്ടത്തിനുശേഷം മൂവരുടെയും മൃതദേഹങ്ങള്‍ മൂന്ന് ആംബുലൻസിലായി വീട്ടിലെത്തിച്ചു. നാട്ടുകാരും ബന്ധുക്കളും ആദി ദേവിന്റെ സഹപാഠികളും അധ്യാപകരുമടക്കം ആയിരങ്ങളാണ് ഒരുനോക്കു കാണാനെത്തിയത്. സുദേവന്റെ മാതൃസഹോദരിയുടെ കൊച്ചുമക്കളായ അഭിനവ്, മകന് ശ്യാംകുമാർ, വിനീതയുടെ സഹോദരൻ വിനീഷിന്റെ മകൻ ദേവൻ എന്നിവരാണ് കർമങ്ങൾ ചെയ്തത്.
മന്ത്രി സജി ചെറിയാൻ, എച്ച്. സലാം എം.എൽ.എ, സ്ഥാനാർഥികളായ ശോഭ സുരേന്ദ്രൻ, എ.എം. ആരീഫ്, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാഗേഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ പ്രസിഡന്റ് പി. ഹരിദാസ്, സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ ,ഡയറക്ടർ ബോർഡ് അംഗം പി.വി. സാനു, കൗൺസിൽ അംഗങ്ങളായ കെ. ഭാസി, കെ.പി. ബൈജു തുടങ്ങി ഒട്ടനവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
സങ്കടക്കടലായി ആശുപത്രി
സഹപ്രവര്‍ത്തകന്റെയും കുടുംബത്തിന്റെയും ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആശുപത്രി വളപ്പ് സങ്കടക്കടലായി മാറി. ആലപ്പുഴ മെഡിക്കല്‍ കോളജിൽ ദിവസവേതനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു സുദേവ്. ഏര്‍പ്പെടുത്തുന്ന ഏത് ജോലിയും ചെയ്തുതീര്‍ക്കുന്ന സുദേവിനെ ജീവനക്കാര്‍ക്ക് മാത്രമല്ല സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയനായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചക്ക് 12ഓടെയാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്.
സഹപ്രവര്‍ത്തകന്റെ മൃതദേഹം എത്തിയപ്പോഴേക്കും പരിസരം കൂട്ടക്കരച്ചിലില്‍ മുങ്ങി. ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായ പ്രിയസുഹൃത്തിനെ ഒരു നോക്കുകാണാന്‍ സഹപ്രവര്‍ത്തകര്‍ തടിച്ചുകൂടി. പലരും വിങ്ങിപ്പൊട്ടി. എച്ച്. സലാം എം.എല്‍.എ, ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാം, മുന്‍ ആര്.എം.ഒ ഡോ. ഹരികുമാര്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
കടലോളം ഇരമ്പി സൂനമ്മയുടെ തേങ്ങല്‍
ഏക മകന്റെയും ഭാര്യയുടെയും കൊച്ചുമകന്റെയും ചേതനയറ്റ ശരീരത്തിനു മുന്നിൽ നെഞ്ചുപൊട്ടിക്കരഞ്ഞ സൂനമ്മ ആനന്ദേശ്വരം ഗ്രാമത്തിന്റെ നീറുന്ന വിങ്ങലായി മാറി. ഈ അമ്മയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും വാക്കുകളില്ലായിരുന്നു. മരണവീട്ടിൽ മിഴികൾ തോരാമഴയായ് പെയ്തിറങ്ങി.
കൊച്ചുമകന്റെ കൈപിടിച്ച് പിച്ചവെപ്പിച്ച മണ്ണില്‍ ചേതനയറ്റ മൃതദേഹം വെച്ചപ്പോള്‍ സൂനമ്മയുടെ തേങ്ങല്‍ കടലോളം ഇരമ്പി. സൂനമ്മയുടെ അടങ്ങാത്ത അലമുറയില്‍ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.